"അനുയോജ്യമായ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറുകൾ ലഭ്യമല്ലെങ്കിൽ ചികിത്സ നല്കാതിരിക്കാം". നഴ്സുമാർക്ക് റോയൽ കോളജ് ഓഫ് നഴ്സിംഗിൻ്റെ നിർദ്ദേശം.
എൻഎച്ച്എസ് ഫ്രണ്ട് ലൈനിൽ ജോലി ചെയ്യുന്നവർക്ക് കോവിഡ് 19 രോഗികളെ ചികിത്സിക്കുമ്പോൾ ആവശ്യമായ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറുകളിൽ ഷോർട്ടേജ് ഉണ്ടാകുന്നുവെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ അസാധാരണമായ നിർദ്ദേശവുമായി റോയൽ കോളജ് ഓഫ് നഴ്സിംഗ് രംഗത്തെത്തി. അനുയോജ്യമായ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറുകളുടെ അപര്യാപ്തതയുണ്ടെങ്കിൽ ചികിത്സ നല്കുന്നതിൽ വിസമ്മതം അറിയിക്കാമെന്ന് RCN നഴ്സുമാർക്ക് നിർദ്ദേശം നല്കി.
ആവശ്യമുള്ള പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറുകൾ ഇല്ലാതിരിക്കുകയും ട്രീറ്റ്മെൻ്റ് താമസിപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിലും മറ്റൊരു രീതി അവലംബിക്കാൻ സാധിക്കാൻ കഴിയുന്നില്ലെങ്കിൽ നഴ്സുമാർ ട്രീറ്റ്മെൻറ് നൽകുന്നതിൽ നിന്ന് പിന്തിരിയാമെന്നാണ് RCN വ്യക്തമാക്കിയിരിക്കുന്നത്. ഇത് നഴ്സിംഗിൻ്റെ സാമാന്യ തത്വങ്ങൾക്ക് സമയോജ്യമല്ലെങ്കിലും ആരോഗ്യ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ സാധ്യമല്ലെന്ന് RCN പറയുന്നു. വളരെ ക്ലേശകരമായ തീരുമാനമാണെങ്കിലും മറ്റൊരു മാർഗവുമില്ലെങ്കിൽ ഇത് അനുവർത്തിക്കാവുന്നതാണെന്നും നഴ്സുമാരുടെ സംഘടനാ നേതൃത്വം നിർദേശിക്കുന്നു.
ഇത്തരത്തിൽ ചികിത്സ നല്കാൻ വിസമ്മതിക്കുന്നവർക്ക് ലീഗൽ എയ്ഡ് RCN നല്കുന്നതാണ്. അപൂർവ്വമായി മാത്രം ഇത്തരം കേസുകളിൽ ക്രിമിനൽ പ്രൊസിക്യൂഷൻ ഉണ്ടാവാം. ഏഴ് നിർദ്ദേശങ്ങൾ അടങ്ങിയ സേഫ്റ്റി പ്ളാൻ RCN നഴ്സുമാർക്ക് നല്കിയിട്ടുണ്ട്. കോവിഡ് 19 കാര്യത്തിൽ ഉപയോഗിക്കേണ്ട PPE സംബന്ധമായ യുകെ ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോളിൻ്റെ ഗൈഡൻസ് ഇക്കാര്യത്തിൽ നഴ്സുമാർ മനസിലാക്കിയിരിക്കണം. ചികിത്സ നല്കാൻ വിസമ്മതിക്കുന്ന അവസ്ഥയുണ്ടായാൽ അതിലേയ്ക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം എഴുതി സൂക്ഷിക്കേണ്ടതാണ്. PPE യുടെ കാര്യത്തിൽ ആശങ്കയുള്ളവർ ഇക്കാര്യം അവരുടെ ലൈൻ മാനേജരെ അറിയിച്ചിരിക്കണം. തുടർന്നും പരിഹാരമുണ്ടാകുന്നില്ലെങ്കിൽ RCN ഡയറക്ട് അഡ് വൈസ് ലൈനായ 0345 772 6100 ൽ വിളിച്ച് ഉപദേശം നേടാവുന്നതാണ്.
എൻഎച്ച്എസ് ഫ്രണ്ട് ലൈനിൽ ജോലി ചെയ്തിരുന്ന 19 സ്റ്റാഫുകൾ കോവിഡ് ബാധിച്ച് മരണപ്പെട്ടതിനെ തുടർന്നാണ് RCN ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇംഗ്ലണ്ടിലെ സർജൻമാർക്കിടയിൽ നടത്തിയ സർവേയിൽ 33 ശതമാനം പേർക്കും അനുയോജ്യമായ PPE ലഭിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.