ബോറിസ് ജോൺസണെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. "ജീവൻ രക്ഷിച്ച എൻഎച്ച്എസിന് നന്ദി"... സ്റ്റാഫിനോട് കൃതജ്ഞത പ്രകാശിപ്പിച്ച് ബോറിസ്
ലണ്ടനിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. "എൻ്റെ ജീവൻ രക്ഷിച്ചത് എൻഎച്ച്എസാണ്. അതിന് എന്നും ഞാൻ കടപ്പെട്ടിരിക്കും". ബോറിസ് ഹോസ്പിറ്റൽ സ്റ്റാഫിനുള്ള സന്ദേശത്തിൽ പറഞ്ഞു. കൊറോണ ഇൻഫെക്ഷൻ ഗുരുതരമായതിനെ തുടർന്ന് ബോറിസിനെ അടിയന്തിരമായി കഴിഞ്ഞ ഞായറാഴ്ചയാണ് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയത്. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹം മൂന്നു ദിവസം ഇൻ്റൻസീവ് കെയറിലായിരുന്നു.
ബോറിസിന് ആരോഗ്യം വീണ്ടെടുക്കുവാൻ പൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ബോറിസിൻ്റെ പാർട്ണറായ കാരി സിമണ്ട്സും രോഗലക്ഷണങ്ങളെ തുടർന്ന് സെൽഫ് ഐസൊലേഷനിലായിരുന്നു. ബോറിസ് തത്ക്കാലം പ്രധാനമന്ത്രിയുടെ ഔദ്യോഗിക കൺട്രി റെസിഡൻസായ ചെക്കേഴ്സിലായിരിക്കും താമസിക്കുന്നത്. പ്രധാനമന്ത്രിയുടെ അഭാവത്തിൽ ഫോറിൻ സെക്രട്ടറി ഡോമനിക് റാബാണ് പ്രധാനമന്ത്രിയുടെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്