Thursday, 19 September 2024

പ്രതീക്ഷയുടെ തിരിനാളങ്ങൾ അണഞ്ഞിട്ടില്ല... ഈ കൈയടികൾ മനസിന് കുളിർമ പകരും... ക്രോയ്ഡോണിലെ ഇൻ്റൻസീവ് കെയറിൽ നിന്നും കൊറോണ രോഗം സുഖപ്പെട്ട ജോതി കേശവിനെ യാത്രയാക്കുന്ന മാലാഖാമാർ. വീഡിയോ കാണാം.

കൊറോണ മൂലം പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന ലോകത്തിന് തന്നെ പ്രതീക്ഷ നല്കുന്നതാണ് ഈ വീഡിയോയിലെ ഓരോ നിമിഷങ്ങളും. കൊറോണ രോഗം സുഖപ്പെട്ട് സ്വഭവനത്തിലേയ്ക്ക് പോകുന്ന ജോതി കേശവിനെ യാത്രയാക്കുകയാണ് ഈ മാലാഖാമാർ. നഷ്ടപ്പെടാമായിരുന്ന ഓരോ ജീവനും തിരിച്ചുപിടിക്കുന്ന ഈ മാലാഖമാർ ഈ ലോകത്തിൻ്റെ രക്ഷകരായി മാറുന്ന അഭിനന്ദനീയമായ നിമിഷങ്ങൾ.

രോഗിയുടെ ബെഡിനരികിൽ സർവ്വ സജ്ജമായി സാകൂതം അവർ നിലയുറപ്പിക്കുന്നു. മോണിട്ടറിൽ തെളിയുന്ന ഓരോ ജീവരേഖയും അവർ കണ്ണിമയ്ക്കാതെ ശ്രദ്ധിക്കുകയാണ്. അഭിലഷണീയമല്ലാത്ത ഓരോ വ്യതിയാനത്തെയും ചെറുക്കാൻ എൻഎച്ച്എസിലെ ഓരോ ഫ്രണ്ട് ലൈൻ സ്റ്റാഫും ജാഗരൂകരായി നിലയുറപ്പിക്കുന്നു. ആ കാത്തിരിപ്പ് മണിക്കൂറുകളും ദിവസങ്ങളും നീളാം. അവസാനം ചികിത്സയില്ലാത്ത ഈ രോഗത്തെ മനോബലത്താൽ തരണം ചെയ്ത് രോഗി സുഖപ്പെടുമ്പോൾ അതിന് പിന്തുണ നല്കിയ എല്ലാ ആതുരശുശ്രൂഷകരും ആനന്ദാശ്രുക്കൾ പൊഴിക്കുന്ന നിമിഷം. സ്വന്തം കുടുംബത്തെയും ഉടയവരെയും അകറ്റി നിർത്തി രോഗികൾക്കായി സ്വയം സമർപ്പിതരായ ലോകത്തിൻ്റെ രക്ഷകർ. നഴ്സുമാരും ഡോക്ടർമാരും കെയറേഴ്സും മറ്റു ഹെൽത്ത് കെയർ പ്രഫഷണൽസും ഒന്നായി ശ്രമിച്ച് രക്ഷിക്കുന്ന ഓരോ ജീവനും ഇവരോട് കടപ്പെട്ടിരിക്കും.

ക്രോയ് ഡോൺ ഹെൽത്ത് സർവീസസ് എൻഎച്ച്എസ് ട്രസ്റ്റാണ് ഈ വീഡിയോ ഫേസ് ബുക്കിൽ ഷെയർ ചെയ്തത്. രോഗമുക്തയായി ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി പോകുന്ന ലോക്കൽ റസിഡൻ്റായ ജോതി കേശവനെ കോറിഡോറിലുടനീളം ഇരുവശത്തും നിന്നും കൈയടിച്ച് യാത്രയാക്കുകയും ശുഭാശംസകൾ നേരുകയുമാണ് എൻഎച്ച്എസിലെ സ്റ്റാഫുകൾ.

മിസിസ് ജോതി കേശവൻ തൻ്റെ പ്രിയപ്പെട്ടവർക്കൊപ്പം ചേരുന്ന ഈയവസരത്തിൽ അവർക്ക് എല്ലാ ശുഭാശംസകളും നേരുന്നുവെന്നും അവർ പൂർണ സുഖം പ്രാപിക്കട്ടെയെന്നും ട്രസ്റ്റ് ആശംസിച്ചു. രോഗം ഭേദമായി ഇതുവരെ 300 ഓളം പേരെ ക്രോയ്ഡോണിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.

ക്രോയ് ഡോൺ ഹെൽത്ത് സർവീസസ് എൻഎച്ച്എസ് ട്രസ്റ്റിൻ്റെ വീഡിയോ

 

 

Other News