Thursday, 07 November 2024

ഇന്ന് 11 മണിക്ക് ഒരു മിനിട്ട് മൗനാചരണം... കോവിഡ് മൂലം മരിച്ച കീ വർക്കേഴ്സിന് സ്മരണാഞ്ജലി... സ്വന്തം ജീവൻ ബലി നല്കിയ ധീര പോരാളികൾക്ക് രാജ്യത്തിൻ്റെ ഔദ്യോഗിക ആദരം

കോവിഡ് - 19 മൂലം മരണമടഞ്ഞ കീ വർക്കേഴ്സിന് ബ്രിട്ടീഷ് ജനത ആദരമർപ്പിക്കും. ഇന്ന് രാവിലെ 11 മണിക്ക് ഒരു മിനിട്ട് നീണ്ടു നിൽക്കുന്ന മൗനാചരണം നടക്കും. മൗനാചരണത്തിൽ ഗവൺമെൻ്റ് വർക്കേഴ്സ് പങ്കെടുക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. യൂണിസൺ, റോയൽ കോളജ് ഓഫ് നഴ്സിംഗ്, റോയൽ കോളജ് ഓഫ് മിഡ്വൈവ്സ് എന്നീ യൂണിയനുകൾ ആചരണത്തിൽ പങ്കാളികളാകാൻ രാഷ്ട്രീയ നേതാക്കളോടും ബിസിനസുകളോടും വർക്കേഴ്സിനോടും ലോക്ക് ഡൗണിൽ കഴിയുന്നവരോടും അഭ്യർത്ഥിച്ചിട്ടുണ്ട്. യൂണിയനുകളുടെ ആഹ്വാനത്തിന് ബോറിസ് ജോൺസൺ പിന്തുണയറിയിച്ചിരുന്നു.

എമർജൻസി സർവീസുകൾ ജനങ്ങൾക്കായി ഒരുക്കുന്നതിനിടയിൽ രോഗ ബാധയേറ്റ് ജീവൻ വെടിഞ്ഞ പോരാളികൾക്ക് അനുയോജ്യമായ ആദരമർപ്പിക്കേണ്ടത് നമ്മുടെ ചുമതലയാണെന്ന് യൂണിസൺ ജനറൽ സെക്രട്ടറി ഡേവ് പ്രെൻറിസ് പറഞ്ഞു. വ്യാഴാഴ്ചകളിൽ കീ വർക്കേഴ്സിനായി ഉയരുന്ന കരഘോഷത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ബഹുമാനത്തോടെയുള്ള മൗനാചരണവുമെന്ന് റോയൽ കോളജ് ഓഫ് നഴ്സിംഗ് ജനറൽ സെക്രട്ടറി ഡോണാ കിന്നാർ അഭിപ്രായപ്പെട്ടു. ലേബർ പാർട്ടി ലീഡർ കെയ്ർ സ്റ്റാമറും മൗനാചരണത്തിന് പിന്തുണയറിയിച്ചു.

കോവിഡ് മൂലം 82 എൻഎച്ച്എസ് സ്റ്റാഫും 16 സോഷ്യൽ കെയർ വർക്കേഴ്സും മരണമടഞ്ഞതായാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
 

Other News