Thursday, 07 November 2024

യുവതലമുറയ്ക്ക് കൈത്താങ്ങായി സന്ദർലാണ്ടിലെ മലയാളി സംഘടന... കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്കായി ഭക്ഷണ കിറ്റുകളൊരുക്കുന്നു.

നോർത്ത് ഈസ്റ്റ് ഇംഗ്ളണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടന കേരളത്തിൽ നിന്നും ഉപരി പഠനത്തിനായി സന്ദർലാണ്ടിൽ എത്തിചേർന്നിരിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ് കാലത്ത് ഭക്ഷണ കിറ്റുകൾ ഒരുക്കുന്നു.
ഉന്നത വിദ്യാഭ്യാസത്തിനായി സണ്ടർലൻഡ് യൂണിവേഴ്‌സിറ്റിയിൽ എത്തിച്ചേർന്ന വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിതമായി എത്തിചേർന്ന കോവിഡ് മഹാമാരിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജോലി ഇല്ലാത്ത അവസ്ഥയും നാട്ടിൽ പോകാൻ പറ്റാത്ത സാഹചര്യവും തിരിച്ചറിഞ്ഞാണ് സഹായ ഹസ്തവുമായി സന്ദർലാണ്ടിലെ മലയാളി സംഘടന മുന്നിട്ടിറങ്ങിയത്. സണ്ടർലണ്ടിൽ എത്തപ്പെട്ട വിദ്യാർത്ഥികൾക്ക് ഭക്ഷണ പദാർത്ഥങ്ങളുടെ ഒരു കിറ്റുമായി അർഹരായവരെ കണ്ടെത്തി സഹായം എത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനോടകം പ്രസിഡണ്ട് റെയ്മണ്ട് മുണ്ടാക്കാട്ടിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി മലയാളി സംഘടനയിലെ സുമനസുകളായ അംഗങ്ങളുടെ സഹകരണത്തോടെ അരിവിതരണം നടത്തി വരുന്നതിന്റെ കൂടെയാണ് ഒരു ഫുൾ കിറ്റുമായി വീണ്ടും മലയാളി വിദ്യാർത്ഥികളെ സഹായിക്കുവാൻ തയ്യാറായിരിക്കുന്നത്.

പത്തിന ഭക്ഷ്യപദാർത്ഥങ്ങൾ അടങ്ങിയ കിറ്റാണ് നല്കുന്നത്. അരി, ആട്ട, പരിപ്പ് ഒരു പാക്കറ്റ്, ഗ്രീൻ പീസ് ഉണങ്ങിയത് ഒരു പാക്കറ്റ്, കോൺ ഫ്‌ളക്‌സ് 500 ഗ്രാം ഒരു പാക്കറ്റ്, ബേയ്ക്ക്ഡ് ബീൻസ് നാല് ക്യാൻ ഉള്ളത് ഒരു പാക്കറ്റ്, മുട്ട ഒരു ഡസൻ, കോഫീ പൌഡർ ഒരു ബോട്ടിൽ, പഞ്ചസാര ഒരു കിലോ പാക്കറ്റ് ഒരെണ്ണം, ഫ്രൂട്ട് ജ്യൂസ് ഒരു ബോട്ടിൽ എന്നിവ കിറ്റിലുണ്ടാവും.

സണ്ടർലാണ്ടിൽ എത്തപ്പെട്ട മലയാളി വിദ്യാർത്ഥികൾ മാസ് (Malayali Association Sunderland) പ്രസിഡണ്ടിനെയോ ഏതെങ്കിലും കമ്മറ്റി അംഗങ്ങളെയോ സമീപിച്ചാൽ അവർക്ക് കിറ്റ് എത്തിച്ചു കൊടുക്കുന്നതായിരിക്കും എന്ന് മാസ് പ്രസിഡണ്ട് റെയ്മണ്ട് മുണ്ടക്കാട്ട് അറിയിച്ചു.

Other News