Thursday, 21 November 2024

ഡോക്ടർമാർ തൻ്റെ മരണം മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പുകൾ വരെ നടത്തിയിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഡോക്ടർമാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഹോസ്പിറ്റലിലേയ്ക്ക് പോയതെന്നും വെളിപ്പെടുത്തൽ

കൊറോണ ബാധിച്ച് തീർത്തും ഗുരുതരാവസ്ഥായിലായിരുന്നു തന്നെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെളിപ്പെടുത്തി. തൻ്റെ മരണം മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പുകൾ വരെ ഡോക്ടർമാർ നടത്തിയിരുന്നെന്ന് അദ്ദേഹം ദി സൺ ഓൺ സൺഡേ ഇൻ്റർവ്യൂവിൽ വ്യക്തമാക്കി. 55 കാരനായ ബോറിസിനെ ഏപ്രിൽ 5 നാണ് ലണ്ടനിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. മൂന്നു ദിവസം അദ്ദേഹം ഇൻ്റൻസീവ് കെയറിൽ കഴിഞ്ഞു. മാസ്കിലൂടെ ലിറ്റർ കണക്കിന് ഓക്സിജൻ തനിക്ക് തന്നതായി ബോറിസ് പറഞ്ഞു.

ബോറിസിൻ്റെയും പാർട്ണർ കാരി സിമണ്ട്സിൻ്റെയും ആദ്യ കുഞ്ഞിൻ്റെ പേര് ഇന്നലെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ബോറിസ് താൻ അഭിമുഖീകരിച്ച കൊറോണയുടെ ഭീകരമുഖം വെളിപ്പെടുത്തിയത്. ഏപ്രിൽ 29 ന് ജനിച്ച തങ്ങളുടെ മകന് വിൽഫ്രെഡ് ലാവ്റി നിക്കോളാസ് ജോൺസൺ എന്ന് പേര് നല്കിയതായി കാരി സിമണ്ട്സ് ട്വീറ്റ് ചെയ്തിരുന്നു. മിഡിൽ നെയ്മായ നിക്കോളാസ് എന്നത് ബോറിസ് ജോൺസൺ കൊറോണ ബാധിതനായി ലണ്ടനിലെ സെൻറ് തോമസ് ഹോസ്പിറ്റലിൽ കഴിഞ്ഞപ്പോൾ ചികിത്സിച്ച ഡോക്ടർമാരെ ആദരിക്കാനാണ് എന്ന് കാരി വെളിപ്പെടുത്തി. ഡോ. നിക്ക് പ്രൈസ്, ഡോ. നിക്ക് ഹാർട്ട് എന്നിവരാണ് ഇൻറൻസീവ് കെയറിലായിരുന്ന ബോറിസിൻ്റെ ജീവൻ രക്ഷിക്കാൻ നേതൃത്വം നല്കിയതെന്ന് കാരി സിമണ്ട്സ് ട്വീറ്റ് ചെയ്തു.

ഡൗണിംഗ് സ്ട്രീറ്റിൽ നിന്ന് ഡോക്ടർമാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഹോസ്പിറ്റലിലേയ്ക്ക് പോയതെന്ന് ബോറിസ് പറഞ്ഞു. ആരോഗ്യനില വഷളാകുന്ന മൂലം അടിയന്തിരമായി ഇൻ്റൻസീവ് കെയറിലേയ്ക്ക് മാറ്റുമ്പോൾ എങ്ങനെ ഈ അവസ്ഥയിൽ നിന്ന് കരകയറാനാവുമെന്ന് ആത്മഗതം ചെയ്തതായി ബോറിസ് വെളിപ്പെടുത്തി. ബോറിസിനെ ചികിത്സിച്ച ഡോ. നിക്കോളാസ് പ്രൈസ്, ഇൻഫെക്ഷിയസ് ഡിസീസ് ആൻഡ് ജനറൽ മെഡിസിൻ കൺസൾട്ടൻ്റാണ്. ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോളിൽ പരിചയ സമ്പന്നനുമാണ്. പ്രഫസർ നിക്കോളാസ് ഹാർട്ട് കിംഗ്സ് കോളജ് ലണ്ടനിൽ റെസ്പിറ്റേറി ആൻഡ് ക്രിട്ടിക്കൽ മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു.
 

Other News