Saturday, 23 November 2024

ബ്രിട്ടണിൽ കൊറോണയെ നേരിടാൻ മുൻനിരയിൽ മലയാളികളായ നഴ്സുമാരും ഡോക്ടർമാരും. ആവശ്യമായ പ്രൊട്ടക്ഷനില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതിൽ കടുത്ത ആശങ്ക ഉയരുന്നെന്ന് ഗാർഡിയൻ ന്യൂസ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ യുകെയിലെ എല്ലാ മലയാളി സംഘടനകളും ഉണർന്നു പ്രവർത്തിക്കണം.

ബ്രിട്ടൺ കൊറോണ വൈറസിൻ്റെ പിടിയിലമരുമ്പോൾ ഓരോ ജീവനും തിരിച്ചു പിടിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്ന ടീമുകളിൽ മറ്റു സ്റ്റാഫുകളോടൊപ്പം മലയാളികളായ നഴ്സുമാരും ഡോക്ടർമാരും മുൻനിരയിൽ തന്നെ ജോലി ചെയ്യുന്നു. കോവിഡ് - 19 പോസിറ്റീവായ രോഗികളുമായി നേരിട്ട് ഇടപെട്ട് ജോലി ചെയ്യുന്നവരും കൊറോണ സംശയിച്ച് അഡ്മിറ്റായവരെ ചികിത്സിക്കുന്നവരും ഇതിലുണ്ട്. കടുത്ത ജോലി സമ്മർദ്ദത്തിലും സ്റ്റാഫ് ഷോർട്ടേജിലും ജോലി ചെയ്യുന്ന നഴ്സുമാരും ഡോക്ടർമാരും ഈ രോഗത്തിൻ്റെ ഭയാനകമായ വശം മനസിലാക്കുന്നവരാണ്.

കൊറോണ സംശയിച്ച് അഡ്മിറ്റ് ചെയ്യുന്നവരെ ശുശ്രൂഷിക്കുന്ന സ്റ്റാഫിന് ആവശ്യമായ പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെൻ്റുകൾ ലഭ്യമല്ല എന്ന കടുത്ത പ്രതിസന്ധി നേരിടുന്നതായി വാർത്തകളുണ്ട്. എൻഎച്ച്എസിൽ കൊറോണ രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവൻ അപകടത്തിലാക്കുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ഗാർഡിയൻ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത സമയത്ത് നല്കപ്പെട്ട പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെൻ്റുകൾ ഇപ്പോൾ ഡൗൺ ഗ്രേഡ് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് ഗാർഡിയൻ ന്യൂസ് പറയുന്നു. പുതിയ നിർദ്ദേശം നല്കപ്പെട്ടത് പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെൻ്റുകളുടെ ഷോർട്ടേജ് കാരണമാണെന്നും അതല്ലാതെ കുറഞ്ഞ പരിരക്ഷ മതി എന്ന് ക്ലിനിക്കൽ തെളിവുകളൊന്നും ഇല്ലെന്നും ഡോക്ടർമാരും ആശങ്കയുന്നയിക്കുന്നുണ്ട്.

ആദ്യഘട്ടത്തിൽ പൂർണമായും പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെൻ്റുകൾ ധരിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. FFP3 മാസ്ക്, വൈസേഴ്സ്, സർജിക്കൽ ഗൗൺ, ഗ്ലൗസുകൾ എന്നിവ ഉപയോഗിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ സാധാരണ സർജിക്കൽ ഫേസ് മാസ്ക്, ഷോർട്ട് ഗ്ലൗസ്, പ്ളാസ്റ്റിക് ഏപ്രൺ എന്നിവയാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് ആവശ്യത്തിന് പ്രൊട്ടക്ഷൻ നല്കുന്നില്ല എന്ന് സ്റ്റാഫിന് കടുത്ത ആശങ്കയുണ്ട്. FFP3 മാസ്കും വൈസറും ആവശ്യത്തിന് ലഭ്യമല്ല എന്നാണ് സൂചന. ഇതു മൂലം രോഗം സ്റ്റാഫുകളിൽ നിന്ന് മറ്റു രോഗികളിലേയ്ക്ക് പകരാൻ സാധ്യത കൂടുതലാണ്, ഗാർഡിയൻ ന്യൂസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൊറോണ രോഗികളെ ചികിത്സിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന മലയാളികളായ നഴ്സുമാരിൽ പലരും ഡ്യൂട്ടിയ്ക്ക് ശേഷം വീടുകളിലെത്തിയാൽ സെൽഫ് ഐസോലേഷനിൽ ആണ്. തങ്ങളുടെ കുടുംബാംഗങ്ങൾക്ക് രോഗം ഉണ്ടാകുമോയെന്ന ഭീതിയിൽ ആണ് ഇവർ ഓരോ ദിനവും മുന്നോട്ട് നീക്കുന്നത്.

നമ്മുടെ ജീവൻ രക്ഷിക്കാനായി മുൻനിരയിൽ നിന്ന് തങ്ങളുടെ ജീവൻ അപകടത്തിലായേക്കാമെന്ന് ബോധ്യത്തോടെ ജോലി ചെയ്യുന്ന നഴ്സുമാർക്കും ഡോക്ടർമാർക്കും വേണ്ടി ശബ്ദമുയർത്താൻ യുകെയിലെ മലയാളികളായ എല്ലാവരും മുന്നോട്ട് വരണം. പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെൻ്റുകൾ സ്റ്റാഫിന് ലഭ്യമാക്കാൻ അടിയന്തിര നടപടി ഉണ്ടാവാൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടണം. കൂടാതെ മറ്റു കമ്മ്യൂണിറ്റികളിലെ അംഗങ്ങളോട് ഇക്കാര്യത്തിൽ പിന്തുണ ആവശ്യപ്പെടുകയും വേണം.

നഴ്സുമാർക്കും ഡോക്ടർമാർക്കും ഉള്ള ആശങ്കകൾ അവരുടെ മാനേജർമാരുടെ ശ്രദ്ധയിൽ കൊണ്ടുവരണം. ഇതിൻ്റെ യഥാർത്ഥ വിവരങ്ങൾ കമ്മ്യൂണിറ്റിയുമായും കോൺഫിഡൻഷ്യാലിറ്റി നിലനിർത്തിക്കൊണ്ട് പങ്കുവെയ്ക്കണം. ഏതൊരു ജോലി സ്ഥലത്തും ലഭിക്കേണ്ട മിനിമം ആരോഗ്യ സുരക്ഷയെങ്കിലും നല്കണമെന്ന് ആവശ്യപ്പെടുന്നതിൽ യാതൊരു ഭയാശങ്കയും തോന്നേണ്ടതില്ല. അത് ജോലി സ്ഥലങ്ങളിലെ സ്റ്റാഫിൻ്റെ അവകാശമാണ്.

യുകെയിലെ നൂറുകണക്കിന് മലയാളി സംഘടനകളുടെ ഭാരവാഹികൾ, ഇക്കാര്യത്തിൻ്റെ നിജസ്ഥിതി സ്ഥലത്തെ നഴ്സുമാരുമായും ഡോക്ടർമാരുമായി ആശയവിനിമയം നടത്തിയതിനു ശേഷം ഇ മെയിലുകൾ വഴി ലോക്കൽ എൻഎച്ച്എസ് മേധാവികളുടെ ശ്രദ്ധയിൽ കൊണ്ടുവരണം. വ്യക്തിപരമായി ഒരു സ്റ്റാഫിനെയും പരാമർശിക്കാതെ ഒരു പൊതുവായ ആശങ്കയായി ഇക്കാര്യം ഉയർത്തിക്കാട്ടണം. അസോസിയേഷനുകളിലെ മെമ്പർമാരും അല്ലാത്തവരും വ്യക്തിഗതമായി മെയിലുകൾ അയയ്ക്കണം. എൻഎച്ച്എസിലെ സ്റ്റാഫിൻ്റെ കുടുംബാംഗങ്ങൾക്കും ഇതിൽ പങ്കാളികളാകാം. അതു കൂടാതെ ലോക്കൽ എം.പിമാരെയും ലോക്കൽ കൗൺസിലർമാരെയും ഇമെയിലുകളിലൂടെ ഇക്കാര്യം അറിയിക്കണം. എം.പിമാരുടെയും കൗൺസിലർമാരുടെയും ഇൻബോക്സിൽ 50 മെയിലുകൾ എത്തുമ്പോൾ അവർ തീർച്ചയായും പ്രതികരിക്കും. മലയാളികൾക്ക് വേണ്ടി മുൻ നിരയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ നേതൃത്വങ്ങളും ലോക്കൽ എൻഎച്ച്എസ് മേധാവികളുമായും എം.പിമാരുമായും കഴിയുമെങ്കിൽ നേരിട്ട് സംസാരിച്ച് പ്രശ്നം അടിയന്തിരമായി ശ്രദ്ധയിൽ കൊണ്ടുവരണം.

കൊറോണ രോഗികളെ പരിചരിക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെൻ്റുകൾ ഏതു തരത്തിലുള്ളവ ഉപയോഗിക്കണമെന്ന വ്യക്തമായ നിർദ്ദേശവും സ്റ്റാഫിന് ലഭ്യമായാൽ ആശങ്കകൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. രാജ്യത്തിനുണ്ടാകുന്ന ഫൈനാൻഷ്യൽ ക്രൈസിസിനെ നേരിടാൻ ചാൻസലർ 330 ബില്യൺ പൗണ്ടിൻ്റെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമ്പോഴും ഒരു മാസ്കിനു വേണ്ടി എൻഎച്ച്എസിലെ സ്റ്റാഫ് നെട്ടോട്ടമോടേണ്ടി വരുന്ന അവസ്ഥയുണ്ടെങ്കിൽ അതിൽ മാറ്റം വരുത്താൻ യുകെയിലെ മലയാളി സമൂഹം ഒന്നായി ശബ്ദമുയർത്തണം.

ഇതു സംബന്ധമായി ഗാർഡിയൻ ന്യൂസ് മാർച്ച് 16 ന് പ്രസിദ്ധീകരിച്ച ലേഖനം വായിക്കുവാൻ ഈ ലിങ്ക് ഉപയോഗിക്കുക

നിങ്ങളുടെ ലോക്കൽ എം.പിയുടെ ഇമെയിൽ അഡ്രസിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ലോക്കൽ കൗൺസിലറെ കണ്ടെത്താനായി ഈ ലിങ്ക് ഉപയോഗിക്കാം.

Other News