ഓക്സ്ഫോർഡിലെ കൊറോണ വൈറസ് വാക്സിൻ ട്രയലിൽ അഞ്ചിനും പത്തിനുമിടയിൽ പ്രായമുള്ള കുട്ടികളെയും 70 ൽ കൂടുതൽ പ്രായമുള്ളവരെയും ഉൾപ്പെടുത്തും.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ കൊറോണ വൈറസ് വാക്സിൻ ട്രയലിൽ കുട്ടികളെയും പ്രായമുള്ളവരെയും ഉൾപ്പെടുത്തും. വാക്സിൻ്റെ ആദ്യ ഘട്ട ട്രയൽ ഏപ്രിലിലാണ് തുടങ്ങിയത്. ഇതിൽ 1000 ത്തോളം പ്രായപൂർത്തിയായ വോളണ്ടിയർമാർ വാക്സിന് വിധേയരായി. അഞ്ചിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും 70 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഇനി മുതൽ ട്രയലിൽ പങ്കെടുക്കാം. ആദ്യഘട്ടത്തിൽ തന്നെ 55 വയസിന് മുകളിൽ പ്രായമുള്ള നിരവധി പേർ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെ വാക്സിനോളജി പ്രൊഫസർ സാറാ ഗിൽബെർട്ട് പറഞ്ഞു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വാക്സിൻ സ്റ്റഡിയ്ക്കായി സൈറ്റുകൾ തുറക്കുമെന്ന് അവർ വ്യക്തമാക്കി.
ഓക്സ്ഫോർഡ് വാക്സിൻ വിജയകരമെങ്കിൽ വൻതോതിൽ ഉൽപാദനം നടത്താൻ ആസ്ട്രാ സെന്നക്ക ഫാർമസ്യൂട്ടിക്കൽ കമ്പനി തയ്യാറെടുപ്പുകൾ തുടങ്ങി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ഇതിനായി കരാർ ഒപ്പിട്ടു കഴിഞ്ഞു. ഒരു ബില്യൺ ഡോസ് വാക്സിൻ ഉൽപാദിപ്പിക്കുന്നതിനുള്ള കപ്പാസിറ്റി കമ്പനിയ്ക്കുണ്ട്. സെപ്റ്റംബറിൽ വാക്സിൻ സപ്ളൈ ചെയ്യാനാണ് പദ്ധതി. 400 മില്യൺ ഡോസ് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള ആദ്യ കരാറാണ് തയ്യാറായിരിക്കുന്നത്. റീകോംബിനൻ്റ് അഡിനോവൈറസ് വാക്സിൻ AZD1222 എന്ന പേരാണ് വാക്സിന് നല്കിയിരിക്കുന്നത്.