അന്ത്യനിമിഷങ്ങളിൽ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ കണ്ണിനു മുന്നിൽ മിന്നി മറയാം... മരണത്തിന് തൊട്ടു മുൻപുള്ള ബ്രെയിൻ ആക്ടിവിറ്റി റെക്കോർഡ് ചെയ്ത് ശാസ്ത്രലോകം.
മരണത്തിന് തൊട്ടു മുൻപുള്ള ബ്രെയിൻ ആക്ടിവിറ്റി അപ്രതീക്ഷിതമായി ശാസ്ത്രലോകം റെക്കോർഡ് ചെയ്തു. അന്ത്യനിമിഷങ്ങളിൽ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ കണ്ണിനു മുന്നിൽ മിന്നി മറയാമെന്ന് ഇതിൻ്റെ വിശകലനം സൂചിപ്പിക്കുന്നു. ഫ്രണ്ടിയേഴ്സ് ഇൻ ഏജിംഗ് ന്യൂറോ സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് പുതിയ കണ്ടെത്തൽ വിശദീകരിക്കുന്നത്.
എപ്പിലെപ്സിയുളള 87 വയസുകാരൻ്റെ ചികിത്സയ്ക്കിടെയാണ് ബ്രെയിനിലുണ്ടാകുന്ന അപ്രതീക്ഷിതമായ മാറ്റങ്ങൾ രേഖപ്പെടുത്തപ്പെട്ടത്. ഇദ്ദേഹത്തിൻ്റെ ബ്രെയിൻ ആക്ടിവിറ്റി റെക്കോർഡ് ചെയ്യാനായി ഇലക്ട്രോഎൻസിഫലോഗ്രാം ശരീരത്തിൽ ഘടിപ്പിച്ചിരുന്നു. ഇതിനിടയിൽ ഹാർട്ട് അറ്റാക്ക് വന്ന് ഇയാൾ മരണമടഞ്ഞു. ഇലക്ട്രോ എൻസിഫലോഗ്രാം ഇദ്ദേഹത്തിൻ്റെ മരണം നടന്ന 15 മിനിട്ട് സമയത്തെ ബ്രെയിൻ ആക്ടിവിറ്റി ഇതിനിടയിൽ റെക്കോർഡ് ചെയ്തിരുന്നു.
അവസാനമായി ഹൃദയമിടിച്ച സമയത്തിന് മുൻപും ശേഷവുമുള്ള 30 സെക്കൻ്റുകളിൽ ഇദ്ദേഹത്തിൻ്റെ ബ്രെയിനിലെ ചില പ്രത്യേകതരം തരംഗങ്ങളിൽ വർദ്ധനയുണ്ടായി. ഗാമാ വേവുകൾ ആണ് കൂടിയ ആക്ടിവിറ്റി കാണിച്ചത്. ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും സ്വപ്നം കാണുന്ന സമയത്തും മെഡിറ്റേറ്റ് ചെയ്യുന്ന അവസരത്തിലും ഓർമ്മകൾ അയവിറക്കുമ്പോഴും അറിവുകൾ വിശകലനം നടത്തുന്ന സമയത്തുമാണ് ഇത്തരം വേവുകൾ കൂടുതലായി കാണപ്പെടുന്നത്.
ഗാമാ ഓസിലേഷനുകൾ എന്നറിപ്പെടുന്ന ഈ ബ്രെയിൻ വേവുകൾ മരണസമയത്ത് കൂടുതലായി സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇതിനാൽ തന്നെ അന്ത്യനിമിഷങ്ങളിൽ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ കണ്ണിനു മുന്നിൽ മിന്നിമറയുന്ന ഏതാനും സെക്കൻ്റുകൾ ഉണ്ടാകാമെന്ന് സയൻറിസ്റ്റുകൾ കരുതുന്നു. ലൂസിവിൽ യൂണിവേഴ്സിറ്റിയിലെ ന്യൂറോ സർജനായ ഡോ. അജ്മൽ സെമാറാണ് ഈ പഠനം നയിച്ചത്. "നമ്മുടെ ഉറ്റവർ ഈ ലോകത്തു നിന്ന് വിട പറയുമ്പോൾ, ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഒരു ഫ്ളാഷ്ബാക്കായി അവരുടെ മുന്നിൽ തെളിയുന്നുണ്ടാവാം." ഡോ. അജ്മൽ പറയുന്നു. എന്നാൽ ഈ സ്റ്റഡി ഇത്തരത്തിലുള്ള ആദ്യത്തേത് ആണെന്നും കൂടാതെ റെക്കോർഡ് ചെയ്യപ്പെട്ട ബ്രെയിൻ ആക്ടിവിറ്റിയുടെ ഉടമ എപ്പിലെപ്സി ഉള്ളയാളാണെന്നതും പരിഗണിക്കണമെന്നും റിസർച്ചർമാർ എടുത്തു പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് റിസർച്ചർമാർ സൂചിപ്പിച്ചു.