Thursday, 19 September 2024

ബ്രിട്ടണിൽ ജലക്ഷാമം രൂക്ഷമാകുന്നു. ഹോസ് പൈപ്പുകളും സ്പ്രിങ്ക്ളറും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് വാട്ടർ കമ്പനികൾ. ഹോസ് പൈപ്പ് നിരോധനത്തിനും സാധ്യത

ചൂടേറിയ മെയ് മാസവും ലോക്ക് ഡൗണും ബ്രിട്ടണിൽ ജല ദൗർലഭ്യത്തിന് കാരണമാകുന്നു.1896 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ മെയ് മാസമാണ് 2020 ൽ കടന്നുപോയത്. ലോക്ക് ഡൗണിൽ ജനങ്ങൾ കൂടുതൽ സമയം വീടുകളിൽ ചിലവഴിക്കുന്നതുമൂലം ജലത്തിൻ്റെ ഉപയോഗത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഏതാനും ആഴ്ചകളായി അനുഭവപ്പെടുന്ന കടുത്ത ചൂട് മൂലം വാട്ടർ റിസർവോയറുകളിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഫെബ്രുവരി മാസം നല്ല രീതിയിൽ മഴ ഉണ്ടായിരുന്നെങ്കിലും നിലവിലെ ഡിമാൻഡനുസരിച്ച് ജലം ലഭ്യമാക്കാൻ കമ്പനികൾ ബുദ്ധിമുട്ടുകയാണ്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ മഴ ആവശ്യത്തിന് ലഭിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കി. പലയിടങ്ങളിലും പീക്ക് സമയങ്ങളിൽ വാട്ടർ പ്രഷറിൽ കുറവുണ്ടായിട്ടുണ്ട്.

ഹോസ് പൈപ്പുകളും സ്പ്രിങ്ക്ളറും പാഡ്ലിംഗ് പൂളുകളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് വാട്ടർ കമ്പനികൾ അഭ്യർത്ഥിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ജലോപയോഗം 25 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ട്. വരും മാസങ്ങളിലും ചൂടേറിയ കാലാവസ്ഥ തുടരുമെന്നാണ് സൂചന. മെയ് മാസത്തിൽ യുകെയിലാകമാനം 90 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. പ്രതിസന്ധി രൂക്ഷമായാൽ ഹോസ് പൈപ്പ് നിരോധനമേർപ്പെടുത്താനും സാധ്യത ഏറെയാണ്.

ദിനംപ്രതി 78 മില്യൺ ലിറ്റർ അധികജലം സതേൺ വാട്ടർ ട്രീറ്റ് ചെയ്ത് വിതരണം നടത്തുന്നുണ്ട്. സൗത്ത് ഈസ്റ്റ് വാട്ടർ ജല ഉപയോഗം കുറയ്ക്കാൻ തങ്ങളുടെ 2.2 മില്യൺ കസ്റ്റമേഴ്സിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വാട്ടർ പ്രഷറിൽ കുറവു വരുന്നതിൽ സെവെൺ ട്രെൻറ് വാട്ടർ ഖേദം പ്രകടിപ്പിച്ചു.

Other News