Tuesday, 24 December 2024

സിക്ക് നോട്ടിനായി ഇനി മുതൽ ജിപിയെ കാണേണ്ടതില്ല. നഴ്സുമാർക്കും ഫാർമസിസ്റ്റുകൾക്കും ഈ അധികാരം നല്കാൻ തീരുമാനം.

സിക്ക് നോട്ട് ജിപി മുഖാന്തിരം മാത്രമേ ലഭിക്കൂ എന്ന നിയമത്തിൽ മാറ്റം വരുത്തും. ജി പി പ്രാക്ടീസിലെ നഴ്സുമാർക്കും ഫാർമസിസ്റ്റുകൾക്കും ഈ അധികാരം നല്കാനാണ് തീരുമാനം. പുതിയ നിയമം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. നിലവിൽ ജിപിമാർക്ക് മാത്രമാണ് സിക്ക് നോട്ട് നൽകാൻ അധികാരമുള്ളൂ എന്നതിനാൽ അപ്പോയിൻ്റ് മെൻറുകൾ ലഭിക്കുന്നതിന് കൂടുതൽ കാലതാമസം ഉണ്ടാകുന്നുണ്ട്. ഇതൊഴിവാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് ഗവൺമെൻ്റ് നടപടി തുടങ്ങിയത്. കൂടാതെ സിക്ക് നോട്ട് നൽകാൻ ജിപിമാർ ചിലവഴിക്കുന്ന സമയം കൂടി പേഷ്യൻ്റ് കെയറിനായും മറ്റ് അത്യാവശ്യ മെഡിക്കൽ സർവീസുകൾ നല്കാനായും ഉപയോഗപ്പെടുത്താൻ സാധിക്കും.

ജിപിയെ കാണാൻ പല സർജറികളിലും നീണ്ട വെയിറ്റിംഗ് ലിസ്റ്റാണ് ദിവസവും ഉണ്ടാകുന്നത്. ഓൺലൈൻ അപ്പോയിൻ്റ്മെൻ്റ് എടുക്കാൻ സാധിക്കാത്തവർക്ക് ഫോൺ അപ്പോയിൻ്റ്മെൻ്റിനായി ശ്രമിച്ചാലും പലപ്പോഴും നിരാശയാണ് ഫലം. ജിപിയെ നേരിട്ടു കാണുക എന്നത് ഒരു സ്വപ്നമായി അവശേഷിക്കുന്ന അവസ്ഥ പേഷ്യൻ്റുകൾ നേരിടുന്നുണ്ട്. അവസാനം ടെലിഫോൺ അപ്പോയിൻ്റ്മെൻറ് സംവിധാനം  മാത്രമായി ജിപി ക്ളിനിക്കുകൾ മാറുന്നതായുള്ള പരാതികൾ വ്യാപകമാണ്.

കഴിഞ്ഞ വർഷം 10 മില്യൺ ഫിറ്റ് നോട്ടുകളാണ് ജിപിമാർ യുകെയിൽ നൽകിയത്. തങ്ങളുടെ ജോലി ഭാരവും സമ്മർദ്ദവും വർദ്ധിക്കുന്നതിൽ ജീപിമാരും ആശങ്കയറിയിച്ചിരുന്നു. സിക്ക് നോട്ട് നിയമത്തിൽ മാറ്റം വരുത്തണമെന്ന് ജിപിമാർ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് വർക്ക് ആൻഡ് പെൻഷൻസ് ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം നടപ്പിലാക്കാൻ തയ്യാറാവുകയായി.

ഇതു സംബന്ധിച്ച നിയമ ഭേദഗതി പാർലമെൻ്റിൻ്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. നഴ്സുമാർക്കും ഫാർമസിസ്റ്റുകൾക്കുമൊപ്പം  ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾക്കും ഫിസിയോ തെറാപ്പിസ്റ്റുകൾക്കും കൂടി സിക്ക് നോട്ട് നൽകാനുള്ള അധികാരം നല്കാനാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്
 

Other News