Sunday, 06 October 2024

ബ്രിട്ടണിൽ നിന്നും സാന്താക്ലോസ് ക്രിസ്മസ് സമ്മാനമെത്തിച്ചത് കേരളത്തിലെ എടത്വായിൽ.

ക്രിസ്മസിന്റെ തലേ രാത്രിയിൽ ഫാദർ ക്രിസ്മസ് വീടിന്റെ ചിമ്മിനിയിലൂടെ ഇറങ്ങി വന്ന് ക്രിസ്മസ് ട്രീയുടെ സമീപം സമ്മാനപ്പൊതികൾ നിക്ഷേപിച്ചിട്ടു പോകുമെന്ന് ഇളംതലമുറയെ പറഞ്ഞു മനസിലാക്കുന്ന നാടാണ് ബ്രിട്ടൺ. ക്രിസ്മസിന് രാവിലെ കുട്ടികൾ ഉത്സാഹത്തോടെ അതിരാവിലെ തന്നെ ഉണർന്ന് ആകാംക്ഷാപൂർവ്വം ക്രിസ്മസ് ട്രീയുടെ അരികിലേയ്ക്ക് ഓടുന്നതും അവ കൗതുകത്തോടെ തുറക്കുന്നതും ബ്രിട്ടണിലെ പാരമ്പര്യ രീതികളാണ്.

എന്നാൽ ഭവനങ്ങളിൽ സമ്മാനവുമായി കയറിയിറങ്ങുന്ന സാന്താക്ലോസ് എന്ന പതിവ് ബ്രിട്ടണിൽ ഇല്ലെന്നു തന്നെ പറയാം. പതിവിനു വിപരീതമായി ഇത്തവണ ഒരു സാന്താക്ലോസ് യോർക്ക് ഷയറിലെ ഒരു വില്ലേജിൽ ഏകനായി ഭവനങ്ങൾ കയറിയിറങ്ങി. കൈ നിറയെ മധുരവുമായി മഴയും തണുപ്പും സഹിച്ച് കുറ്റാകൂരിരുട്ടിലും നിരവധി ഭവനങ്ങളിൽ ഈ സാന്താക്ലോസ് എത്തി. കുട്ടികൾ ആകാംഷയോടെ സാന്താക്ലോസിനെ വരവേറ്റു. മിക്ക കുടുംബങ്ങളും സാന്താക്ലോസിന് ചെറിയ ഡൊണേഷനും നല്കി. പതിവില്ലാതെ സ്ട്രീറ്റിൽ സാന്താക്ലോസിനെ കണ്ടവർ കൂടെ നിന്ന് സെൽഫി വരെയെടുത്തു.

Selfie time with Father Christmas at Yorkshire

ബ്രിട്ടണിലെ ഭവനങ്ങളിൽ സന്ദർശനം നടത്തി സ്വരൂപിക്കുന്ന തുക കേരളത്തിലെ ഒരു ഗ്രാമത്തിൽ ക്രിസ്മസ് സ്നേഹ സമ്മാനമായി എത്തിക്കുക എന്നതായിരുന്നു ഈ സാന്താ ക്ളോസിന്റെ ഉദ്ദേശ്യം. ഇതൊരു മലയാളി സാന്താക്ലോസാണ്. പേര് ബാബു സെബാസ്റ്റ്യൻ. കുട്ടനാട് മുട്ടാർ സ്വദേശിയാണ്. യോർക്ക് ഷയറിലെ കീത്തലി എന്ന സ്ഥലത്താണ് അദ്ദേഹം കുടുംബസമേതം താമസിക്കുന്നത്. ഭവന സന്ദർശനത്തിലൂടെയും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച ഒരു ലക്ഷത്തി പതിനായിരത്തിയൊന്ന് (1,10001) ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുക എടത്വായിലെ ഒരു വ്യക്തിയുടെ ചികിത്സയ്ക്കായി എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സഹജീവികളെ സഹായിക്കാൻ സമയം കണ്ടെത്തി അവരുടെ വേദനയിൽ ചെറിയ കൈത്താങ്ങാവുക എന്ന ഒരു വലിയ കാരുണ്യ പ്രവൃത്തിയാണ് ബാബു സെബാസ്റ്റ്യൻ ക്രിസ്മസിന്റെ അവസരത്തിൽ ചെയ്തത്. ജനിച്ചു വളർന്ന നാടിനെ മറക്കാത്ത മലയാളികളുടെ സംസ്കാരത്തിൽ വളർന്നുവന്ന ഒരു നന്മ മരമാണ് യുകെയിലെ സാമൂഹിക കലാകായിക രംഗങ്ങളിൽ സജീവ പ്രവർത്തകനായ അദ്ദേഹം. പ്രസംഗിക്കപ്പെടുന്നതിനേക്കാൾ അർത്ഥവത്തായ ഈ പ്രവർത്തന മാതൃക ലോകത്തിന് നല്കിയ ബാബു സെബാസ്റ്റ്യന് ഗ്ലോബൽ ന്യൂസ് പ്രീമിയർ, ഓൺലൈൻ ന്യൂസ് ലൈബ്രറിയുടെ അഭിനന്ദനങ്ങൾ.

Other News