കൊറോണ വാക്സിൻ ട്രയലിനായി 510 വോളണ്ടിയർമാരെ ഓക്സ്ഫോർഡിലെ സയൻറിസ്റ്റുകൾ തെരഞ്ഞെടുക്കും. ആവശ്യമുള്ളത് 18 നും 55 നും ഇടയിൽ പ്രായമുള്ളവരെ.
കൊറോണ വൈറസിനെ നിയന്ത്രിക്കാനുതകുന്ന വാക്സിൻ വികസിപ്പിക്കാൻ ഓക്സ്ഫോർഡിലെ സയൻ്റിസ്റ്റുകൾ വോളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. 18 നും 55 നും ഇടയിൽ പ്രായമുള്ള 510 ഓളം നല്ല ആരോഗ്യമുള്ള വ്യക്തികളെയാണ് ഇതിനായി തേടുന്നത്. ChAdOx1 nCoV-19 എന്ന വാക്സിനാണ് ഇവരിൽ ട്രയലിനായി ഉപയോഗിക്കുന്നത്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതിൻ്റെ പരീക്ഷണം നടക്കും. ഇക്കാലയളവിൽ മൃഗങ്ങളിൽ വാക്സിൻ ട്രയൽ തുടരും. സാലിസ്ബറിയ്ക്കടുത്തുള്ള പോർട്ടൺ ഡൗണിലെ പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ടിൻ്റെ ലബോറട്ടറിയിൽ ട്രയലുകൾ തുടരുമ്പോൾത്തന്നെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ലാബിൽ ക്ലിനിക്കൽ ഗ്രേഡിലുള്ള വാക്സിൻ റിസർച്ചും നടക്കും.
ഇതിനിടെ എൻഎച്ച്എസിലെ ഫ്രണ്ട് ലൈൻ സ്റ്റാഫിന് കൊറോണാ ടെസ്റ്റിന് വീക്കെൻഡ് മുതൽ സൗകര്യമൊരുക്കുമെന്ന് ഗവൺമെൻ്റ് അറിയിച്ചു. ഇന്നലത്തെ ലൈവ് ടെലി ബ്രീഫിംഗിലാണ് ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ മൈക്കൽ ഗോവ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രിട്ടിക്കൽ കെയറിലെ ഡോക്ടർമാർ, നഴ്സുമാർ എന്നിവരെ ആദ്യഘട്ടത്തിൽ ടെസ്റ്റിന് വിധേയരാക്കും. തുടർന്ന് എമർജൻസി ഡിപ്പാർട്ട്മെൻറുകളിലെ സ്റ്റാഫുകൾ, പാരാമെഡിക്സ്, ജനറൽ പ്രാക്ടീഷണർമാർ എന്നിവർക്കും രോഗ പരിശോധനയ്ക്ക് അവസരം ഒരുങ്ങും. അടുത്തയാഴ്ചയോടെ ടെസ്റ്റുകളുടെ എണ്ണത്തിൽ വർദ്ധന വരുത്തുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഹോസ്പിറ്റലിലുള്ള കടുത്ത അസുഖമുളളവർക്ക് മാത്രമാണ് ടെസ്റ്റിന് സൗകര്യമുള്ളത്.
ആൻറിജൻ ടെസ്റ്റിംഗാണ് ഫ്രണ്ട് ലൈൻ സ്റ്റാഫിന് നടത്തുന്നത്. നിലവിൽ അസുഖം ബാധിച്ചിട്ടുണ്ടോ എന്ന് ഇതിലൂടെ അറിയാൻ കഴിയും. ഇപ്പോൾ രോഗലക്ഷണങ്ങൾ ഉള്ളവർക്കും ഐസൊലേഷനിൽ കഴിയുന്നവർക്കും ടെസ്റ്റിലൂടെ രോഗനിർണയം നടത്താൻ സൗകര്യമുണ്ടാകുമെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് പറഞ്ഞു. വീക്കെൻഡിൽ മൂന്ന് പുതിയ ലാബുകൾ പ്രവർത്തനമാരംഭിക്കും. ഇതിൽ 800 സാമ്പിളുകൾ പരിശോധിക്കാൻ കഴിയും. രണ്ടു ലാബുകൾ കൂടി തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിരവധി യൂണിവേഴ്സിറ്റികളും റിസർച്ച് സെൻ്ററുകളും ബൂട്ട്സ് ഫാർമസിയും ടെസ്റ്റ് എക്യുപ്മെൻ്റുകൾ ലാബുകൾക്കായി കൈമാറിയിട്ടുണ്ട്.