ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ട്രയൽ വാക്സിൻ വിജയകരമെങ്കിൽ 30 മില്യൺ ഡോസ് സെപ്റ്റംബറോടെ ലഭ്യമാക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി ഗ്ലോബൽ എഗ്രിമെൻ്റ്
കൊറോണ പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്ന പ്രോജക്ടുകൾക്കായി 84 മില്യൺ പൗണ്ടുകൂടി ഗവൺമെൻ്റ് അനുവദിച്ചു. നിലവിൽ നല്കിയിട്ടുള്ള 47 മില്യണിനു പുറമേയാണിത്. ഇംപീരിയൽ കോളജ് ലണ്ടനും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമാണ് പ്രധാനമായും ട്രയൽ നടത്തുന്നത്. ഓക്സ്ഫോർഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് വാക്സിൻ ട്രയൽ നടക്കുന്നത്. ഇതിൻ്റെ ആദ്യ ഫലങ്ങൾ ജൂൺ പകുതിയോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ട്രയൽ വാക്സിൻ വിജയകരമെങ്കിൽ 30 മില്യൺ ഡോസ് സെപ്റ്റംബറോടെ ലഭ്യമാക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി ഗ്ലോബൽ എഗ്രിമെൻ്റ് ഒപ്പുവച്ചിട്ടുണ്ട്. യുകെയിൽ മൊത്തം 100 മില്യൺ ഡോസ് വാക്സിനാണ് കരാറിൻ്റെ ഭാഗമായി ലഭിക്കുക. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്ര സെനക്കയാണ് വാക്സിൻ്റെ വൻതോതിലുള്ള ഉത്പാദനത്തിന് തയ്യാറെടുക്കുന്നത്.
വാക്സിൻ ട്രയൽ വിജയകരമായാൽ കീ വർക്കേഴ്സ് അടക്കമുള്ളവർക്ക് മുൻഗണനാ ക്രമമനുസരിച്ച് നല്കാനാണ് ലക്ഷ്യമിടുന്നത്. വാക്സിൻ ട്രയൽ ഇപ്പോഴും അതിൻ്റെ ആദ്യഘട്ടത്തിലാണെന്നും ഇനിയുമേറെ ദൂരം പോകാനുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സൂചിപ്പിച്ചു. വാക്സിൻ പരീക്ഷണങ്ങൾ വിജയിക്കാതിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ഇൻഫെക്ഷനിൽ നിന്ന് മുക്തരായവരിൽ എത്ര കാലത്തേയ്ക്ക് പ്രതിരോധ ശക്തി നിലനില്ക്കുമെന്ന് കണ്ടെത്താനുള്ള പഠനങ്ങൾ ആരംഭിക്കാനും ഫണ്ട് ലഭ്യമാക്കുമെന്ന് ബോറിസ് വ്യക്തമാക്കി.