Saturday, 23 November 2024

ജോർജ് ഫ്ളോയിഡിൻ്റെ മരണത്തിൽ ഉത്തരവാദികളായ മറ്റ് മൂന്നു പോലീസുകാർക്ക് എതിരെയും കുറ്റം ചുമത്തി. ഡെറിക്ക് ചൗവിനെതിരെ സെക്കൻ്റ് ഡിഗ്രി കൊലപാതക കുറ്റം

അമേരിക്കയിൽ കൊല്ലപ്പെട്ട കറുത്ത വംശജനായ ജോർജ് ഫ്ളോയിഡിൻ്റെ മരണത്തിൽ ഉത്തരവാദികളായ എല്ലാ പോലീസുകാർക്കുമെതിരെ കുറ്റം ചുമത്താൻ തീരുമാനമായി. കേസിലെ പ്രധാന പ്രതിയായ ഡെറിക്ക് ചൗവിനെതിരായ കുറ്റം സെക്കൻ്റ് ഡിഗ്രി മർഡറായി ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട തോമസ് ലെയിൻ, ജെ.എ കുങ്ങ്, റ്റു താവോ എന്നിവരുടെ മേലാണ് പുതിയതായി കൊലപാതത്തിന് സഹായം ചെയ്തുവെന്ന കുറ്റം രജിസ്റ്റർ ചെയ്തത്. ജോർജ് ഫ്ളോയിഡിൻ്റെ കഴുത്തിൽ മുട്ടമർത്തി നിന്ന പോലീസ് ഓഫീസർ ഡെറിക്ക് ചൗവിന് 40 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 8 മിനിട്ടും 46 സെക്കൻ്റുമാണ് ജോർജ് ഫ്ളോയിഡ് ശ്വാസം കിട്ടാതെ പിടഞ്ഞത്.

അമേരിക്കയിലും ലോകമെമ്പാടും വൻ പ്രതിഷേധത്തിനിടയാക്കിയ ജോർജ് ഫ്ളോയിഡിൻ്റെ കൊലപാതകത്തിൽ ഉൾപ്പെട്ട മൂന്ന് പോലീസുകാരെ ആദ്യം ചാർജ് ചെയ്തിരുന്നില്ല. പോലീസുകാരൻ്റെ മുട്ടിനടിയിൽ 'എനിയ്ക്ക് ശ്വാസം കിട്ടുന്നില്ല' എന്ന് വിലപിക്കുന്ന ജോർജ് ഫ്ളോയിഡിൻ്റെ ദൃശ്യങ്ങൾ ലോക മനസാക്ഷിക്കുതന്നെ നൊമ്പരമായി മാറിയിരുന്നു. പ്രതിഷേധം കനത്തതോടെയാണ് സംഭവത്തിലുൾപ്പെട്ട എല്ലാ പോലീസുകാർക്കെതിരെയും കൂടുതൽ ഗുരുതരമായ കുറ്റം ചുമത്താൽ മിനസോട്ട അറ്റോർണി ജനറൽ ഉത്തരവിട്ടത്

Other News