Friday, 20 September 2024

ഓക്സ്ഫോർഡ് കൊറോണ വാക്സിൻ 70 ശതമാനം പ്രതിരോധശേഷി നൽകും. അധിക ലോവർ ഡോസിൽ 90 ശതമാനം വരെ പ്രൊട്ടക്ഷൻ. ശുഭവാർത്തയെന്ന് ബോറിസ്. വാക്സിനേഷൻ അടുത്ത മാസം തുടങ്ങുമെന്ന് ഹെൽത്ത് സെക്രട്ടറി

ഓക്സ്ഫോർഡ് കൊറോണ വാക്സിൻ 70 ശതമാനം പ്രതിരോധശേഷി നൽകുമെന്ന് റിസർച്ചർമാർ വെളിപ്പെടുത്തി. ശുഭ പ്രതീക്ഷ നൽകുന്ന വാർത്തയാണിതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. 20,000 ത്തോളം വോളണ്ടിയർമാരിലാണ് ഇതിൻ്റെ ട്രയൽ നടന്നത്. ഇതിൽ പകുതി വോളണ്ടിയർമാർ ബ്രിട്ടണിൽ നിന്നും ബാക്കിയുള്ളവർ ബ്രസീലിൽ നിന്നുമാണ്. യുകെയിൽ നടന്ന ട്രയലിൽ മലയാളികളും പങ്കാളികളായിരുന്നു. ഹളളിൽ നിന്നുള്ള ഡോ. ജോജി കുര്യാക്കോസും പീറ്റർബറോയിൽ നിന്നുള്ള റെജി കോവേലിലും ആസ്ട്രാസെനക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി വികസിപ്പിച്ച ആൻ്റി വൈറൽ വെക്ടർ വാക്സിൻ്റെ ട്രയലിൽ പങ്കെടുത്തിരുന്നു. വാക്സിനേഷൻ അടുത്ത മാസം തുടങ്ങുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. യുകെയിലെ ഡ്രഗ് റെഗുലേറ്ററുടെ അനുമതി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പത്ത് മാസം കൊണ്ടാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിൻ വികസിപ്പിച്ചത്. വ്യത്യസ്തമായ രണ്ടു ട്രയലുകളാണ് നടത്തിയത്. ഒന്നിൽ 90 ശതമാനവും അടുത്തതിൽ 62 ശതമാനവും കോവിഡ് പ്രതിരോധശേഷി ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇതിൻ്റെ കംബൈൻഡ് ആവറേജ് പ്രകാരമാണ് വാക്സിൻ 70 ശതമാനം വിജയകരമെന്ന് റിസർച്ചർമാർ വെളിപ്പെടുത്തിയത്. 90 ശതമാനം പ്രതിരോധശേഷി നല്കിയ ട്രയലിൽ പങ്കെടുത്തവർക്ക് വാക്സിൻ്റെ പകുതി ഡോസ് ആദ്യം നല്കുകയും പിന്നീട് ഫുൾഡോസ് കൊടുക്കുകയും ചെയ്തിരുന്നു. പങ്കെടുത്ത വോളണ്ടിയർമാരിൽ 131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 101 പേർ മെനിഞ്ജൈറ്റിസ് വാക്സിനാണ് നല്കിയിരുന്നത്.

ജർമൻ കമ്പനിയായ ഫൈസറും അമേരിക്കൻ കമ്പനിയായ മോഡേർണയും വികസിപ്പിച്ച വാക്സിനുകൾ 95 ശതമാനം പ്രതിരോധശേഷി നല്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഓക്സ്ഫോർഡ് വാക്സിൻ എളുപ്പത്തിൽ ട്രാൻസ്പോർട്ട് ചെയ്യാനും സ്റ്റോർ ചെയ്യാനും സാധിക്കും. കൂടാതെ കുറഞ്ഞ നിരക്കിൽ വാക്സിൻ ലഭ്യമാക്കാൻ കഴിയും. വാക്സിൻ്റെ 100 മില്യൺ ഡോസുകൾക്ക് ബ്രിട്ടൺ പ്രീ ഓർഡർ നല്കിയിട്ടുണ്ട്. നാലു മില്യൺ ഡോസുകളുടെ ഉൽപാദനം ആസ്ട്ര സെനക്ക നിലവിൽ പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത വർഷം 3 ബില്യൺ ഡോസുകൾ ലോകവ്യാപകമായി വിതരണം ചെയ്യാനാണ് ആസ്ട്ര സെനക്ക ലക്ഷ്യമിടുന്നത്. കെയർ ഹോം റെസിഡൻ്റുകൾക്കും സ്റ്റാഫുകൾക്കുമാണ് ബ്രിട്ടണിൽ വാക്സിൻ ആദ്യം നല്കുന്നത്. ഹെൽത്ത് കെയർ വർക്കേഴ്സിനും 80 വയസിനു മുകളിൽ പ്രായമുള്ളവർക്കും വാക്സിനേഷനിൽ മുൻഗണന ലഭിക്കും

Other News