Tuesday, 09 July 2024

എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റുകളിൽ കാലതാമസം നേരിടുന്നതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

എൻ എച്ച് എസ് കെയറിനുള്ള വെയിറ്റിംഗ് ലിസ്റ്റിൽ വലിയ കാലതാമസം നേരിടുന്നതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. അടുത്ത മൂന്നോ അഞ്ചോ വർഷത്തേക്കെങ്കിലും ചികിത്സയ്ക്കായി പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണത്തിലുള്ള കുതിപ്പ് തുടരുമെന്ന് ആശുപത്രി ഓപ്പറേറ്റർമാർ പ്രതീക്ഷിക്കുന്നു.

ഡയഗ്‌നോസ്റ്റിക് പരിശോധനകൾ, തിമിരം നീക്കം ചെയ്യൽ, ജോയിന്റ് റീപ്ലേസ്‌മെന്റുകൾ തുടങ്ങിയ നടപടിക്രമങ്ങൾക്ക് എൻ എച്ച് എസ് ഹോസ്പിറ്റലിൽ ദൈർഘ്യമേറിയ കാത്തിരിപ്പ് തുടരുന്നതിനാൽ ആളുകൾ അവരുടെ സമ്പാദ്യം ഉപയോഗിച്ച് സ്വകാര്യ ആശുപത്രികളെ കൂടുതലായി ആശ്രയിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

2020 മാർച്ചിൽ കോവിഡ് ബാധിക്കുന്നതിന് മുമ്പുതന്നെ സ്വയം പണമടച്ച് സ്വകാര്യ ചികിത്സ ലഭ്യമാക്കാൻ ആളുകൾ കൂടുതലായി താൽപ്പര്യം കാണിച്ചു തുടങ്ങിയിരുന്നു. എന്നാൽ, കൊറോണ വൈറസ് വ്യാപനം സാധാരണ ഹെൽത്ത് കെയർ മേഖലയെ കൂടി പാൻഡമിക് സമയത്ത് ബാധിച്ചതു കാരണം ചികിത്സാ രംഗത്തെ വർദ്ധിച്ച ഡിമാൻഡ് നിറവേറ്റാൻ ആശുപത്രികൾക്ക് കഴിഞ്ഞില്ല. 2025 ഓടെ മെഡിക്കൽ മേഖല, വിപണിയെ 10%-15% വരെ വളർത്തുമെന്ന് ഇൻഡസ്ട്രി ലീഡർമാരിൽ പകുതിയും പ്രതീക്ഷിക്കുന്നു.

സ്വകാര്യ ആരോഗ്യ മേഖലയിലെ വിശകലന വിദഗ്ധരടങ്ങിയ ലെയിംഗ് ബുയിസൺ റിപ്പോർട്ട് പ്രകാരം, ബ്രെക്‌സിറ്റും സാമ്പത്തിക അനിശ്ചിതത്വവും ഉണ്ടായിരുന്നിട്ടും ആളുകൾ പണം മുടക്കി പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കുന്നതിനുള്ള പ്രധാന കാരണം എൻ എച്ച് എസി ൽ നേരിടുന്ന ദൈർഘ്യമേറിയ കാത്തിരിപ്പ് സമയമാണ്. 2020 നും 2021 നും ഇടയിൽ ഇപ്രകാരം ചികിത്സയ്ക്ക് പണം ചിലവാക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിച്ച ആളുകളുടെ എണ്ണത്തിൽ 115% വർദ്ധനവ് രേഖപ്പെടുത്തിയതായി യുകെയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ഗ്രൂപ്പായ സ്‌പയർ ഹെൽത്ത്‌കെയർ അവരുടെ വാർഷിക അക്കൗണ്ട് റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചു. 2020-ൽ  920 മില്യൺ പൗണ്ട് വരുമാനം ലഭിച്ച സ്ഥാനത്ത് കഴിഞ്ഞ വർഷം 1.106 ബില്യൺ പൗണ്ടായി അത് ഉയർന്നു എന്ന് സ്‌പയർ ഹെൽത്ത്‌കെയർ വെളിപ്പെടുത്തി.

സ്വകാര്യ സെൽഫ് പേ മാർക്കറ്റിന്റെ മൊത്ത മൂല്യം 2010 മുതൽ വർഷാവർഷം ഉയരുകയും 2020-ൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1.117 ബില്യൺ പൗണ്ടിൽ എത്തുകയും ചെയ്തു. 2022 കൂടുതൽ സുസ്ഥിരമായ വളർച്ച കാണിക്കാനും സാധ്യതയുണ്ടെന്ന് ലെയിംഗ് ബുയിസൺ കൺസൾട്ടന്റും റിപ്പോർട്ടിന്റെ രചയിതാവുമായ ലിസ് ഹീത്ത് പറഞ്ഞു. കഴിഞ്ഞ 12 മാസത്തിനിടെ സ്വയം പണമടച്ച് മെഡിക്കൽ ടെസ്റ്റുകൾ ചെയ്യാൻ വരുന്ന ആളുകൾ 50-60% വരെ വർദ്ധിച്ചു എന്ന്  എംആർഐ, സിടി സ്‌കാൻ പോലുള്ള സ്വകാര്യ ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകളുടെ ചില ദാതാക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇത്രയും കാലം ഫണ്ട് ലഭിക്കാതെയും ജീവനക്കാരുടെ കുറവും അവഗണനയും എൻഎച്ച്എസിന് ഉണ്ടായിരുന്നില്ലെങ്കിൽ ആളുകൾക്ക് ഈ രീതിയിൽ സ്വകാര്യ ആശുപ്രതികളെ ചികിത്സയ്ക്കായി ആശ്രയിക്കേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്ന് മുൻ എൻഎച്ച്എസ് കൺസൾട്ടന്റും കീപ്പ് ഔവർ എൻഎച്ച്എസ് പബ്ലിക് എന്ന കാമ്പെയ്‌ൻ ഗ്രൂപ്പിന്റെ കോ-ചെയർമാനുമായ ഡോ. ടോണി ഒസള്ളിവൻ പറഞ്ഞു.

Other News