Sunday, 24 November 2024

മിനി ബഡ്ജറ്റ് ഇഫക്ട്... ഹാലിഫാക്സ് അടക്കമുള്ള ഒൻപത്  പ്രൊവൈഡർമാർ മാർക്കറ്റിലുണ്ടായിരുന്ന ഏതാനും മോർട്ട്ഗേജ് ഡീലുകൾ പിൻവലിച്ചു

മിനി ബഡ്ജറ്റ് ഉണ്ടാക്കിയ മാർക്കറ്റ് ചലനങ്ങളെ തുടർന്ന് മോർട്ട്ഗേജ് ഡീലുകൾ മാറ്റം വരുത്തുമെന്ന് ഏതാനും പ്രൊവൈഡർമാർ അറിയിച്ചു. ഹാലിഫാക്സ് അടക്കമുള്ള ഒൻപത്  പ്രൊവൈഡർമാർ മാർക്കറ്റിലുണ്ടായിരുന്ന ചില മോർട്ട്ഗേജ് ഡീലുകൾ തൽക്കാലത്തേയ്ക്ക് പിൻവലിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. യുകെയിലെ ഏറ്റവും വലിയ പ്രൊവൈഡറായ ഹാലിഫാക്സിൻ്റെ ഫീ പേയിംഗ് മോർട്ട്ഗേജ് ഡീലുകൾ പിൻവലിച്ചിട്ടുണ്ട്. ഫീ ഫ്രീ ഡീലുകളാണ് ഇനിയുണ്ടാവുക. ഇവയ്ക്ക് കൂടുതൽ പലിശ നിരക്ക് നൽകേണ്ടി വരുന്നവയാണ്. മോർട്ട്ഗേജ് ലോണുകൾ നൽകാനാവശ്യമായ ഫണ്ടിംഗിൻ്റെ നിരക്കുയർന്നതിനാൽ ഡീലുകളിൽ മാറ്റം വരുത്തുകയാണെന്ന് ഹാലിഫാക്സ് അറിയിച്ചു. ലോൺ ടു വാല്യൂ കണ്ടീഷനുകളിൽ മാറ്റമില്ല.

വിർജിൻ മണിയും സ്കിപ്ടൺ ബിൽഡിംഗ് സൊസൈറ്റിയും പുതിയ കസ്റ്റമേഴ്സിന് ഡീലുകൾ നൽകുന്നത് താത്കാലികമായി നിറുത്തി വച്ചു. പാരഗണും മറ്റു ചെറുകിട ലെൻഡർമാരും സമാന നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ന് രാത്രി 8 മണി മുതൽ പ്രോഡക്ടുകൾ പിൻവലിച്ചത് പ്രാബല്യത്തിൽ വരുമെന്ന് വിർജിൻ മണി അറിയിച്ചു. മാർക്കറ്റ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഈയാഴ്ച അവസാനത്തോടെ പ്രോഡക്ടുകൾ റീലോഞ്ച് ചെയ്യുമെന്നും വിർജിൻ മണി സൂചിപ്പിച്ചു.

പൗണ്ടിൻ്റെ മൂല്യത്തിൽ വൻ ഇടിവ് ഉണ്ടായതിനെ തുടർന്ന് ആവശ്യമെങ്കിൽ വിപണിയിൽ ഇടപെടുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കിയിരുന്നു. അടിസ്ഥാന പലിശ നിരക്ക് വീണ്ടും ഉയർത്താൻ മടിക്കില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്  ഇന്ന് വൈകുന്നേരം സ്റ്റേറ്റ്മെൻ്റ് ഇറക്കി. നാണ്യപ്പെരുപ്പ നിരക്ക് രണ്ട് ശതമാനത്തിലേയ്ക്ക് എത്തിയ്ക്കുവാനാവശ്യമായ പലിശ നിരക്ക് വർദ്ധനയ്ക്ക് ആവശ്യമെങ്കിൽ ബാങ്ക് തയ്യാറാവുമെന്ന് സ്റ്റേറ്റ്മെൻ്റ് പറയുന്നു. ലിസ് ട്രസ് സർക്കാരിൻ്റെ മിനി ബഡ്ജറ്റ് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയിൽ സൃഷ്ടിക്കുന്നത് വിപരീത ഫലമെന്ന് സൂചനകൾക്കിടെയാണ് സെൻട്രൽ ബാങ്കിൻ്റെ ഇടപെടൽ.

ബ്രിട്ടൻ്റെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടാണ് പുതിയ ചാൻസലർ ക്വാസി കാർട്ടെംഗ് ടാക്സ് ഇളവുകൾ പ്രഖ്യാപിച്ചത്. എന്നാൽ നാണ്യപ്പെരുപ്പവും വിലക്കയറ്റവും കൊണ്ട് നട്ടം തിരിയുന്ന സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാണ് പൗണ്ടിൻ്റെ മൂല്യ തകർച്ച സൃഷ്ടിക്കുന്നത്. വെള്ളിയാഴ്ച അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ ന്യായീകരിക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയും ചാൻസലറും തുടരുന്നത്. മാർക്കറ്റിലുണ്ടായ പ്രതിഫലനങ്ങളെ കുറിച്ച് പ്രതികരിക്കാൻ ചാൻസലർ വിസമ്മതിച്ചു.
 

Other News