Thursday, 21 November 2024

ആദ്യദിനം സ്കൂൾ ബോയ് സ്റ്റൈൽ... ഡൗണിംഗ് സ്ട്രീറ്റിൽ പക്വതയോടെ... പാർലമെൻ്റിൽ ഇരുത്തം വന്ന രാഷ്ട്രീയക്കാരൻ... റിഷി സുനാക്കിൻ്റെ തുടക്കം ഇങ്ങനെ

ബിനോയി ജോസഫ്

രണ്ടു നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെയാണ് ബ്രിട്ടണ് ഇത്തവണ ലഭിച്ചത്. 42 കാരനായ റിഷി സുനാക്കിൻ്റെ അതിവേഗമുള്ള രാഷ്ട്രീയ രംഗത്തെ വളർച്ച അത്ഭുതകരമാണ്. 2015 ലാണ് ആദ്യം എം.പിയായി തിരഞ്ഞെടുക്കപ്പെട്ടത്. തെരേസ മേ മന്ത്രിസഭയിൽ പാർലമെൻ്ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ലോക്കൽ ഗവൺമെൻ്റ് എന്ന പദവിയാണ് അദ്ദേഹം ആദ്യം വഹിച്ചത്. ചീഫ് സെക്രട്ടറി ടു ദി ട്രഷറിയായിട്ടാണ് ബോറിസ് ജോൺസൺ മന്ത്രിസഭയിൽ റിഷി സുനാക്ക് തുടക്കമിട്ടത്. പിന്നീട് ബ്രിട്ടൻ്റെ ചാൻസലറായി ചുമതലയേറ്റു. ഡൗണിംഗ് സ്ട്രീറ്റിലെ പാർട്ടി വിവാദങ്ങളെ തുടർന്നുള്ള രാഷ്ട്രീയ കാലാവസ്ഥയിൽ ബോറിസ് ജോൺസണിൽ അവിശ്വാസം രേഖപ്പെടുത്തി റിഷി സുനാക്ക്ചാൻസലർ പദവി രാജിവച്ചു.

ബോറിസ് പ്രധാനമന്ത്രി പദം രാജിവച്ചതിനെ തുടർന്ന് നടന്ന കൺസർവേറ്റീവ് പാർട്ടി ലീഡർഷിപ്പ് ഇലക്ഷനിൽ ധൈര്യപൂർവ്വം റിഷി സുനാക്ക് മത്സരത്തിനിറങ്ങി. പാർട്ടിയുടെ എം.പിമാരിൽ ഭൂരിഭാഗവും റിഷിയ്ക്ക് പിന്തുണ നല്കിയെങ്കിലും കൺസർവേറ്റീവ് മെമ്പർമാർ റിഷിയെ തിരസ്കരിച്ച് ലിസ് ട്രസിനെ തിരഞ്ഞെടുത്തു. കോവിഡ് സമയത്ത് ബ്രിട്ടീഷ് ജനതയെ കൈപിടിച്ച് മുന്നോട്ട് കൊണ്ടു പോകാൻ രാജ്യത്തിൻ്റെ ട്രഷറിയെ വേണ്ട വിധം ഉപയോഗപ്പെടുത്തിയ മിടുക്കനായ ചാൻസലർ റിഷിക്ക് അവർ ഒരു അവസരം നല്കിയില്ല. എന്നാൽ അധികമൊന്നും എംപിമാരുടെ സപ്പോർട്ടില്ലാത്ത ഫോറിൻ സെക്രട്ടറിയായിരുന്ന ലിസ് ട്രസിനെ രാജ്യത്തിൻ്റെ താക്കോൽ ഏല്പിച്ചു. ബ്രിട്ടണെ ഭരിക്കാൻ തുടങ്ങിയ ലിസ് ട്രസിനോട് 45 ദിവസത്തിൽ ഭരണമവസാനിപ്പിക്കാൻ കൺസർവേറ്റീവ് പാർട്ടി തന്നെ ആവശ്യപ്പെട്ടു.

ഉയർന്ന അക്കാദമിക് നിലവാരമുള്ള കുടുംബ പശ്ചാത്തത്തിൽ നിന്നെത്തിയ റിഷി സുനാക്ക് ലീഡർഷിപ്പ് മത്സരത്തിനെത്തിയത് വേണ്ടത്ര തയ്യാറെടുപ്പുകളോടെ തന്നെയായിരുന്നു. കോവിഡ് കാലത്തെ ജനോപകാരപ്രദമായിരുന്ന ഫർലോ സ്കീമും ലിസ് ട്രസിന് അവസാനം തൻ്റെ സാമ്പത്തിക നയം നടപ്പാക്കേണ്ടി വന്നതും പ്രചാരണ വിഷയമാക്കി. അതീവ സമ്പന്നനായ ബുദ്ധിശാലിയായ യുവാവ് എന്ന ഖ്യാതി റിഷി സുനാക്കിന് ഗുണവും ദോഷവും ഉണ്ടാക്കി. ഏഷ്യൻ വംശജനായ റിഷിയുടെ രംഗപ്രവേശം ലീഡർഷിപ്പ് തെരഞ്ഞെടുപ്പിനെ ലോക ശ്രദ്ധയിലേയ്ക്കും നയിച്ചു. റിഷി സുനാക്കിൻ്റെ ഭാര്യ അക്ഷതയുടെ നോൺ ഡൊമിസൈൽ സ്റ്റാറ്റസും മാധ്യമങ്ങൾ ചർച്ചാ വിഷയമാക്കി. ഇത്രയും ധനികനായ പ്രധാനമന്ത്രിയ്ക്ക് രാജ്യത്തെ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ പറ്റുമോയെന്ന സന്ദേഹവും വാർത്തകളിൽ നിറഞ്ഞു. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിയ്ക്കുള്ള ഏറ്റവും നല്ല പരിഹാരം റിഷിയെ ചുമതലയേൽപ്പിക്കുക എന്നതാണെന്ന അഭിപ്രായമാണ് അദ്ദേഹത്തെ ഒരു പരിധി വരെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി റിഷി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 'പക്വതയുള്ള ഒരാളെ അവസാനം ഓഫീസ് ഇൻ ചാർജായി കിട്ടിയെന്ന്' ഒരു എം പി പറഞ്ഞു. 'ഇനി എനിക്ക് എൻ്റെ മണ്ഡലത്തിലെ ജനങ്ങളോട് മുഖത്ത് നോക്കി സംസാരിക്കാം' മറ്റൊരു എം.പി അഭിപ്രായപ്പെട്ടു.

കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ദിനത്തിൽ എം.പിമാരെ അഭിസംബോധന ചെയ്ത റിഷി സുനാക്കിൻ്റെ ശരീരഭാഷ ഒരു സ്കൂൾ ബോയ് സ്റ്റൈലിലായിരുന്നു. കാണാതെ പഠിച്ച്  ഓഡിയൻസിനു മുന്നിൽ അല്പം ഭയപ്പാടോടെ നിൽക്കുന്ന സ്കൂൾ കുട്ടിയെപ്പോലെയെന്ന് വിമർശനമുയർന്നു. എന്നാൽ പ്രധാനമന്ത്രി പദമേറ്റെടുത്ത് ഡൗണിംഗ് സ്ട്രീറ്റിൽ രാജ്യത്തെ അഭിസംബോധന ചെയ്ത റിഷി സുനാക്ക് തികച്ചും പക്വതവന്ന ഭരണാധികാരി എന്ന നിലയിലേയ്ക്കെത്തി. താൻ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായി വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഏതു പ്രൈംമിനിസ്റ്ററുടേയും രാഷ്ട്രീയക്കളരിയിലെ മികവ് പരീക്ഷിക്കുന്ന പാർലമെൻ്റിലെ ക്വസ്റ്റ്യൻ ടൈം  റിഷി സുനാക്ക് വിജയകരമായി പൂർത്തിയാക്കി. ചോദ്യശരങ്ങളുമായി റിഷിയെ വീഴ്ത്തുവാനിറങ്ങിയ ലേബർ ലീഡർ കെയ്ർസ്റ്റാമറിനെ തഴക്കം വന്ന രാഷ്ട്രീയക്കാരനെപ്പോലെ നേരിടാൻ റിഷിയ്ക്ക് സാധിച്ചു. പാർലമെൻ്റിൽ റിഷിയ്ക്ക് കൺസർവേറ്റീവ് പാർട്ടി എം.പിമാരുടെ പൂർണ പിന്തുണ കിട്ടിയെന്നത് തികച്ചും ശ്രദ്ധേയമായിരുന്നു.

Crystal Media UK Youtube channel 

ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ റിഷി സുനാക്കിനെ കൈയടിയോടെയാണ് ഫൈനാൻഷ്യൽ മാർക്കറ്റ് സ്വീകരിച്ചത്. ഇതേത്തുടർന്ന് പൗണ്ടിൻ്റെ വിനിമയമൂല്യം കഴിഞ്ഞ ഏഴാഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. മോർട്ട്ഗേജ് രംഗത്തും പ്രതീക്ഷ നൽകുന്ന ചലനങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിൻ്റെ നിയമനത്തിലൂടെ കഴിഞ്ഞു. ബ്രിട്ടൻ്റെ സാമ്പത്തിക രംഗത്തെ സ്ഥിരതയിലേയ്ക്ക് നയിക്കുകയെന്ന വൻ ചുമതലയാണ് 42 കാരനായ റിഷിയുടെ മേലുള്ളത്. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയെ നയിയ്ക്കേണ്ടതും റിഷിയുടെ ഉത്തരവാദിത്വമാണ്.

Other News