Friday, 22 November 2024

ജീവിതച്ചിലവ് നിയന്ത്രണാതീതം... പെൻഷൻ പ്രായമായിട്ടും റിട്ടയർമെൻറ് മാറ്റി വയ്ക്കുന്നവർ നിരവധി

ജീവിതച്ചലവിൽ അപ്രതീക്ഷിതമായ വർദ്ധന ഉണ്ടായതിനെ തുടർന്ന് ബ്രിട്ടണിൽ നിരവധി പേർ റിട്ടയർമെൻ്റ് എടുക്കാൻ മടിച്ചു നിൽക്കുന്നു. ഫുൾടൈം ജോലിയുള്ളവർ റിട്ടയർമെൻ്റ് തീരുമാനം മാറ്റി വച്ച് പാർട്ട് ടൈം ജോലിയിലേയ്ക്ക് മാറാനും നിർബന്ധിതരാകുന്നുണ്ട്. പെൻഷൻ വാങ്ങിത്തുടങ്ങിയവരിൽ നിരവധി പേരും ഇനിയും ജോലിയിലേയ്ക്ക് മടങ്ങിപോകേണ്ടി വരുമോ എന്ന ആശങ്കയും പങ്കുവയ്ക്കുന്നു. പെൻഷൻ ഫണ്ടുകളുടെ മോശമായ നിലയും എനർജി ബില്ലുകളുടെ വർദ്ധനയും ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുതിച്ചു കയറ്റവും പെൻഷനേഴ്സിനെ സാരമായി ബാധിക്കുന്നുണ്ട്.

റിട്ടയർമെൻ്റ് എടുക്കാൻ പദ്ധതിയിട്ടിരുന്ന പത്തിലൊരാൾ വീതം ഇത് താമസിപ്പിക്കുന്ന അവസ്ഥയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പത്തു ശതമാനം പേർ പാർട്ട് ടൈം ജോബിലേയ്ക്കും 3.3 ശതമാനം പേർ ഫുൾ ടൈം ജോബിലേയ്‌ക്കും മടങ്ങുമെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് ഇൻവെസ്റ്റ്മെൻ്റ് കമ്പനിയായ എ ജെ ബെൽ പറയുന്നത്. റിട്ടയർ ചെയ്തവരിൽ പത്തു ശതമാനത്തോളം പേരുടെ സാമ്പത്തിക സ്ഥിതി ജോലിയുണ്ടായിരുന്ന സമയത്തേതിലും മോശമാകുമെന്നാണ് കണക്കാക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്കായി പെൻഷൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക പിൻവലിയ്ക്കേണ്ട സ്ഥിതിയും സംജാതമാകാം. എച്ച്എംആർസിയുടെ കണക്കനുസരിച്ച് 3.6 ബില്യൺ പെൻഷൻ വിത് ഡ്രോവലുകൾ 2022 ഏപ്രിലിനും ജൂണിനുമിടയിൽ നടന്നിട്ടുണ്ട്. 2021 ലെ സമാന കാലയളവിൽ ഉണ്ടായതിലും 23 ശതമാനം കൂടുതലാണിത്.

Other News