ഗവൺമെൻ്റിൻ്റെ എനർജി ബിൽ സപ്പോർട്ട് സ്കീം പ്രകാരമുള്ള പേയ്മെൻ്റ് നിരവധി കസ്റ്റമേഴ്സ് ക്ളെയിം ചെയ്യുന്നില്ല
ഗവൺമെൻ്റിൻ്റെ എനർജി സപ്പോർട്ട് സ്കീം പ്രകാരമുള്ള പേയ്മെൻ്റ് നിരവധി കസ്റ്റമേഴ്സ് ക്ളെയിം ചെയ്യുന്നില്ലെന്ന് വിവിധ എനർജി കമ്പനികൾ സൂചിപ്പിച്ചു. ഒക്ടോബർ മുതലാണ് എനർജി ബില്ലിൽ ഡിസ്കൗണ്ട് നല്കിത്തുടങ്ങിയത്. ഒരു വീടിനും 400 പൗണ്ട് വീതമാണ് ഇതു പ്രകാരം ലഭിക്കുന്നത്. ഒക്ടോബർ മുതലുള്ള ആറ് മാസക്കാലം തുല്യ തവണകളായി ഈ തുക എനർജി ബില്ലിൽ കുറവു വരുത്താൻ ഉപയോഗിക്കും. മാസം തോറും ഡയറക്ട് ഡെബിറ്റ് വഴി പേയ്മെൻ്റ് ചെയ്യുന്നവർക്ക് എനർജി കമ്പനികൾ തന്നെ ബില്ലിൽ ഡിസ്കൗണ്ട് നല്കുകയാണ് ചെയ്യുന്നത്.
എന്നാൽ പ്രീപേയ്മെൻറ് മീറ്റർ ഉപയോഗിക്കുന്നവർക്ക് ഡിസ്കൗണ്ട് വൗച്ചറുകളാണ് ലഭിക്കുന്നത്. പ്രീപെയ്മെൻറ് കസ്റ്റമേഴ്സിൽ നിരവധി പേർ ഈ സപ്പോർട്ട് സ്കീം പ്രയോജനപ്പെടുത്തുന്നില്ല. ഇതിന് അർഹതയുള്ളവരിൽ പകുതിയോളം മാത്രമേ ഡിസ്കൗണ്ട് വൗച്ചർ ഉപയോഗിക്കുന്നുള്ളൂ. പ്രീപേയ്മെൻ്റ് മീറ്ററുകൾ ടോപ്പ് അപ്പ് ചെയ്യുന്ന പേ പോയിൻ്റുകൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബറിൽ 800,000 ത്തോളം വൗച്ചറുകൾ പേപോയിൻ്റുകളിൽ കൂടി ഡിസ്കൗണ്ടിനായി ക്ളെയിം ചെയ്യേണ്ടതായിരുന്നു. 52.8 മില്യൺ പൗണ്ടിന് സമാനമായ വൗച്ചറുകളിൽ 27 മില്യൺ പൗണ്ടിൻ്റെ ക്ളെയിം മാത്രമേ പേ പോയിൻ്റുകളിൽ ഉണ്ടായുള്ളൂ.