Friday, 20 September 2024

ഹോസ്പിറ്റൽ ബെഡുകളുടെയും ആംബുലൻസുകളുടെയും എണ്ണം കൂട്ടാൻ   എൻഎച്ച്എസിന്  ഒരു ബില്യൺ പൗണ്ടിൻ്റെ പദ്ധതി

ഹോസ്പിറ്റൽ ബെഡുകളുടെയും ആംബുലൻസുകളുടെയും എണ്ണം കൂട്ടാൻ   എൻഎച്ച്എസിന്  ഒരു ബില്യൺ പൗണ്ടിൻ്റെ പദ്ധതി. എൻഎച്ച്എസ് അഭിമുഖീകരിക്കുന്ന നീണ്ട വെയ്റ്റിംഗ് ടൈം പരിഹരിക്കുന്നതിനായിട്ടാണ് ഒരു ബില്യൺ പൗണ്ടിൻ്റെ പുതിയ സ്കീം വിഭാവന ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് അധിക ഹോസ്പിറ്റൽ ബെഡുകളും നൂറുകണക്കിന് ആംബുലൻസുകളും ഈ വർഷം ഇംഗ്ലണ്ടിൽ പുറത്തിറക്കും. 5,000 പുതിയ ബെഡുകൾ വാങ്ങുന്നതു മുഖേന ഹോസ്പിറ്റൽ ബെഡുകളുടെ ശേഷി 5% ഉയർത്തും. അതോടൊപ്പം 800 പുതിയ  ആംബുലൻസുകൾ കൂടി ഉൾപ്പെടുത്തി ആംബുലൻസ് സേവനം 10% വർദ്ധിപ്പിക്കും. ഗവൺമെൻ്റും എൻഎച്ച്എസ് ഇംഗ്ലണ്ടും സംയുക്തമായി 1 ബില്യൺ പൗണ്ട് നിക്ഷേപത്തിന്റെ വിശദാംശങ്ങളടങ്ങിയ 2 വർഷത്തെ ബ്ലൂപ്രിൻ്റ് തയ്യാറാക്കിയിട്ടുണ്ട്.

എന്നാൽ, എൻഎച്ച്എസിലെ പത്ത് തസ്തികകളിൽ ഒന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. വിഭവ ശേഷി കൂട്ടുന്നത് മൂലം കൂടുതൽ ജീവനക്കാരെ കണ്ടെത്തേണ്ടതുണ്ട്. അതിനാൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പുതിയ പദ്ധതി എങ്ങനെ സഹായകരമാകുമെന്ന് വിലയിരുത്തുക പ്രയാസമാണെന്ന് കിംഗ്സ് ഫണ്ട് ഹെൽത്ത് തിങ്ക് ടാങ്ക് അഭിപ്രായപ്പെട്ടു. ഏപ്രിൽ മുതൽ നടപ്പിലാക്കുന്ന പദ്ധതി, എൻഎച്ച്എസ് ലക്ഷ്യം വെക്കുന്ന വെയ്റ്റിംഗ് ടൈമിലേക്ക് അടുക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയുണ്ടെന്നാണ് ഗവൺമെൻ്റ് വൃത്തങ്ങൾ അറിയിച്ചത്.

2024 മാർച്ചോടെ പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്: 

•നിലവിൽ 70% ൽ താഴെ രോഗികളെ മാത്രം നാല് മണിക്കൂറിനുള്ളിൽ കൈകാര്യം ചെയ്യുന്ന എ ആൻഡ് ഇ ശേഷി 76% ആയി വർദ്ധിപ്പിക്കുക. എന്നാൽ ഔദ്യോഗിക ലക്ഷ്യം 95% ആണ്.

•ഹൃദയാഘാതം തുടങ്ങിയ അടിയന്തര കോളുകൾക്ക് ശരാശരി 30 മിനിറ്റ് വെയ്റ്റിംഗ് ടൈം ആക്കുക. ഡിസംബറിൽ 90 മിനിറ്റിലധികമാണ് രോഗികൾ കാത്തിരിക്കേണ്ടി വന്നത്. ഔദ്യോഗിക ലക്ഷ്യം 18 ആണ്.

എൻഎച്ച്എസിലെ നീണ്ട വെയ്റ്റിംഗ് ടൈം കുറയ്ക്കുന്നത് താൻ മുൻഗണന നൽകുന്ന അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

കഴിഞ്ഞ വർഷം എടുത്ത ചില തീരുമാനങ്ങളും ഉൾപ്പെടുത്തി പദ്ധതി കൂടുതൽ വിപുലീകരിക്കാനാണ് ശ്രമിക്കുന്നത്. ഹൃദയസ്തംഭനം പോലുള്ള അവസ്ഥകളുള്ള രോഗികൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യകൾ വഴി വീടുകളിൽ തന്നെ വിദഗ്ധ പരിചരണം ലഭിക്കുന്ന വെർച്വൽ വാർഡുകൾ സൃഷ്ടിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഹോസ്പിറ്റൽ പ്രവേശനം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പ്രായമായവർക്ക് അടിയന്തര സേവനം നൽകുന്ന ഫാൾസ് സർവീസുകളും വർഷം മുഴുവനും പ്രവർത്തന സജ്ജമാക്കും. രോഗികളെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ സഹായിക്കുന്നതിന് സ്റ്റെപ്പ്-ഡൗൺ കെയർ പരീക്ഷിക്കാൻ പുതിയ പൈലറ്റുമാരും ഉണ്ടാകും. ഹോസ്പിറ്റൽ വാസത്തെ തുടർന്ന് വീണ്ടും മെഡിക്കൽ സപ്പോർട്ട് ആവശ്യമുള്ള ആളുകൾക്ക് പുതിയ റിഹാബിലിറ്റേഷൻ പദ്ധതിയും ഫിസിയോ സേവനങ്ങളും ഉൾപ്പെടുത്തും.

Other News