Tuesday, 28 January 2025

യുകെ മോട്ടോർവേകളിൽ ഹാൻഡ്‌സ് ഫ്രീ ഡ്രൈവിംഗ് ടെക്നോളജിയുമായി ഫോർഡ്

യുകെയിൽ ബ്ലൂക്രൂയിസ് ടെക്നോളജിയ്ക്ക് അംഗീകാരം ലഭിച്ചതിനെ തുടർന്ന് മോട്ടോർവേകളിൽ ഹാൻഡ്‌സ് ഫ്രീ ഡ്രൈവിങ്ങുമായി ഫോർഡ് രംഗത്തെത്തി. ചില മോട്ടോർവേകളിൽ മാത്രമാണ് "ഹാൻഡ്സ്-ഓഫ്, ഐയ്‌സ്-ഓൺ" സാങ്കേതികവിദ്യയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ഈ ടെക്നോളജിയ്ക്ക് സ്റ്റിയറിംഗ്, ആക്സിലറേഷൻ, ബ്രേക്കിംഗ് എന്നിവ നിയന്ത്രിക്കാൻ കഴിയും. എന്നാൽ ഡ്രൈവറുടെ നേരെയിരിക്കുന്ന ഒരു ക്യാമറ, ഡ്രൈവറുടെ കണ്ണുകൾ റോഡിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും. അതിനു ശേഷം മാത്രമാണ് വാഹനം കൺട്രോൾ സ്വയം ഏറ്റെടുക്കുക. ശേഷം ഫോർഡ് ഡ്രൈവർമാർക്ക് സ്റ്റിയറിങ്ങിൽ നിന്ന് കൈകൾ സ്വതന്ത്രമാക്കാൻ കഴിയും.

ഫോർഡിന്റെ ഇലക്ട്രിക് മുസ്താങ് മാക്-ഇ എസ്‌യുവിയുടെ 2023 മോഡലുകളിൽ മാത്രമാണ് ഈ ടെക്നോളജി ആദ്യം ലഭ്യമാകുക. ഈ മോഡലിന് മറ്റ് കാറുകളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും ട്രാഫിക് ജാമുകളിൽ പൂർണ്ണമായും സ്വയം നിർത്താനും സാധിക്കും. ഇതൊരു സെൽഫ് ഡ്രൈവിംഗ് കാറല്ലെന്നും, അസിസ്റ്റൻ്റ് ഡ്രൈവിംഗ് ടെക്നോളജിയിലെ അടുത്ത വികസനമാണെന്നും, അതിനാൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഓട്ടോമോട്ടീവ് റിസർച്ച് സ്ഥാപനമായ താട്ച്ചം റിസർച്ച് പറഞ്ഞു. ഇതിനെ വ്യത്യസ്‌തമാക്കുന്നത്, ഡ്രൈവർമാർക്ക് സ്റ്റിയറിങ്ങിൽ നിന്ന് കൈകൾ എടുക്കാൻ കഴിയും എന്നതാണ്. എന്നിരുന്നാലും, കണ്ണുകൾ മുന്നിലുള്ള റോഡിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കണമെന്ന് താട്ച്ചാമിലെ വെഹിക്കിൾ ടെക്നോളജി സ്‌പെഷ്യലിസ്റ്റ് ടോം ലെഗെറ്റ് പറഞ്ഞു. ഏറ്റവും പ്രധാനമായി, ഡ്രൈവർക്ക് മൊബൈൽ ഉപയോഗിക്കാനോ ഉറങ്ങാനോ റോഡിൽ നിന്ന് ശ്രദ്ധ മാറ്റുന്ന എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്താനോ അനുവാദമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോർഡിന്റെ ഇലക്ട്രിക് മുസ്താങ് മാക്-ഇ എസ്‌യുവിയുടെ 2023 മോഡലിൻ്റെ വില 50,830 പൗണ്ട് ആണ്. ആദ്യ 90 ദിവസത്തേക്ക് ഹാൻഡ്-ഓഫ് ടെക്നോളജി സൗജന്യമായിരിക്കും. അതിനുശേഷം ഡ്രൈവർമാർ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനായി സൈൻ അപ്പ് ചെയ്യേണ്ടിവരും. കഴിഞ്ഞ മാസമാണ് പുതിയ മോഡലിന്റെ ഡെലിവറി ആരംഭിച്ചത്. ഇതിന് പരമാവധി വേഗത 80mph ആണ്. കൂടാതെ ലെയ്ൻ അടയാളങ്ങളും സ്പീഡ് അടയാളങ്ങളും, റോഡിലെ മറ്റ് കാറുകളുടെ സ്ഥാനവും വേഗതയും കണ്ടെത്തുന്നതിന് ക്യാമറകളും സെൻസറുകളും ഉണ്ട്.

ഏറ്റവും പുതിയ ഡ്രൈവർ അസിസ്റ്റൻ്റ് സംവിധാനങ്ങൾ ഡ്രൈവിംഗ് സുഗമവും എളുപ്പവുമാക്കുകയും, ഡ്രൈവറുടെ പൂർണ്ണ ശ്രദ്ധ ഉറപ്പാക്കുന്നതിലൂടെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാനും സഹായകരമാകും എന്ന് ട്രാൻസ്പോർട്ട് മന്ത്രി ജെസ്സി നോർമൻ പറഞ്ഞു. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ മുൻകൂട്ടി മാപ്പ് ചെയ്ത 2,300 മൈൽ മോട്ടോർവേകളിൽ സുരക്ഷിതമെന്ന് കരുതുന്ന ചില ബ്ലൂ സോണുകളിൽ, തികച്ചും സുരക്ഷിതമാണെന്ന് സിസ്റ്റം ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ കാർ നിയന്ത്രണം ഏറ്റെടുക്കൂ എന്ന് ബ്രിട്ടനിലെയും അയർലൻഡിലെയും ഫോർഡിന്റെ മാനേജിംഗ് ഡയറക്ടർ ലിസ ബ്രാങ്കിൻ അറിയിച്ചു. ഡ്രൈവർ കണ്ണുകൾ അടച്ചിരിക്കുകയാണെങ്കിൽ, സ്റ്റിയറിംഗ് വീലിൽ കൈകൾ വയ്ക്കാനും നിയന്ത്രണം ഏറ്റെടുക്കാനും കാർ വാർണിങ് നൽകും, എന്നിട്ടും പ്രതികരിച്ചില്ലെങ്കിൽ, കാർ ക്രമാനുഗതമായി തനിയെ നിൽക്കും എന്നും അവർ പറഞ്ഞു. അപകടങ്ങളുടെ കാര്യത്തിൽ, ഇൻഷുറൻസ് ക്ലെയിമുകളിൽ ഡ്രൈവർ ഇപ്പോഴും പൂർണ്ണ ഉത്തരവാദിത്തം വഹിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യ "ഓട്ടോണമസ് ഡ്രൈവിംഗ് അല്ല" എന്നതിനാൽ ഡ്രൈവറുടെ നിയന്ത്രണത്തിൽ തന്നെയാണ്.

യുഎസിലും കാനഡയിലും, ഫോർഡിന്റെ സാങ്കേതികവിദ്യ 2021 മുതൽ ലഭ്യമാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, 190,000-ലധികം ഫോർഡ്, ലിങ്കൺ വാഹനങ്ങൾ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെ ഈ ടെക്നോളജി ഉപയോഗിച്ച് 60 ദശലക്ഷത്തിലധികം മൈലുകൾ പിന്നിട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

Other News