Thursday, 07 November 2024

ജ്ഞാനപീഠത്തിന്റെ നിറവിൽ അക്കിത്തത്തിന്  അഭിവാദ്യങ്ങളുമായി ജ്വാല ഇ-മാഗസിൻ ഡിസംബർ ലക്കം പ്രസിദ്ധീകരിച്ചു

സജീഷ് ടോം 

(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

കേരളത്തിന്റെ മണ്ണിലേക്ക് ആറാമത് ജ്ഞാനപീഠം പുരസ്‌കാരം എത്തിച്ച മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്  ആശംസകൾ നേർന്ന്കൊണ്ട് യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ സാഹിത്യപ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ ഡിസംബർ ലക്കം പുറത്തിറങ്ങി. ഉള്ളടക്കത്തിലെ മനോഹാരിതയും ആധികാരികതയും, ഒപ്പം അവതരണത്തിലെ പ്രൊഫഷണലിസവും  ജ്വാലയെ ലോക മലയാളികൾക്ക് പ്രിയങ്കരവും, യുക്മക്ക് അഭിമാനകരവും ആക്കുന്നു.

ഭാഷയെക്കുറിച്ചും കവിതയെക്കുറിച്ചും മലയാളത്തിലെ ആധികാരിക ശബ്ദങ്ങളിൽ ഒന്നായ അക്കിത്തിത്തിന് ജ്ഞാനപീഠം നൽകിയത് വഴി ജ്ഞാനപീഠം പുരസ്‌കാരം കൂടുതൽ മിഴിവാർന്നതും മികവാർന്നതുമായി മാറി എന്ന്  എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് പ്രസ്താവിക്കുന്നു. "വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം" എന്ന് മലയാളിയെ പാടി പഠിപ്പിച്ച കവിയെ തേടി പുരസ്‌കാരം എത്തിയത് കൂടുതൽ സന്തോഷപ്രദമെന്ന് എഡിറ്റോറിയൽ തുടരുന്നു.

ആമോസ് ഓസ് എന്ന ഇസ്രായേലി എഴുത്തുകാരന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടമാണ്  സോണിയ റഫീക് എഴുതിയ "ആമോസ് ഓസ് എന്ന ഇസ്രായേലി എഴുത്തുകാരൻ" എന്ന ലേഖനം. ജ്വാല ഇ-മാഗസിന്റെ വായനക്കാരുടെ ഇഷ്ട പംക്തിയായ സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ" തന്റെ വിദ്യാഭാസകാലത്തെ ഒരു രസകരമായ അനുഭവുമായി എത്തുകയാണ് ബീഥോവൻ എന്ന തലക്കെട്ടിൽ ജോർജ്ജ് അറങ്ങാശ്ശേരി. വിശുദ്ധ സഖിമാർ എന്ന നോവൽ എഴുതിയ സഹീറ തങ്ങൾ തന്റെ നോവലെഴുത്ത് അനുഭവങ്ങൾ വിവരിക്കുന്ന എഴുത്തനുഭവങ്ങൾ നല്ലൊരു രചനയാണ്. വിഖ്യാതനായ  ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ ബെർണാർഡോ ബെർട്ടലൂച്ചിയെ കുറിച്ച് ആർ. ഗോപാലകൃഷ്ണൻ എഴുതിയ ലേഖനം ഈ ലക്കത്തിലെ മറ്റൊരു പ്രൗഢ രചനയിൽപ്പെടുന്നു.

"പൂവല്ല പൂന്തളിരല്ല" എന്ന സൂപ്പർ ഹിറ്റ് ചലച്ചിത്ര ഗാനത്തിന്റെ പിറവിയെക്കുറിച്ചു വളരെ രസകരമായി വിവരിക്കുകയാണ് രവി മേനോൻ തന്റെ ലേഖനത്തിൽ. ജ്വാല എഡിറ്റോറിയൽ അംഗവും ചിത്രകാരനുമായ സി ജെ റോയിയുടെ ചിത്രങ്ങളുടെ അകമ്പടിയോടെ എത്തുന്ന കഥകൾ ഓരോന്നും വളരെ ഉന്നത നിലവാരം പുലർത്തുന്നു. കവിതകളിൽ യു കെയിലെ മലയാളി എഴുത്തുകാരി മഞ്ജു ജേക്കബ് എഴുതിയ രണ്ടു കവിതകളും ഉൾപ്പെടുന്നു.

യുക്മയുടെ കലാ-സാംസ്ക്കാരിക വിഭാഗമായ 'യുക്മ സാംസ്ക്കാരികവേദി' ആണ് "ജ്വാല" അണിയിച്ചൊരുക്കുന്നത്. ജ്വാല ഇ-മാഗസിന്റെ വായനക്കാർക്ക് ക്രിസ്മസ്-പുതുവർഷാശംസകൾ നേരുന്നു. ഡിസംബർ ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക.

https://issuu.com/jwalaemagazine/docs/december_2019  

Other News