Saturday, 23 November 2024

യൂറോപ്പിൽ നിന്ന് പിരിയുമ്പോഴും ബ്രിട്ടൺ യുവസുന്ദരി തന്നെ. ചെങ്കോലും കിരീടവുമായി ബോറിസ് ജോൺസൺ. ഗ്രേറ്റ് ബ്രിട്ടൺ ഉറച്ച കാൽവയ്പുകളോടെ മുന്നോട്ട്. ഗ്ലോബൽ ന്യൂസ് പ്രീമിയർ സൺഡേ റിവ്യൂ - 1

ബിനോയി ജോസഫ്
എക്സിക്യൂട്ടീവ് എഡിറ്റർ, ഗ്ലോബൽ ന്യൂസ് പ്രീമിയർ


ആധുനിക ബ്രിട്ടന്റെ ചരിത്രത്തിലെ അതിനിർണായകമായ ഒരു ആഴ്ചയായിരുന്നു കടന്നു പോയത്. 1973 ജനുവരി ഒന്നു മുതൽ യൂറോപ്യൻ യൂണിയന്റെ ഭാഗമായി പ്രവർത്തിച്ച യൂറോപ്പിലെ പ്രധാന രാഷ്ട്രീയ സാമ്പത്തിക ശക്തിയായ ബ്രിട്ടന്റെ യൂറോപ്യൻ യൂണിയൻ ബന്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ ബ്രിട്ടീഷ് ജനത പാർലമെന്റിനോട് വൻ ഭൂരിപക്ഷത്തോടെയാണ് ആവശ്യപ്പെട്ടത്. 2016 ലെ ബ്രെക്സിറ്റ് റഫറണ്ടത്തെ മാനിക്കാത്തവർക്ക് ജനാധിപത്യ രീതിയിൽ ഇരുട്ടടി കൊടുത്ത ഇലക്ഷനായിരുന്നു നടന്നത്. ജനറൽ ഇലക്ഷനെ ബ്രിട്ടീഷ് ജനത രണ്ടാം ബ്രെക്സിറ്റ് റഫറണ്ടമാക്കി മാറ്റി.

ബ്രെക്സിറ്റിനായി അരയും തലയും മുറുക്കി ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാർട്ടി തെരഞ്ഞെടുപ്പു ഗോദായിൽ നെഞ്ചുവിരിച്ചു നിന്നപ്പോൾ ചരിത്രത്തിലേയ്ക്ക് മറയപ്പെട്ടത് ലേബർ പാർട്ടി നേതാവ് ജെറമി കോർബിന്റെ സ്വപ്നങ്ങളായിരുന്നു. ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി അങ്കം കുറിച്ച ലേബർ പാർട്ടിയുടെ നയപരിപാടികൾ സാധാരണ ജനങ്ങളെ സ്വാധീനിക്കുന്നതായിരുന്നെങ്കിലും ബ്രെക്സിറ്റ് വികാരം ഇതിനെയൊക്കെ നിഷ്പ്രഭമാക്കി. ആദ്യത്തെ ബ്രെക്സിറ്റ് റഫറണ്ടത്തിന്റെ വിധി ഫ്രീസറിൽ സൂക്ഷിച്ചു വച്ച് രണ്ടാം റഫറണ്ടത്തിന് ഇടം കൊടുത്ത ലേബർ മാനിഫെസ്റ്റോ പൊതുജനം ചവറ്റുകുട്ടയിലെറിയുന്ന കാഴ്ചയായിരുന്നു യുകെയിൽ കണ്ടത്. കഴിവു തെളിയിച്ച പ്രഗത്ഭരായ ലേബർ പാർട്ടി എം.പിമാർ വൻ മാർജിനിൽ തോറ്റത് അതുകൊണ്ടുതന്നെയാണ്.

കഴിഞ്ഞ പാർലമെൻറിന്റെ ദാക്ഷിണ്യത്തിനായി കാത്തു നിന്ന ബോറിസ് ജോൺസൺ എന്ന മുൻ ലണ്ടൻ മേയറല്ല ഇന്നദ്ദേഹം. പാർലമെന്റിൽ ഏതു തീരുമാനവും നടപ്പാക്കാൻ കഴിവുള്ള പ്രബലനായ ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന് ലോകം ബോറിസിനെ വിളിക്കും. പാർലമെന്റിൽ കൺസർവേറ്റീവ് പാർട്ടിയ്ക്കുള്ള 80 എം.പിമാരുടെ ഭൂരിപക്ഷം ബോറിസിന് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. ബ്രിട്ടീഷ് പാർലമെൻറ് ഇലക്ഷന്റെ റിസൽട്ട് വന്നയുടൻ തന്നെ യൂറോപ്യൻ യൂണിയൻ ആസ്ഥാനമായ ബ്രസൽസിൽ അതിന്റെ പ്രകമ്പനങ്ങൾ ഉണ്ടായി.

യൂറോപ്യൻ യൂണിയൻ നേതാക്കളുടെ അപ്പോയിന്റ്മെന്റിനായി കാത്തു നിൽക്കുന്ന തെരേസ മേയുടെയും പഴയ ബോറിസിന്റെ കാലം കഴിഞ്ഞു. ബ്രിട്ടന്റെ ബ്രെക്സിറ്റ് ട്രാൻസിഷൻ പീരിയഡ് 2020 ഡിസംബറിനു ശേഷവും നീട്ടാൻ യൂറോപ്യൻ യൂണിയൻ തന്നെ മുൻകൈയെടുക്കാമെന്ന് ബ്രിട്ടനോട് പറയുന്ന യൂറോപ്യൻ നേതാക്കളുടെ നിലപാട് തന്നെ അതിനുദാഹരണമാണ്. ട്രാൻസിഷൻ പീരിയഡ് ഒരു കാരണവശാലും നീട്ടില്ല എന്ന് പാർലമെന്റിനെക്കൊണ്ട് അംഗീകരിപ്പിച്ച ബോറിസ് ജോൺസണ് യൂറോപ്യൻ യൂണിയനിൽ ഇനി മുതൽ അപ്പോയിന്റ് അല്ല ലഭിക്കുക, സ്വീകരണമായിരിക്കും. ബ്രിട്ടണുമായി നയതന്ത്ര ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാനും ട്രേഡ് ഡീലുകൾ ഒപ്പുവയ്ക്കാനും ലോകനേതാക്കൾ ബോറിസിന്റെ അപ്പോയിമെന്റിനായി കാത്തിരിക്കും. പൗണ്ട് വില ഉയർന്നതും സ്റ്റോക്ക് മാർക്കറ്റിൽ കണ്ട ഉത്സാഹവും രാജ്യത്തിന്റെ കരുത്തുറ്റ അവസ്ഥയുടെ ശുഭസൂചകമായ അടയാളങ്ങളായി. ലോകത്തിനു മുന്നിൽ അതിസുന്ദരിയായി ബ്രിട്ടൺ വീണ്ടും നിലയുറപ്പിച്ചു കഴിഞ്ഞു.

പാർലമെൻറിൽ നടന്ന ക്വീൻസ് സ്പീച്ചിൽ അതിപ്രധാനമായ നിയമ മാറ്റങ്ങളാണ് ബോറിസ് ജോൺസൺ അവതരിപ്പിച്ചത്. ബ്രിട്ടണിൽ അസമാധാനം വിതയ്ക്കുന്ന ഭീകര പ്രവർത്തനത്തിന്റെ വിത്തുകളെ പാടേ ഉന്മൂലനം ചെയ്യാനുള്ള നിർദ്ദേശങ്ങളും എൻഎച്ച്എസിന് ഓരോ വർഷവും 33.9 ബില്യൺ പൗണ്ടിന്റെ അധിക ഫണ്ടിംഗ് നല്കാനും ബ്രെക്സിറ്റ് ട്രാൻസിഷൻ ഊർജിതമാക്കാനുള്ള പദ്ധതികളും പാർലമെന്റിന്റെ അംഗീകാരത്തിന് സമർപ്പിച്ചു. ഭീകര പ്രവർത്തനത്തിന് ദീർഘകാല ജയിൽ ശിക്ഷ നല്കാനുള്ള നിയമ ഭേദഗതി നടപ്പാക്കപ്പെടും.

എൻഎച്ച്എസിലേയ്ക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതികളും ഗവൺമെൻറ് പ്രഖ്യാപിച്ചു. കൂടുതൽ സ്റ്റുഡൻറ്സിനെ നഴ്സിംഗ് മേഖലയിലേയ്ക്ക് ആകർഷിക്കുന്നതിനായി തിരിച്ചടയ്ക്കേണ്ടതില്ലാത്ത 5,000 പൗണ്ടിന്റെ ഫണ്ട് വീതം 2020 സെപ്റ്റംബർ മുതൽ ഓരോ വർഷവും സ്റ്റുഡന്റിന് നല്കാൻ ഗവൺമെന്റ് തീരുമാനമുണ്ടായിക്കഴിഞ്ഞു. നഴ്സിംഗ് പ്രഫഷൻ തിരഞ്ഞെടുക്കാൻ മടിച്ചു നിൽക്കുന്നവർക്ക് പ്രോത്സാഹനമായി മാറുന്നതായി ഗവൺമെൻറ് ഈ നയം. ലോകരാജ്യങ്ങൾക്കു മുന്നിൽ തലയുയർത്തി നിൽക്കുന്ന ബ്രിട്ടണിൽ പാർലമെൻറ് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ദിനങ്ങൾ ആഗതമാകുകയാണ്.

കുട്ടികളുടെ സിറ്റിസൺഷിപ്പിനായി അപേക്ഷിക്കുമ്പോൾ ഹോം ഓഫീസ് 1,012 പൗണ്ട് ഈടാക്കുന്നത് അമിതനിരക്കാണെന്നും നിയമവിരുദ്ധമാണെന്നും യുകെയിലെ ഹൈക്കോർട്ട് കഴിഞ്ഞയാഴ്ച വിധിച്ചത് വിദേശ രാജ്യങ്ങളിൽ നിന്ന് ഇവിടെ കുടിയേറിയവർക്ക് ഗുണം ചെയ്യും. യുകെയ്ക്ക് പുറത്തു ജനിച്ച കുട്ടികളും അതല്ലെങ്കിൽ മാതാപിതാക്കൾക്ക് യുകെ സിറ്റിസൺഷിപ്പോ സെറ്റിൽമെന്റ് സ്റ്റാറ്റസോ ലഭിക്കുന്നതിന് മുൻപ് യുകെയിൽ ജനിച്ച കുട്ടികളും ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കുമ്പോഴാണ് ഇത്രയും ഉയർന്ന തുക ഫീസായി നൽകേണ്ടത്. വിധിയുടെ അടിസ്ഥാനത്തിൽ ഫീസിൽ ഹോം ഓഫീസ് ഇളവു വരുത്തുമോ എന്നത് കാത്തിരുന്നു കാണാം.

ഇന്ത്യൻ സിറ്റിസൺഷിപ്പ് ബില്ലിനെതിരെ ലണ്ടനിൽ നിരവധി പേർ കഴിഞ്ഞയാഴ്ച പ്രതിഷേധിക്കാനെത്തി. മലയാളി സംഘടനകളും യൂണിവേഴ്സിറ്റി സ്റ്റുഡന്റുകളും ഇന്ത്യയുടെ ലണ്ടൻ എംബസിക്കു മുന്നിൽ പ്ളാക്കാർഡുകളുമായി മുദ്രാവാക്യം മുഴക്കി. ഓവർസീസ് ഇന്ത്യൻ സിറ്റിസൺഷിപ്പ് കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തമായ ഗൈഡ് ലൈൻ ലഭിച്ചത് പ്രവാസികൾക്ക് ആശ്വാസകരമായ വാർത്തയായിരുന്നു. 20 വയസിന് താഴെയുള്ളവരും 50 വയസിന് മുകളിൽ പ്രായമുള്ളവരുമായവർക്ക് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ 2020 ജൂൺ 30 വരെ ഒസിഐ കാർഡ് പുതുക്കിയില്ലെങ്കിലും ഇമിഗ്രേഷൻ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും കാലാവധി കഴിഞ്ഞ പാസ്പോർട്ടും പുതിയ പാസ്പോർട്ടും കൂടെ കരുതിയാൽ മതിയാകുമെന്നും അറിയിപ്പു വന്നത് ബ്രിട്ടണിലെ മലയാളികൾക്കും പ്രയോജനപ്രദമായി.

യുകെയിലെ മലയാളികൾ ക്രിസ്മസിന്റെ തിരക്കിൽ ആയിക്കഴിഞ്ഞു. സ്കൂളുകൾ ക്രിസ്മസ് അവധിയ്ക്കായി അടച്ചതോടെ ഹോളിഡേയ്ക്ക് പോകുന്നവർ ഒരു വശത്തും കുട്ടികളുടെ മാനേജ്‌മെന്റും ഡ്യൂട്ടി സമയവും ഒക്കെ കോർത്തിണക്കി കൊണ്ടു പോകുവാൻ അക്ഷീണ പ്രയത്നം നടത്തുന്ന ബാക്കിയുള്ളവരും മലയാളി സമൂഹത്തിലെ നേർക്കാഴ്ചയാകുന്നു. വിവിധ കമ്യൂണിറ്റികളും മത സംഘടനകളും ക്രിസ്മസ് ഇവന്റുകൾ ആരംഭിച്ചു കഴിഞ്ഞു.

ക്രിസ്മസ് സീസൺ വൻ ഷോപ്പിംഗ് സമയമായാണ് ബ്രിട്ടണിൽ കരുതപ്പെടുന്നത്. ക്രിസ്മസ് ആശംസകൾ അറിയിക്കാനും ക്രിസ്മസ് ഗിഫ്റ്റുകൾ കൈമാറാനും ഉത്സാഹത്തോടെ തയ്യാറെടുക്കുന്ന ജനതയാണ് ബ്രിട്ടണിൽ ഉള്ളത്. ക്രിസ്മസ് ഈവിൽ ഫാദർ ക്രിസ്മസ് വീടിന്റെ ചിമ്മനിയിലൂടെ ഇറങ്ങി വന്ന് ക്രിസ്മസ് ട്രീയുടെ സമീപം സമ്മാനപ്പൊതികൾ നിക്ഷേപിച്ചിട്ടു പോകുമെന്ന് ഇളംതലമുറയെ പറഞ്ഞു മനസിലാക്കുന്ന നാട് ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

Other News