Saturday, 21 September 2024

കൊറോണ വൈറസ് റിപ്പോർട്ടിനെത്തുടർന്ന് ചൈനയിൽ നിന്ന് വരുന്ന ഫ്ളൈറ്റുകൾക്ക് ലണ്ടൻ ഹീത്രുവിൽ നിരീക്ഷണം ഏർപ്പെടുത്തി. പതിനൊന്ന് മില്യൺ ജനങ്ങൾ താമസിക്കുന്ന വുഹാൻ സിറ്റിയിൽ പൊതുഗതാഗതം നിറുത്തിവച്ചു. സിറ്റിയ്ക്ക് പുറത്തേയ്ക്ക് പോവരുതെന്ന് നിർദ്ദേശം.

ചൈനയിൽ നിന്ന് വരുന്ന ഫ്ളൈറ്റുകൾക്ക് ലണ്ടൻ ഹീത്രുവിൽ നിരീക്ഷണം ഏർപ്പെടുത്തി. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് ചൈനയിലെ വുഹാൻ സിറ്റിയിൽ നിന്ന് വരുന്ന എല്ലാ ഫ്ളൈറ്റുകളും ലണ്ടനിലെ ഹീത്രുവിൽ നിരീക്ഷിക്കും. ടെർമിനൽ 4 ലെ പ്രത്യേക ഭാഗത്താണ് ഈ ഫ്ളൈറ്റുകളിലെ യാത്രക്കാർക്ക് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്തിന്റെ ടീം പരിശോധന നടത്തുന്നത്.

ഇതിനിടെ ചൈനയിൽ കൊറോണ വൈറസ് പകരുന്നത് തടയുന്നതിനായി അടിയന്തിര നടപടികൾ തുടങ്ങി. പതിനൊന്ന് മില്യൺ ജനങ്ങൾ താമസിക്കുന്ന വുഹാൻ സിറ്റിയിൽ പൊതുഗതാഗതം നിറുത്തിവച്ചു. ജനങ്ങൾ സിറ്റിയ്ക്ക് പുറത്തേയ്ക്ക് പോവരുതെന്ന് നിർദ്ദേശവും നല്കിയിട്ടുണ്ട്. വരുന്നയാഴ്ച ലൂണാർ ന്യൂ ഇയർ ഹോളിഡേയ്ക്കായി ആയിരങ്ങൾ യാത്ര ചെയ്യാനിരിക്കെയാണ് നിരോധനം നടപ്പിലാക്കിയത്. എയർപോർട്ട്, റെയിൽ നെറ്റ് വർക്ക് വഴി സിറ്റിയിൽ നിന്ന് പുറത്തേയ്ക്ക് പോവാൻ കഴിയില്ല. ബസ്, ഫെറി, സബ് വേ എന്നിവ ജനുവരി 23 ന് ലോക്കൽ ടൈം രാവിലെ 10 മണി മുതൽ അടയ്ക്കും.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ഇതുവരെ 17 പേർ മരിച്ചിട്ടുണ്ട്. 500 ലേറെ പേരിൽ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു. ലണ്ടനിലെ ഇംപീരിയൽ കോളജിലെ ഗ്ലോബൽ ഇൻഫെക്ഷ്യസ് ഡിസീസ് അനാലിസിസിലെ സയന്റിസ്റ്റുമാരുടെ കണക്കനുസരിച്ച് 4,000 ത്തോളം പേർക്ക് വുഹാനിൽ അസുഖം ബാധിച്ചിട്ടുണ്ട്. മൃഗങ്ങളുടെ വിൽപ്പന നടക്കുന്ന വുഹാനിലെ സീ ഫുഡ് മാർക്കറ്റിൽ നിന്നാണ് വൈറസ് ബാധ ഉണ്ടായത്. ഇത് കൂടുതൽ വഷളാകാതിരിക്കാനും മറ്റു രാജ്യങ്ങളിലേയ്ക്ക് പടരുന്നത് തടയാനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കൊറോണ വൈറസുകളിൽ ആറ് വിഭാഗം മാത്രമേ മനുഷ്യനെ ബാധിക്കാറുള്ളൂ. ഇതിന് പുറമേയാണ് പുതിയ വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. മൃഗങ്ങളിൽ നിന്നാണ് ഇതിന്റെ പ്രാഥമിക ഉത്ഭവം നടക്കാറുള്ളതെങ്കിലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് ഇത് പകരും. പനി, ചുമ, ശ്വാസതടസം എന്നിവ ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. വൈറസിന്റെ അന്താരാഷ്ട്ര തലത്തിലുള്ള വ്യാപനം തടയാനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ വ്യാഴാഴ്ച എമർജൻസി മീറ്റിംഗ് വിളിച്ചിട്ടുണ്ട്.

 

Other News