ഇന്ത്യൻ ഏജൻസി വർക്കേഴ്സിന് നല്കുന്നത് മണിക്കൂറിന് 1.81 പൗണ്ട് മാത്രം. പി ആൻഡ് ഒ ക്രൂയിസിനെതിരെ യൂണിയനുകൾ പ്രതിഷേധം ശക്തമാക്കുന്നു.
സൂം കോളിലൂടെ പി ആൻഡ് ഒ ഫെറീസ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് 800 സ്റ്റാഫുകൾക്ക് പകരം വളരെ കുറഞ്ഞ നിരക്കിൽ ഇന്ത്യൻ ഏജൻസി വർക്കേഴ്സിനെ ജോലിയ്ക്ക് വയ്ക്കാനുള്ള കമ്പനിയുടെ നീക്കത്തിനെതിരെ വൻ ജനരോക്ഷം ഉയരുന്നു. മണിക്കൂറിന് 1.81 പൗണ്ട് മാത്രം നല്കിയാണ് ഇവരെ ജോലിയ്ക്കെടുത്തിരിക്കുന്നതെന്ന് യൂണിയനുകൾ പറഞ്ഞു. ഡോവർ പോർട്ടിലേയ്ക്കുള്ള പി ആൻഡ് ഒ ഫെറീസിൻ്റെ പുതിയ ഏജൻസി വർക്കേഴ്സിന് നൽകുന്ന നിരക്ക് ജോലി മാനദണ്ഡങ്ങളുടെ ദുരുപയോഗമാണെന്ന് ദി റെയിൽ, മാരിടൈം ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ആരോപിച്ചു. എന്നാൽ ഇത് പി ആൻഡ് ഒ ഫെറീസ് നിഷേധിച്ചുവെങ്കിലും ഏജൻസി സ്റ്റാഫിന് നല്കുന്ന നിരക്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നല്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മിക്ക ക്രൂയിസ് ഷിപ്പുകളും സൈപ്രസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ യുകെയുടെ മിനിമം വേജസ് നിയമങ്ങൾ ബാധകമല്ലെന്നതാണ് സ്ഥിതി.
കഴിഞ്ഞ വെള്ളിയാഴ്ച നോട്ടീസ് പോലും നല്കാതെ സ്റ്റാഫുകളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട പി ആൻഡ് ഒ ഫെറീസിൻ്റെ നടപടിയിൽ കനത്ത പ്രതിഷേധമാണ് ഉണ്ടായത്. സൂം കോളിലൂടെ പി ആൻഡ് ഒ ഫെറീസ് ജോലിയിൽ നിന്ന് പുറത്താക്കിയത് 800 സ്റ്റാഫുകളെയാണ്. വീഡിയോ സന്ദേശത്തിലൂടെ കമ്പനി മാനേജ്മെൻ്റ് ജോലിക്കാരോട് അവരുടെ അവസാന വർക്കിംഗ് ഡേയാണ് ഇതെന്ന് അറിയിക്കുകയായിരുന്നു. ലിവർപൂൾ, ലാർണെ, ഹൾ, ഡോവർ അടക്കമുള്ള പോർട്ടുകളിൽ യാത്രയ്ക്ക് തയ്യാറായി നിന്ന ക്രൂയിസ് ഷിപ്പുകളിലെ ജോലിക്കാരെയാണ് ഒന്നടങ്കം പിരിച്ചുവിട്ടത്.
പിരിച്ചുവിടുന്ന ജോലിക്കാർക്ക് പകരം ഏജൻസി സ്റ്റാഫുകളെ ഷിപ്പുകളിൽ ബോർഡ് ചെയ്യാനായി കമ്പനി പോർട്ടുകളിൽ തയ്യാറാക്കി നിറുത്തിയിരുന്നു. പിരിച്ചുവിടപ്പെട്ട സ്റ്റാഫുകൾ ഷിപ്പുകളിൽ തുടരുകയും പുറത്തു പോകാൻ വിസമ്മതിക്കുകയും ചെയ്തു.