Sunday, 24 November 2024

തണ്ണീർ മത്തൻ ദിനങ്ങളിലെ സ്റ്റെഫിയിലൂടെ മലയാളികളുടെ പ്രിയ താരമായ ഗോപിക രമേശിൻ്റെ പുതിയ ചിത്രം "വാങ്ക്". ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും ശ്രദ്ധേയയാവുന്നു.

കലോൽത്സവ വേദികളിൽ നിന്നാണ് പലപ്പോഴും കഴിവുറ്റ അഭിനേതാക്കളെ മലയാളത്തിന് കിട്ടിയിട്ടുള്ളത്. റിലീസ് ചെയ്യാൻ കാത്തിരിക്കുന്ന "വാങ്ക്" സിനിമയിലെ നാലു നായികമാരിൽ ഒരാളായ ഗോപിക രമേഷ് ഇത്തവണത്തെ കേരള യൂണിവേഴ്സിറ്റി കലോൽസവത്തിൽ ഹിന്ദി പദ്യ പാരായണത്തിന് ഒന്നാം സ്ഥാനം നേടിയാണ് വ്യത്യസ്തയായത്. അച്ഛന്റെ ജോലി സ്ഥലങ്ങൾക്കൊപ്പം ഉത്തരേന്ത്യയിലും ചെന്നെയിലും കേരളത്തിലും പഠിച്ചിട്ടുള്ള ഗോപികയ്ക്കു ഇംഗ്ലീഷും ഹിന്ദിയും തമിഴും മലയാളവും എല്ലാം ഒരുപോലെ വഴങ്ങും . ഫാഷൻ ഡിസൈനിങ്ങിലുള്ള ബിരുദ പഠനത്തിനു മുടക്കം തട്ടാതെയാണ് തന്റെ അഭിനയ ജീവിതവും ഗോപിക കൊണ്ടുപോകുന്നത്. കഴിവുള്ള നായികമാരെ സ്വീകരിച്ചിട്ടുള്ള മലയാളികൾ ഗോപികയുടെ ആദ്യ സിനിമയായ തണ്ണീർ മത്തൻ ദിനങ്ങളിലെ സ്റ്റെഫിയെ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഉണ്ണി ആറിന്റെ കഥയെ അടിസ്ഥാനമാക്കി ഷബ്‌ന മുഹമ്മദ് തിരക്കഥയെഴുതി കാവ്യ പ്രകാശ് സംവിധാനം നിർവഹിച്ച വാങ്ക് എന്ന ചിത്രത്തിൽ തുല്യ പ്രാധാന്യമുള്ള നാലു നായികമാരിൽ ഒരാളായി ശക്തമായ സ്ത്രീ കഥാപാത്രത്തെ മനോഹരമാക്കിയിരിക്കുന്നു ഗോപിക.



കലാരംഗത്തു ദേശീയ അവാർഡുകൾ കടന്നു വന്നിട്ടുള്ള കുടുംബത്തിലെ അംഗമാണ് ഗോപിക. ഫാമിലി ഫ്രണ്ടും യുകെയിൽ ഡോക്ടറുമായ ജോജി നിർമ്മിച്ച വിജയ് യേശുദാസ് ആലാപനത്തിലൂടെ പ്രശസ്തമായ എന്റെ വിദ്യാലയം എന്ന മനോഹരമായ ആൽബത്തിലൂടെ അപ്രതീക്ഷിതമായിട്ടാണ് ഗോപിക അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ചുരുങ്ങിയ നാളുകൾ കൊണ്ട് യൂട്യൂബും ഫേസ്ബുക്കും വാട്ട്സ് ആപ്പും വഴി തരംഗമായ ആ വീഡിയോ ആൽബം കാണാത്ത മലയാളികൾ ചുരുക്കമാണ്. അതിനു ശേഷം മെഡിക്കൽ വിദ്യാർത്ഥിയായ ജോൺസിനൊപ്പം തന്നെ വീണ്ടും അഭിനയിച്ച ഒരു പുഞ്ചിരിയകലെ എന്ന ശ്രീ പി ജയചന്ദ്രൻ മാഷ് ആലപിച്ച വീഡിയോ ആൽബവും ചുരുങ്ങിയ നാളു കൊണ്ടു ശ്രദ്ധേയമായി.

ദില്ലിയിലും ചെന്നൈയിലും കേരളത്തിലുമായി പത്തുവർഷം പല ഗുരുക്കന്മാരുടെ കീഴിൽ ക്ലാസിക്കൽ ഡാൻസ് അഭ്യസിച്ച ഗോപിക നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു കാണികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. സ്കൂൾ പഠന കാലത്തു മോണോ ആക്ടിനും ഹിന്ദി പദ്യപാരായണത്തിനും സമ്മാനങ്ങൾ വാരിക്കൂട്ടാറുള്ള ഗോപിക ഒരു മികച്ച അവതാരിക (anchor ) കൂടിയാണ്. ഉച്ചാരണ ശുദ്ധിയോടെ പല ഭാഷകൾ അതിലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഗോപിക വിവിധ ഭാഷക്കാർ ഒന്നിക്കുന്ന വേദികളിൽ ഹിന്ദിയും മലയാളവും ഇംഗ്ലീഷും തമിഴും മാറി മാറി സംസാരിച്ചു കാണികളെ അത്ഭുതപ്പെടുത്താറുണ്ട് .

വായനയും പഠനവും കലയും ഒരുപോലെ ഇഷ്ടപ്പെടുന്ന, ലളിതമായി ജീവിക്കുകയും എല്ലാവരോടും വിനയത്തോടെ ഇടപെടുകയും വളരെ നാച്ചുറൽ ആയി പരിഭ്രമങ്ങൾ ഒന്നും തന്നെ കൂടാതെ അഭിനയിക്കുകയും ചെയ്യുന്ന ഗോപിക അഭിനയത്തിന്റെ കൊടുമുടികൾ കൈയ്യടക്കും എന്ന് തന്നെ ഉറപ്പിച്ചു പറയാം . ചെന്നൈയിൽ പുതിയ വർക്കിന്റെ തിരക്കിലാണിപ്പോൾ ഗോപിക.

 

Other News