Sunday, 06 October 2024

അന്ധയാണെന്ന് അവകാശപ്പെട്ട് ഒരു മില്യൺ പൗണ്ടിൻ്റെ ബെനഫിറ്റ് തട്ടിപ്പ് നടത്തിയ മാഞ്ചസ്റ്ററിലെ 65 കാരിയായ ഗ്രാൻഡ് മദറിന് മൂന്നു വർഷവും 8 മാസവും ജയിൽ ശിക്ഷ

അന്ധയാണെന്ന് അവകാശപ്പെട്ട് 15 വർഷത്തോളം ബെനഫിറ്റ് തട്ടിപ്പ് നടത്തിയ മാഞ്ചസ്റ്ററിലെ 65 കാരിയായ ഗ്രാൻഡ് മദറിന് ജയിൽ ശിക്ഷ വിധിച്ചു. 2005 മുതൽ ഇവർ അന്ധതയും മൾട്ടിപ്പിൾ സ്ക്ളീറോസിസുമുള്ള തനിക്ക് കെയർ സപ്പോർട്ട് 24 മണിക്കൂറും ആവശ്യമാണെന്ന് കാണിച്ച് ക്ലെയിം ചെയ്യുകയായിരുന്നു. ഇതിൻ്റെ പേരിൽ ഡിസേബിലിറ്റി അലവൻസ്, കെയറേഴ്സ് അലവൻസ്, മറ്റു സ്റ്റേറ്റ് പേയൗട്ടുകൾ എന്നിവയും സ്വന്തമാക്കി.

കഴിഞ്ഞ വർഷം ജനുവരിക്കും 2005 നുമിടയിൽ മൂന്ന് വിവാഹങ്ങൾ കഴിച്ച ഓൾഡാമിനടുത്ത് ഷോയിലുള്ള ക്രിസ്റ്റീന പോംഫ്രെയാണ് അവസാനം പിടിയിലായത്. സ്വന്തം പേരിലില്ലാത്ത വീടിൻ്റെ അഡ്രസുപയോഗിച്ചും മറ്റുള്ളവരുടെ വിവരങ്ങൾ ഉപയോഗിച്ചും ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഒരു യാർഡ് നടക്കാൻ പത്ത് മിനിട്ട് സമയം ആവശ്യമാണെന്നാണ് ഇവർ മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്.

ഇവരുടെ ക്ളെയിമിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഇവർ സ്വയം കാർ ഡ്രൈവ് ചെയ്ത് പോകുന്നതും ഗ്രാൻഡ് ചിൽഡ്രനെ സ്കൂളിൽ നിന്ന് കൊണ്ടു വരുന്നതും നടക്കാനും ഷോപ്പിംഗിനും ബ്യൂട്ടി സലൂണിൽ പോകുന്നതും അന്വേഷകർ രഹസ്യമായി റെക്കോഡ് ചെയ്യുകയായിരുന്നു. ഇവർ പോർച്ചുഗലിൽ ഹോളിഡേയ്ക്ക് പോയ സമയത്ത് പോലീസ് മാഞ്ചസ്റ്ററിലെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.

മാഞ്ചസ്റ്ററിലെ മിൻഷൾ സ്ട്രീറ്റ് ക്രൗൺ കോർട്ട് ക്രിസ്റ്റീന പോംഫ്രെയ്ക്ക് മൂന്നു വർഷവും 8 മാസവും തടവാണ് വിധിച്ചിരിക്കുന്നത്. വിധി കേട്ടിട്ടും യാതൊരു ഖേദവും പ്രകടിപ്പിക്കാത്ത ഇവർ പബ്ളിക് ഗാലറിയിൽ ഉണ്ടായിരുന്നവർക്ക് ഫ്ളയിംഗ് കിസ് നല്കാനും മടിച്ചില്ല. ക്രിസ്റ്റീനയുടെ മകൾ എയ്മീ ബ്രൗണിനും 18 മാസത്തെ സസ്പെൻഡഡ് ജയിൽ നല്കിയിട്ടുണ്ട്. ഇല്ലീഗലായി അമ്മ നേടിയ 88,994 പൗണ്ട് കൈകാര്യം ചെയ്യാൻ സഹായിച്ചതിനാണിത്. മൊത്തം 1,010,090.66 പൗണ്ടിൻ്റെ തട്ടിപ്പാണ് ക്രിസ്റ്റീന നടത്തിയത്.

Other News