കൊറോണ വൈറസ്: ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകൾക്ക് അടിയന്തര പദ്ധതികൾ

ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകൾക്കായി ഗവൺമെന്റ് അടിയന്തര പദ്ധതികൾ ആവിഷ്കരിക്കുന്നു, ജയിൽ ഉദ്യോഗസ്ഥർ അപ്രതീക്ഷിതമായ വെല്ലുവിളികൾ നേരിടുന്നുവെന്ന് യൂണിയനുകൾ അഭിപ്രായപ്പെട്ടു. ജയിൽ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതിന് ബോണസ് നൽകും - കൂടാതെ ഫ്രണ്ട്-ലൈൻ സേവനങ്ങൾ നികത്തുന്നതിന് സ്റ്റാഫുകളെ വീണ്ടും മാറ്റി വിന്യസിക്കും. കുടുംബാംഗങ്ങളുടെ സന്ദർശനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഒട്ടുമിക്ക ഇറ്റാലിയൻ ജയിലുകളിലും അന്തേവാസികൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
ജയിൽ ഓഫീസർമാരുടെ അസോസിയേഷൻ ഇംഗ്ലണ്ടിലെ ജയിലുകളിലെ അവസ്ഥയെ ക്രൂയിസ് കപ്പലുകളിലേതുമായി താരതമ്യപ്പെടുത്തി. വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജയിൽ ഗവർണേഴ്‌സ് അസോസിയേഷൻ അറിയിച്ചു. കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം പുലർത്തിയ തടവുകാരെ ഒന്നിച്ച് ഒരു സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കണമെന്ന് ജയിലുകൾക്ക് ഉപദേശം നൽകി.
വൈറ്റ്ഹാളിൽ ആസൂത്രണം ചെയ്യുന്ന പദ്ധതികളിൽ, അന്തേവാസികളുമായി പതിവായി ആശയവിനിമയം നടത്തുക, അവർക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാമെന്ന് ഉറപ്പുവരുത്തുക, ഏകാന്തത മാറ്റാൻ പുസ്തകങ്ങളും മാസികകളും പോലുള്ളവ നൽകുക എന്നിവ ഉൾപ്പെടുന്നു. മറ്റ് കെട്ടിടങ്ങളെ ജയിലുകളായി മാറ്റാനുള്ള സാധ്യതയും ചൂണ്ടി കാണിച്ചു. എന്നാൽ, പ്രായമായ തടവുകാരുടെ ആരോഗ്യപ്രശ്നങ്ങളിൽ കാര്യമായ ആശങ്കയുണ്ടെന്നും അറിയിച്ചു. ഏത് സാഹച്യത്തിലാണെങ്കിലും ആക്രമണകാരികളായ തടവുകാരെ മോചിപ്പിക്കാതെ ശിക്ഷാ കാലാവധി പൂർത്തിയാക്കണം എന്ന അഭിപ്രായമാണ് ഗവൺമെന്റിനുള്ളത്.