Friday, 20 September 2024

എൻഎച്ച്എസ് സ്റ്റാഫിന് "ഷോപ്പിംഗ് അവർ" ഒരുക്കി മാർക്ക് ആൻഡ് സ്പെൻസറും ടെസ്കോയും. പ്രോഡക്ടുകൾ കുറച്ച് സൂപ്പർമാർക്കറ്റുകൾ.

എൻഎച്ച്എസ് സ്റ്റാഫ് അടക്കമുള്ള എമർജൻസി വർക്കേഴ്സിന് പ്രത്യേക "ഷോപ്പിംഗ് അവർ" ഒരുക്കാൻ മാർക്ക് ആൻഡ് സ്പെൻസറും ടെസ്കോയും തീരുമാനിച്ചു. കൊറോണ ക്രൈസിസിൽ പെട്ട് ഷെൽഫുകൾ കാലിയായ ഷോപ്പുകൾ യുകെയിലെങ്ങും ഒരു സാധാരണ കാഴ്ചയായി മാറുമ്പോൾ തങ്ങളുടെ ജോലി കഴിഞ്ഞെത്തുന്ന അവശ്യ സർവീസുകളിലെ ജോലിക്കാർക്ക് വേണ്ട സാധനങ്ങൾ ലഭ്യമാക്കുന്നതിനാണ് പ്രത്യേക ഷോപ്പിംഗ് സമയം നല്കുന്നത്. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഷോപ്പിംഗിൻ്റെ ആദ്യ മണിക്കൂർ മാർക്ക് ആൻഡ് സ്പെൻസർ ഇതിനായി നീക്കി വയ്ക്കും. ടെസ്കോയിൽ ഞായറാഴ്ച രാവിലെ ആദ്യ മണിക്കൂർ എമർജൻസി സ്റ്റാഫിനായി നീക്കി വച്ചിട്ടുണ്ട്.

സാധാരണ വില്പനയ്ക്ക് എത്തിക്കുന്ന പ്രോഡക്ടുകളുടെ റേഞ്ച് കുറയ്ക്കാൻ സൂപ്പർമാർക്കറ്റുകൾ തീരുമാനിച്ചിട്ടുണ്ട്. പാസ്തയും സോസോജും പോലെയുള്ള ഭഷ്യ പദാർത്ഥങ്ങൾ വിവിധ തരത്തിലുള്ളത് ഷെൽഫിൽ ലഭ്യമായിരുന്നത് ഏതാനും എണ്ണമായി കുറയ്ക്കും. ജനങ്ങളുടെ ഷോപ്പിംഗ് രീതിയിൽ വന്ന വ്യത്യാസം മൂലമാണ് ഈ നയം സ്വീകരിക്കുന്നത്.

ഗവൺമെൻ്റ് നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കുന്നപക്ഷം 12 ആഴ്ചകൾക്കുള്ളിൽ ബ്രിട്ടണിലെ കൊറോണ ക്രൈസിസ് നിയന്ത്രണത്തിലാക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടണിൽ ഒരു കൊറോണ പേഷ്യൻ്റിൽ ഡ്രഗ് ട്രയൽ നടന്നതായും അദ്ദേഹം ഇന്നലത്തെ ലൈവ് ന്യൂസ് ബ്രീഫിംഗിൽ പറഞ്ഞു. എന്നാൽ ഏത് ഡ്രഗ് ആണ് പരീക്ഷിച്ചതെന്ന് വെളിപ്പെടുത്തിയില്ല. ബ്രിട്ടണിൽ കൊറോണ മരണങ്ങൾ 144 ലേയ്ക്ക് ഉയർന്നു. 29 പേർ കഴിഞ്ഞ 24 മണിക്കൂറിൽ ഇംഗ്ലണ്ടിൽ മരണമടഞ്ഞു.

ആൻറി ബോഡി ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കാനുള്ള അതിനിർണായമായ നീക്കത്തിലാണെന്നും ബോറിസ് അറിയിച്ചു. ആർക്കെങ്കിലും രോഗം ബാധിച്ചിരുന്നോ എന്ന് കണ്ടെത്താനുള്ള നിർണായകമായ രീതിയാണെന്നും പ്രതിരോധശേഷി കൈവരിച്ചവർക്ക് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാൻ ഇത് സഹായിക്കുമെന്നും ബോറിസ് പറഞ്ഞു. ഒരു മാസത്തിനുള്ളിൽ കൊറോണയ്ക്കുള്ള വാക്സിൻ്റെ ട്രയലുകൾക്കായി ബ്രിട്ടീഷ് സയൻറിസ്റ്റുകൾ തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലണ്ടൻ ലോക്ക് ഡൗൺ ചെയ്യാൻ നീക്കമില്ലെന്ന് ന്യൂസ് ബ്രീഫിംഗിൽ ബോറിസ് അറിയിച്ചു. ഇതു സംബസിച്ച് പരക്കുന്ന ഊഹാപോഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Other News