കൊറോണ ക്രൈസിസുമൂലം ജോലിയ്ക്ക് പോകാൻ പറ്റാത്തവർക്ക് 80% വരെ സാലറി ഗവൺമെൻ്റ് നല്കും. ഉയർന്ന പരിധി 2500 പൗണ്ട്.
കൊറോണ ക്രൈസിസിലകപ്പെട്ട ബ്രിട്ടീഷ് ജനതയ്ക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന അസാധാരണവും അത്യപൂർവ്വവുമായ സാലറി സപ്പോർട്ട് സ്കീം യുകെ ഗവൺമെൻ്റ് പ്രഖ്യാപിച്ചു. ബ്രിട്ടണിലെ ബിസിനസുകൾ തകരാതിരിക്കാനും ജീവനക്കാരുടെ ജോലി സംരക്ഷിക്കുന്നതിനുമായി സമഗ്രമായ പദ്ധതിയാണ് ചാൻസലർ റിഷി സുനാക്ക് നിർദ്ദേശിച്ചത്. ഇതനുസരിച്ച് കൊറോണ ക്രൈസിസുമൂലം ജോലിയ്ക്ക് പോകാൻ പറ്റാത്തവർക്ക് 80% വരെ സാലറി ഗവൺമെൻ്റ് നല്കും. ഇതിൻ്റെ ഉയർന്ന പരിധി 2500 പൗണ്ട് ആണ്. സ്റ്റാഫുകൾ ജോലിയ്ക്ക് ഹാജരാകാതിരിക്കുന്ന അവസ്ഥയിൽ ബിസിനസുകൾ നടക്കാതിരിക്കുകയും സാലറി നല്കാനാവാതെ സംരംഭങ്ങൾ അടച്ചിടുകയോ ജോലിക്കാരെ പിരിച്ചുവിടുകയോ ചെയ്യേണ്ട സ്ഥിതിവിശേഷം ഒഴിവാക്കാനാണ് പുതിയ സപ്പോർട്ട് പാക്കേജിലൂടെ ലക്ഷ്യമിടുന്നത്.
സാമ്പത്തിക ബാധ്യത മൂലം ജോലിക്കാർക്ക് ശമ്പളം നല്കാൻ സാധിക്കാത്ത സ്ഥാപനങ്ങൾക്ക് വൻ ആശ്വാസമാണ് ഈ പുതിയ പ്രഖ്യാപനം നല്കുന്നത്. ജോലിക്കാരുടെ ഗ്രോസ് പേ അടിസ്ഥാനമാക്കിയാണ് ഗവൺമെൻ്റ് വിഹിതം കണക്കാക്കുന്നത്. പിരിച്ചുവിടപ്പെട്ടവരെ തിരിച്ചെടുക്കുകയും ജോലിക്ക് ഹാജരാകാതിരുന്ന കാലയളവ് ലീവ് ഓഫ് ആബ്സൻസ് ആയി കണക്കാക്കുകയും ചെയ്യുന്ന എംപ്ളോയർമാർ ഇതിൻ്റെ പരിധിയിൽ വരും.
മാർച്ച് മാസമാദ്യം മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഈ സാലറി സപ്പോർട്ട് സ്കീം നടപ്പാക്കുന്നത്. ആദ്യം ഇത് മൂന്നു മാസക്കാലയളവിലേയ്ക്കാണ് പദ്ധതിയിടുന്നത്. ആവശ്യമെങ്കിൽ ഇത് കൂടുതൽ കാലത്തേയ്ക്ക് നല്കും. സ്കീമനുസരിച്ചുള്ള പേയ്മെൻ്റുകൾ ഏപ്രിൽ അവസാനത്തോടെയെങ്കിലും നല്കാമെന്നാണ് ഗവൺമെൻ്റ് പ്രതീക്ഷിക്കുന്നത്. എച്ച്എംആർസിയാണ് സ്കീം നടപ്പിൽ വരുത്തുന്നത്.