എൻഎച്ച്എസിലെ സ്റ്റാഫുകൾ ആഴ്ചയിൽ കുറഞ്ഞത് 11 മണിക്കൂറോളം അൺപെയ്ഡ് ജോലി ചെയ്യുന്നു. 43 ശതമാനത്തോളം സ്റ്റാഫുകൾ 2 മുതൽ 5 മണിക്കൂറുകൾ വരെ ആഴ്ചയിൽ സൗജന്യ സർവീസ് നല്കുന്നതായി സർവ്വേ

എൻഎച്ച്എസിലെ സ്റ്റാഫുകൾ ആഴ്ചയിൽ കുറഞ്ഞത് 11 മണിക്കൂറോളം അൺപെയ്ഡ് ജോലി ചെയ്യുന്നു. 45,000 ത്തോളം സ്റ്റാഫുകൾ കോൺട്രാക്ട് ചെയ്തിരിക്കുന്നതിലും 11 മണിക്കൂർ കൂടുതൽ സമയം സൗജന്യമായി സേവനം ചെയ്തതായി സർവ്വേ വെളിപ്പെടുത്തി. കോവിഡ് സമയത്ത് ഡോക്ടർമാരുടെയും നഴ്സുമാരുടെയും മഹാമനസ്കതയെ മുതലെടുക്കുന്നതായി ആശങ്കയുയർന്നിട്ടുണ്ട്. എൻഎച്ച്എസിലെ 569,440 വർക്കേഴ്സിൽ നിന്ന് ശേഖരിച്ച വിവരമനുസരിച്ച് 3.5 ശതമാനത്തോളം പേർ ഇങ്ങനെ എക്സ്ട്രാ മണിക്കൂറുകൾ ജോലി ചെയ്തിട്ടുണ്ട്. ഏകദേശം 1.3 മില്യൺ പേരാണ് എൻഎച്ച്എസിൽ ജോലി ചെയ്യുന്നത്. കണക്കനുസരിച്ച് 45,143 സ്റ്റാഫുകൾ സൗജന്യ സേവനം നല്കിയവരാണ്.
ഒൻപത് ശതമാനത്തോളം എൻഎച്ച്എസ് സ്റ്റാഫുകൾ ആറിനും പത്തിനുമിടയിൽ മണിക്കൂറുകൾ ആഴ്ചയിൽ ഫ്രീ സർവീസായി ചെയ്തിട്ടുണ്ട്. 43 ശതമാനത്തോളം സ്റ്റാഫുകൾ 2 - 5 മണിക്കൂറുകൾ ആഴ്ചയിൽ സൗജന്യമായി വർക്ക് ചെയ്തവരാണ്. എൻഎച്ച്എസിലെ സ്റ്റാഫുകളുടെ ആത്മാർത്ഥതയും മഹാമനസ്കതയുമാണിത് വെളിപ്പെടുത്തുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. ചാന്ദ് നാഗ്പാൽ പറഞ്ഞു. എന്നാൽ സ്റ്റാഫ് ഷോർട്ടേജിൻ്റെയും ജോലി സമ്മർദ്ദത്തിൻ്റെയും പ്രതിഫലനം കൂടിയാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.