Thursday, 21 November 2024

ക്യാൻസർ സ്ക്രീനിംഗും ചികിത്സയും പൂർണതോതിൽ പുനരാരംഭിക്കാൻ ടാസ്‌ക് ഫോഴ്‌സുമായി എൻഎച്ച്എസ് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസിലുടനീളം ക്യാൻസർ സേവനങ്ങൾ ഉടനടി പുനരാരംഭിക്കാൻ പുതിയ ടാസ്‌ക്ഫോഴ്സ് അടുത്ത ആഴ്ച യോഗം ചേരും. കൂടുതൽ ആളുകൾ ക്യാൻസർ പരിശോധനയ്ക്ക് വിധേയമാകുന്നുണ്ടെന്നും ക്യാൻസർ രോഗികൾക്ക് യഥാസമയം ചികിത്സകൾ ലഭ്യമാകുന്നുണ്ടെന്നും എങ്ങനെ ഉറപ്പാക്കാമെന്ന് അന്വേഷിക്കുകയുമാണ് ടാസ്‌ക്ഫോഴ്‌സിൻ്റെ ലക്ഷ്യം.

അടിയന്തിര ക്യാൻസർ ചികിത്സകൾക്കായി രോഗികളെ റഫർ ചെയ്യുന്നതിൽ കോവിഡിനെ തുടർന്ന് ഗണ്യമായ കുറവുണ്ടായതായി ചാരിറ്റികൾ അഭിപ്രായപ്പെട്ടു. ഈ കഴിഞ്ഞ മാർച്ച് മുതൽ ഏകദേശം മൂന്ന് ദശലക്ഷം ആളുകൾക്ക് ക്യാൻസർ പരിശോധനകൾ നടന്നിട്ടില്ലെന്ന് യുകെ ക്യാൻസർ റിസർച്ച് റിപ്പോർട്ട് നൽകി.

ജൂണിൽ ആരംഭിച്ച ലിവർപൂളിന്റെ പുതിയ ക്ലാറ്റർബ്രിഡ്ജ് ക്യാൻസർ സെന്ററിൽ ചികിത്സ സജീവമാണ്. എന്നാൽ രോഗികളുമായുള്ള മുഖാമുഖ സമ്പർക്കം വളരെ കുറഞ്ഞു. ലോക്ക് ഡൗണിൽ ഒറ്റപ്പെട്ടുപോയ ഒരുപാട് രോഗികൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രോഗിയും ഡോക്ടറും തമ്മിലുള്ള മുഖാമുഖ സമ്പർക്കം കുറഞ്ഞത് രോഗ നിർണ്ണയത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ആശങ്കകൾ ഉയരുന്നുണ്ട്. അതേസമയം പ്രധാന ക്യാൻസർ ചാരിറ്റികളും റോയൽ കോളേജ് ഓഫ് ജിപി പോലുള്ള സംഘടനകളും ഉൾപ്പെടുന്ന ഒരു ടാസ്‌ക്ഫോഴ്സ് അടുത്തയാഴ്ച പ്രവർത്തനം ആരംഭിക്കും.

അണുബാധ നിയന്ത്രണവും സാമൂഹിക അകലവും കാരണം ആളുകളെ സുരക്ഷിതമായി ചികിത്സിക്കാൻ ഇപ്പോൾ കൂടുതൽ സമയമെടുക്കുന്നുണ്ട്. കൂടാതെ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനയും ആശങ്ക പരത്തുന്നുണ്ട്. ഈ വർഷം മാർച്ച് മുതൽ ജൂലൈ വരെ 207,000 ൽ അധികം ആളുകൾക്ക് ക്യാൻസർ ചികിത്സ ആരംഭിച്ചതായി എൻഎച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. ഇത് 2019 ലെ ഇതേ കാലയളവിൽ ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസ് ചികിത്സിച്ച സംഖ്യയുടെ 85% വരുമെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് കൂട്ടിച്ചേർത്തു.

Other News