Saturday, 23 November 2024

നാലു മാസത്തേയ്ക്കുള്ള PPE സ്റ്റോക്ക് ചെയ്തു. 31,500 വെൻ്റിലേറ്ററുകൾ സജ്ജം. കൊറോണ വൈറസ് പ്രതിസന്ധിയെ രാജ്യം ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

കൊറോണ വൈറസ് പ്രതിസന്ധിയെ രാജ്യം ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രസ്താവിച്ചു. രാജ്യം അതീവ നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വ്യാപനം കുറയ്ക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങൾ ഫലപ്രദമായി നടപ്പിലാക്കപ്പെടാൻ സമയമെടുക്കുമെന്ന് ബോറിസ് സൂചിപ്പിച്ചു. ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ മടിക്കില്ലെന്ന് പ്രധാനമന്ത്രി അസന്നിഗ്ദമായി വ്യക്തമാക്കി. യുകെയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിട്ടില്ലെന്ന് ചീഫ് സയൻറിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസ് പറഞ്ഞു. അലംഭാവത്തോടെ മുന്നോട്ട് പോകാനുള്ള സമയമല്ലിതെന്ന് അദ്ദേഹം ആവർത്തിച്ചു. ഇന്നു നടന്ന സൗണിംഗ് സ്ട്രീറ്റ് ബ്രീഫിംഗിൽ പ്രധാനമന്ത്രിയും ചീഫ് സയൻ്റിഫിക് അഡ്വൈസറും രാജ്യത്തെ സ്ഥിതിഗതികൾ ഗൗരവകരമായി വിലയിരുത്തി.

വരാനിരിക്കുന്ന വിൻ്ററിനെ നേരിടാൻ രാജ്യം സജ്ജമാന്നെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ ദിനംപ്രതി 500,000 കൊറോണ ടെസ്റ്റുകൾ നടത്താനുള്ള തയ്യാറെടുപ്പുകൾ തുടരുകയാണെന്ന് ബോറിസ് വ്യക്തമാക്കി. ഏഴ് നൈറ്റിംഗേൽ ഹോസ്പിറ്റലുകളിലായി 2000 ബെഡുകൾ കൊറോണ രോഗികൾക്കായി തയ്യാറാക്കിയിട്ടുണ്ട്. നാലു മാസത്തേയ്ക്ക് ആവശ്യമായ മാസ്ക്, ഗൗൺ, വൈസേഴ്സ് എന്നിവയുൾപ്പെടെയുള്ള പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ബോറിസ് പറഞ്ഞു. 31,500 വെൻ്റിലേറ്ററുകൾ എൻഎച്ച്എസിൽ ലഭ്യമായിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

കൊറോണ വൈറസ് ആക്ട് ബ്രിട്ടീഷ് പാർലമെൻ്റ് ഇന്നലെ പുതുക്കി. കഴിഞ്ഞ മാർച്ചിൽ കൊണ്ടുവന്ന പ്രത്യേക നിയമങ്ങൾ ആറു മാസം കൂടുമ്പോൾ പാർലമെൻറിൽ അവതരിപ്പിച്ച് വീണ്ടും നിയമസാധുത നേടേണ്ടതുണ്ട്. കൊറോണ വ്യാപനം നിയന്ത്രിക്കാനും അവശ്യ സർവീസുകൾ വേണ്ട വിധത്തിൽ വിനിയോഗിക്കാനും മന്ത്രിമാർക്ക് അധികാരം നല്കുന്ന നിയമത്തിൽ ചെറിയ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. തീരുമാനങ്ങളിൽ പാർലമെൻ്റിന് ഇടപെടാൻ കൂടുതൽ അധികാരം നല്കുന്നതാണ് പുതിയ ആക്ട്. 330 എം പിമാർ ആക്ടിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 
 

Other News