യുകെയിലുള്ള ഓവർസീസ് നഴ്സുമാർ ജോലി ഉപേക്ഷിച്ചാൽ റിക്രൂട്ട്മെൻ്റിന് ചിലവായ തുക തിരിച്ചടയ്ക്കണം. ബാധ്യത 14,000 പൗണ്ടോളം. എൻഎച്ച്എസിലും പ്രൈവറ്റ് സെക്ടറിലും വ്യത്യസ്ത കോൺട്രാക്ടുകൾ.
യുകെയിലുള്ള ഓവർസീസ് നഴ്സുമാർ ജോലി ഉപേക്ഷിച്ചാൽ റിക്രൂട്ട്മെൻ്റിന് ചിലവായ തുക തിരിച്ചടയ്ക്കണമെന്ന നിയമം വൻ ബാധ്യതയാവുന്നു. മൂന്നു വർഷത്തെ കോൺട്രാക്ട് തീരുന്നതിനു മുൻപ് ജോലി മാറുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യുന്നവരാണ് വൻ തുക തിരിച്ചടയ്ക്കേണ്ടി വരുന്നത്. ഒബ്സേർവർ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ദി ഗാർഡിയൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. അഞ്ച് വർഷത്തെ കോൺട്രാക്ടിൽ എത്തിയിട്ടുള്ള ഒരു നഴ്സ് ഏകദേശം14,000 പൗണ്ടോളം ഈ സാഹചര്യത്തിൽ തിരികെ നൽകണം. എൻഎച്ച്എസിലും പ്രൈവറ്റ് കെയർ ഹോമുകളിലും ഇതു സംബന്ധിച്ച് വ്യത്യസ്ത കോൺട്രാക്ടുകൾ ആണ് ട്രസ്റ്റുകളും മാനേജ്മെൻറുകളും ഒപ്പുവച്ചിരിപ്പിക്കുന്നത്.
യുകെയിലേയ്ക്കുള്ള ഫ്ളൈറ്റ് ചാർജ്, വിസാ ഫീസ്, ലാംഗ്വേജ് ആൻഡ് കോമ്പിറ്റൻസി എക്സാം ചാർജ് എന്നിവയാണ് ജോലി മാറുന്ന സാഹചര്യത്തിൽ തിരിച്ചടയ്ക്കാൻ മാനേജ്മെൻറുകൾ ആവശ്യപ്പെടുന്നത്. ചില കേസുകളിൽ മാൻഡേറ്ററി ട്രെയിനിംഗിന് ചിലവായ തുകയും ഇതിൽ ചേർത്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗജന്യമായി സാധാരണ നിലയിൽ ലഭ്യമാക്കപ്പെടുന്നതാണ് മാൻഡേറ്ററി ട്രെയിനിംഗുകൾ. റോയൽ കോളജ് ഓഫ് നഴ്സിംഗും ഹ്യൂമൻ റൈറ്റ്സ് ലോയേഴ്സും ഒബ്സേർവർ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ പുറത്തു വന്ന കാര്യങ്ങളിൽ ഗവൺമെൻ്റ് റിവ്യൂ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാമിലി എമർജൻസികൾ, ബുള്ളിയിംഗ് എന്നിവയുമായി ബന്ധപ്പെട്ട് ജോലി മാറാനോ ഉപേക്ഷിക്കാനോ ശ്രമിച്ചവർക്കു പോലും, തുക തിരിച്ചടയ്ക്കണമെന്ന കോൺട്രാക്ടിൽ വിട്ടുവീഴ്ച നൽകാൻ മാനേജ്മെൻറുകൾ തയ്യാറായില്ല. രോഗാവസ്ഥ മൂലമോ മോശമായ വർക്കിംഗ് കണ്ടീഷൻ മൂലമോ കോൺട്രാക്ട് ബ്രെയ്ക്ക് ചെയ്യാൻ ശ്രമിച്ചവർക്കും ഇതേ അനുഭവമാണ് ഉണ്ടായത്.
സ്റ്റാഫ് ഷോർട്ടേജ് മൂലം പ്രതിസന്ധിയിലായ എൻ എച്ച് എസിൽ ഓവർസീസ് നഴ്സുമാർക്ക് ഇത്തരത്തിലുളള ഭീഷണിയും ഭയപ്പെടുത്തലും നേരിടേണ്ടി വരുന്ന അവസ്ഥ ഖേദകരമാണെന്ന് റോയൽ കോളജ് ഓഫ് നഴ്സിംഗിൻ്റെ ഡയറക്ടർ ഓഫ് ഇംഗ്ലണ്ട് പട്രീഷ്യ മാർക്വിസ് പറഞ്ഞു. മൂന്നു വർഷത്തെ കോൺട്രാക്ടിലെത്തിയിരിക്കുന്ന ഒരു നഴ്സ് 18 മാസത്തിനുള്ളിൽ ജോലി മാറിയാൽ 100 % റിക്രൂട്ട്മെൻ്റ് ചാർജും നൽകണമെന്നാണ് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ ഒരു എൻഎച്ച്എസ് ട്രസ്റ്റ് നിർദ്ദേശിച്ചിരിക്കുന്നത്.
കോൺട്രാക്ട് ബ്രെയ്ക്ക് ചെയ്താൽ 5,000 പൗണ്ട് തിരിച്ചടയ്ക്കണമെന്നാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സൗതാംപ്ടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ഫിലിപ്പിൻസിൽ നിന്നുള്ള നഴ്സുമാരുടെ കോൺട്രാക്ടിൽ പറഞ്ഞിരിക്കുന്നത്. ഒരു വർഷം കഴിയുമ്പോൾ ഈ തുക പകുതിയായി കുറയും. ജോലി ഉപേക്ഷിക്കാൻ ശ്രമിച്ച ഒരു സിംബാവേക്കാരിയായ നഴ്സിനോട് 10,850 പൗണ്ട് തിരിച്ചു നൽകാൻ ഒരു കെയർ ഹോം ആവശ്യപ്പെട്ടതായി യൂണിസണും വെളിപ്പെടുത്തി. തുക പൂർണമായി നൽകിയില്ലെങ്കിൽ വേറൊരു ജോലിക്കാവശ്യമായ റഫറൻസ് നല്കില്ലെന്ന് മാനേജർ പറഞ്ഞതായും നഴ്സ് വ്യക്തമാക്കി. അൺ എത്തിക്കലായ കോൺട്രാക്ടുകളിൽ നഴ്സുമാരെ കുരുക്കുന്ന രീതി അപലപനീയമാണെന്ന് യൂണിസൺ നഴ്സിംഗ് ഓഫീസർ സ്റ്റുവർട്ട് റ്റക്ക് വുഡ് പറഞ്ഞു