Sunday, 06 October 2024

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 2.25 ശതമാനമായി ഉയർത്തി. 2008 ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 2.25 ശതമാനമായി ഉയർത്തി. നിലവിലുള്ള 1.75 ശതമാനത്തിൽ നിന്ന് അര ശതമാനം വർദ്ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.  2008 ശേഷമുള്ള ഏറ്റവും ഉയർന്ന പലിശ നിരക്കാണിത്. ഏഴാമത്തെ തുടർച്ചയായ പലിശ നിരക്ക് വർദ്ധയാണ് ഉണ്ടായിരിക്കുന്നത്. വിപണിയിലെ വില വർദ്ധനയും നാണയപ്പെരുപ്പ നിരക്കും കണക്കിലെടുത്താണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ തീരുമാനം. ബാങ്കിൻ്റെ മോണിട്ടറി പോളിസി കമ്മിറ്റിയാണ് നിരക്ക് ഉയർത്താൻ അനുമതി നല്കിയത്. യുകെയിലെ നാണയ പ്പെരുപ്പ നിരക്ക് കഴിഞ്ഞ 40 വർഷങ്ങളിലെ ഏറ്റവും കൂടിയ നിലയിലാണ്.

യു കെ സമ്പദ് വ്യവസ്ഥ ജൂലൈ - സെപ്റ്റംബർ കാലയളവിൽ വളർച്ച രേഖപ്പെടുത്തുമെന്നാണ് സെൻട്രൽ ബാങ്ക് അനുമാനിച്ചിരുന്നത്. എന്നാൽ 0.1 ശതമാനം ചുരുങ്ങിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പലിശ വർദ്ധനയിലൂടെ കടമെടുപ്പിൻ്റെ തോത് കുറയ്ക്കുകയും ചെലവ് ചെയ്യുന്നത് നിയന്ത്രിക്കുന്നതു വഴി വില നിരക്കുകൾ പിടിച്ചു നിറുത്താൻ കഴിയുമെന്നാണ് സെൻട്രൽ ബാങ്ക് കരുതുന്നത്. പലിശ വർദ്ധന മൂലം ട്രാക്കർ, സ്റ്റാൻഡാർഡ് വേരിയബിൾ മോർട്ട്ഗേജ് പേയ്മെൻ്റുകൾ വർദ്ധിക്കും. ഫിക്സഡ് മോർട്ട്ഗേജുകളെ ഇത് ബാധിക്കില്ല. എന്നാൽ ഈ ഡീലുകൾ അവസാനിക്കുമ്പോൾ പുതിയ മോർട്ട്ഗേജുകൾക്ക് ഉയർന്ന നിരക്ക് നൽകേണ്ടി വരും.

Other News