Friday, 20 September 2024

കോവിഡ് പാൻഡെമിക്കിനെ തുടർന്ന് ജോലിഭാരം അധികരിച്ചു; യുകെയിലെ മൂന്നിലൊന്ന് ജിപിമാരും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിരമിക്കാൻ പദ്ധതിയിടുന്നു.

പാൻഡെമിക്കിനെ തുടർന്ന് ജോലിഭാരം അധികരിച്ചതിനാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജോലിയിൽ നിന്ന് വിരമിക്കാൻ യുകെയിലെ മൂന്നിലൊന്ന് ജനറൽ പ്രാക്ടീഷണർമാരും പദ്ധതിയിടുന്നതായി ജിപി വർക് ലൈഫിൻ്റെ ഏറ്റവും പുതിയ പഠനം റിപ്പോർട്ട് ചെയ്തു. ജോലിഭാരം അധികരിച്ചതു മാത്രമല്ല, രോഗികളുടെ പുതിയ ഡിമാൻ്റുകൾ, നീതിപൂർവ്വകമായി ജോലി നടപ്പാക്കാനുള്ള സമയകുറവ് തുടങ്ങിയ പ്രശ്‌നങ്ങളും ഡോക്ടർമാർ ഉയർത്തിക്കാട്ടി.

50 വയസ്സിന് മുകളിലുള്ള ജിപിമാരിൽ അഞ്ചിൽ മൂന്ന് പേരും (60%), 2026 - ഓടെ ജോലി ഉപേക്ഷിക്കാൻ പദ്ധതിയിടുന്നു. അതേസമയം, സർവേയിൽ പങ്കെടുത്ത 50 വയസ്സിന് താഴെയുള്ള ജിപിമാരിൽ 16% പേരും ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതായി സർവ്വേ ചൂണ്ടി കാണിക്കുന്നു. ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ഏകദേശം 2,300 ഫാമിലി ഡോക്‌ടർമാർ പങ്കെടുത്ത പോളിൽ, നീണ്ട ജോലി സമയവും, പ്രശ്നക്കാരായ  രോഗികളുമായുള്ള ഇടപെടലും അതിനുശേഷമുള്ള പേപ്പർ വർക്കുകളും ഡോക്ടർമാരിൽ സമ്മർദ്ദം കൂട്ടുന്നതായി കണ്ടെത്തി. 10 ൽ എട്ടിലധികം ജിപിമാരും സാധാരണയിൽ കവിഞ്ഞ മാനസികസമ്മർദ്ദം അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്തു.

ഡോക്ടർമാർ തൊഴിൽ ഉപേക്ഷിക്കുന്നതിന്റെ കാരണങ്ങൾ പരിഹരിക്കുകയും, പരിശീലനത്തിലേക്ക് മടങ്ങാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുവഴി,  ജനറൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരെ പിന്തുണയ്ക്കാനും ജിപിമാരുടെ എണ്ണം കൂട്ടുന്നതിനും തങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വക്താവ് പറഞ്ഞു. പാൻഡെമിക് സമയത്ത് ജെനറൽ പ്രാക്ടീഷണർമാരുടെ ലഭ്യത ഉറപ്പു വരുത്താൻ   520 മില്യൺ പൗണ്ട് നിക്ഷേപം നടത്തി. ഇതു കൂടാതെ 2024 വരെയുള്ള ആവശ്യത്തിലേക്ക് 1.5 ബില്യൺ പൗണ്ട് നിക്ഷേപവും നടത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. മാത്രവുമല്ല, പ്രതിവർഷം 50 ദശലക്ഷം അധിക അപ്പോയിൻ്റ്മെൻ്റുകൾ ലഭ്യമാക്കുന്നതിന്, ഓരോ വർഷവും 4,000 ജിപി പരിശീലന സ്ഥലങ്ങൾ കൂടി ലഭ്യമാക്കുമെന്നും അറിയിച്ചു.

Other News