വെയിൽസിൽ ജീവിതച്ചെലവ് കുതിച്ചുയരുന്നു യുവതലമുറ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങുന്നു
വെയിൽസിൽ ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ യുവ പ്രൊഫഷണലുകൾ തങ്ങളുടെ മാതാപിതാക്കളുടെ വസതിയിലേക്ക് മടങ്ങുന്നു. പ്രോപ്പർട്ടി വാല്യൂ അധികരിച്ചതു മൂലം വെയിൽസിൽ ഒരു വീട് സ്വന്തമാക്കുക എന്നത് പലർക്കും അപ്രാപ്യമായി കഴിഞ്ഞു. ഇപ്പോൾ വാടക വിപണിയും യുവാക്കൾക്ക് താങ്ങാവുന്നതിനുമപ്പുറം എത്തിക്കഴിഞ്ഞു.
ഇന്ധനചെലവും ഭക്ഷണചെലവും കഴിഞ്ഞാൽ വാടകയ്ക്കും മറ്റു ബില്ലുകൾക്കുമായി ശമ്പളത്തിൻ്റെ വളരെ കുറച്ച് മാത്രം അവശേഷിക്കുന്ന സ്ഥിതി വിശേഷമാണ് പലർക്കും നിലവിലുള്ളത്. ജീവിതച്ചെലവ് വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ വാടക പോലും താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഫുൾ ടൈം ജോലി ചെയ്യുന്ന പലരുടെയും അവസ്ഥ.
അപ്രതീക്ഷിതമായ ചിലവുകൾ നേരിടാൻ യുവാക്കൾ പ്രയാസപെടുന്നതായും പലർക്കും സേവിംഗ്സിനെ കുറിച്ച് നിലവിലെ സാഹചര്യത്തിൽ ചിന്തിക്കാൻ പോലും ആകുന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ജീവിതച്ചെലവുകൾ വർദ്ധിച്ച സാഹചര്യത്തിൽ വീടു വിട്ടു പുറത്തു പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ആകാത്ത അവസ്ഥയാണ് പലർക്കും നിലവിലുള്ളത്. ജോലിയിൽ പ്രവേശിച്ച യുവാക്കൾക്ക് വീട്ടിൽ നിന്നുള്ള പിന്തുണ ഇല്ലെങ്കിൽ ചിലവുകൾ താങ്ങാവുന്നതിലും അധികമാണെന്ന് ബിബിസി യ്ക്ക് കൊടുത്ത അഭിമുഖത്തിൽ യുവാക്കൾ അഭിപ്രായം രേഖപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങൾ എടുത്തു മാറ്റിയതിനെ തുടർന്ന് ജീവിതം സാധാരണ നിലയിലേയ്ക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും, ജീവിതച്ചെലവ് ഏറിയ സാഹചര്യത്തിൽ പുറത്തു പോയി ഭക്ഷണം കഴിക്കാനോ സുഹുത്തുക്കളെ കാണാനോ സാധിക്കുന്നില്ലെന്നും യുവാക്കൾ വെളിപ്പെടുത്തി.
വെൽഷ് വീടുകളുടെ ശരാശരി വില റെക്കോർഡ് നിലവാരത്തിലാണെന്നും യുകെയുടെ മറ്റു ഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല എന്നും പ്രിൻസിപ്പാലിറ്റി ബിൽഡിംഗ് സൊസൈറ്റിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ടോം ഡെൻമാൻ പറഞ്ഞു. ഈ വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ വീടിന്റെ വില നിലവാരം മുൻ ക്വാർട്ടറുകളെ അപേക്ഷിച്ച് 4% താഴെയാണ്. അതിനാൽ കാര്യങ്ങൾ അൽപ്പം മന്ദഗതിയിലാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ക്വാർട്ടറിൽ വലിയ പ്രോപ്പർട്ടികളുടെ ഡിമാൻഡ് കുറയുകയും, ഫ്ലാറ്റുകളുടെ ഡിമാൻഡ് വർദ്ധിക്കുകയും ചെയ്തു. സമീപഭാവിയിലും ഫ്ലാറ്റുകളുടെ വിൽപ്പന തുടരുമെന്ന് കണക്കു കൂട്ടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.