Friday, 20 September 2024

ഓവർടൈം നൈറ്റ് ഷിഫ്റ്റിൽ മണിക്കൂറിന് 250 പൗണ്ട് ചാർജ് ചെയ്യാമെന്ന് എൻഎച്ച്എസ് കൺസൾട്ടൻ്റുമാർക്ക് നിർദ്ദേശം. കടുത്ത അമർഷവുമായി ഹോസ്പിറ്റൽ മാനേജർമാർ

ഓവർടൈം നൈറ്റ് ഷിഫ്റ്റിൽ മണിക്കൂറിന് 250 പൗണ്ട് ചാർജ് ചെയ്യാമെന്ന് ഇംഗ്ലണ്ടിലെ  എൻഎച്ച്എസ് കൺസൾട്ടൻ്റുമാർക്ക് നിർദ്ദേശം നല്കി. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പുറത്തിറക്കിയ റേറ്റ് കാർഡിലാണ് പുതിയ നിരക്കുകൾ നിർദ്ദേശിച്ചിരിക്കുന്നത്.  ഇതിനെതിരെ കടുത്ത വിമർശനവുമായി ഹോസ്പിറ്റൽ മാനേജർമാർ രംഗത്തെത്തി. ഡോക്ടർമാരുടെ യൂണിയൻ ഫുട്ബോൾ ഏജൻ്റുമാരെപ്പോലെ പെരുമാറുകയാണെന്ന് മാനേജർമാർ തുറന്നടിച്ചു. കോൺട്രാക്ടിന് പുറത്തുള്ള സമയത്ത് ജോലി ചെയ്യുന്ന മണിക്കൂറുകളുടെ നിരക്കാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പുതുക്കിയത്. നോർമൽ ഷിഫ്റ്റിനു ശേഷമുള്ള അധിക ജോലി, ഹിപ്, മുട്ട് സർജറികളുടെ ബാക്ക് ലോഗ് കുറയ്ക്കാനുള്ള അധിക ഷിഫ്റ്റുകൾ എന്നിവയടക്കമുള്ള വർക്കിൻ്റെ നിരക്കുകളാണ് പ്രസിദ്ധീകരിച്ചത്.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്ത് മണിക്കൂറിന് 150 പൗണ്ട് ചാർജ് ചെയ്യണമെന്നും വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്ത് 200 പൗണ്ട് മണിക്കൂറിന് ഈടാക്കണമെന്നും റേറ്റ് കാർഡിൽ നിർദ്ദേശമുണ്ട്. രാത്രി 11 മുതൽ രാവിലെ 7 വരെയുള്ള എക്സ്ട്രാ വർക്കിന് മണിക്കൂറിന് 250 പൗണ്ട് ചാർജ് ചെയ്യാം. വീക്കെൻഡിൽ രാവിലെ 7 മുതൽ രാത്രി 11 വരെ 200 പൗണ്ട് ആയിരിക്കും മണിക്കൂറിൽ നിരക്ക്. ട്രാവൽ ടൈം, അഡ്മിൻ വർക്കുകൾക്കുള്ള സമയം എന്നിവയും ഓവർ ടൈമിൽ കണക്കാക്കാമെന്ന് റേറ്റ് കാർഡ് പറയുന്നു.

സാധാരണ മണിക്കൂറുകളിൽ ലഭിക്കുന്ന നിരക്കിൻ്റെ പതിന്മടങ്ങ് ഓവർടൈം റേറ്റ് ഈടാക്കുന്നത് അസ്വീകാര്യമാണെന്ന നിലപാടിലാണ് ഹോസ് പിറ്റൽ മാനേജ്മെൻ്റുകൾ. വർഷം 119,000 പൗണ്ട് വരെ ശമ്പളം വാങ്ങിയ്ക്കുന്നവർ ഈടാക്കുന്ന ഈ ഓവർടൈം നിരക്കിന് നീതീകരണമില്ലെന്ന് അവർ പറയുന്നു.

Other News