Friday, 20 September 2024

പ്രഖ്യാപിച്ചത് ബ്രിട്ടൻ്റെ വളർച്ചയ്ക്കുള്ള പ്ളാൻ... തളർന്നത് പൗണ്ടിൻ്റെ മൂല്യം... അടിസ്ഥാന പലിശ നിരക്ക് വീണ്ടും ഉയർത്താൻ മടിക്കില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് 

പൗണ്ടിൻ്റെ മൂല്യത്തിൽ വൻ ഇടിവ് ഉണ്ടായതിനെ തുടർന്ന് ആവശ്യമെങ്കിൽ വിപണിയിൽ ഇടപെടുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. അടിസ്ഥാന പലിശ നിരക്ക് വീണ്ടും ഉയർത്താൻ മടിക്കില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്  ഇന്ന് വൈകുന്നേരം സ്റ്റേറ്റ്മെൻ്റ് ഇറക്കി. നാണ്യപ്പെരുപ്പ നിരക്ക് രണ്ട് ശതമാനത്തിലേയ്ക്ക് എത്തിയ്ക്കുവാനാവശ്യമായ പലിശ നിരക്ക് വർദ്ധനയ്ക്ക് ആവശ്യമെങ്കിൽ ബാങ്ക് തയ്യാറാവുമെന്ന് സ്റ്റേറ്റ്മെൻ്റ് പറയുന്നു. ലിസ് ട്രസ് സർക്കാരിൻ്റെ മിനി ബഡ്ജറ്റ് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയിൽ സൃഷ്ടിക്കുന്നത് വിപരീത ഫലമെന്ന് സൂചനകൾക്കിടെയാണ് സെൻട്രൽ ബാങ്കിൻ്റെ ഇടപെടൽ.

ബ്രിട്ടൻ്റെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടാണ് പുതിയ ചാൻസലർ ക്വാസി കാർട്ടെംഗ് ടാക്സ് ഇളവുകൾ പ്രഖ്യാപിച്ചത്. എന്നാൽ നാണ്യപ്പെരുപ്പവും വിലക്കയറ്റവും കൊണ്ട് നട്ടം തിരിയുന്ന സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാണ് പൗണ്ടിൻ്റെ മൂല്യ തകർച്ച സൃഷ്ടിക്കുന്നത്. വെള്ളിയാഴ്ച അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ ന്യായീകരിക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയും ചാൻസലറും തുടരുന്നത്. മാർക്കറ്റിലുണ്ടായ പ്രതിഫലനങ്ങളെ കുറിച്ച് പ്രതികരിക്കാൻ ചാൻസലർ വിസമ്മതിച്ചു.

പൗണ്ടിൻ്റെ ഡോളറുമായുള്ള വിനിമയ നിരക്കിലുണ്ടായ കുറവ് രാജ്യത്തെ ഇറക്കുമതിയെ കാര്യമായി ബാധിക്കും. പൗണ്ടിൻ്റെ വിലയിടിവു മൂലം ഡോളറിൽ വിനിമയം നടക്കുന്ന ഗ്യാസ്, ഓയിൽ എന്നിവയുടെ ഇറക്കുമതിക്ക് കൂടുതൽ പൗണ്ട് ഉപയോഗിക്കേണ്ടി വരും. ഇത് ഫ്യുവൽ വില ഉയരാൻ കാരണമാകും. നാണ്യപ്പെരുപ്പം റെക്കോർഡ് നിലയിൽ എത്തിയതിനാൽ നിത്യോപയോഗ വിപണിയിലുണ്ടാകുന്ന ചലനങ്ങൾ സാധാരണക്കാരൻ്റെ കുടുംബ ബഡ്ജറ്റ് തകർക്കും.

ജനുവരിയിൽ വീണ്ടും ടാക്സ് ഇളവുകൾ നല്കുമെന്ന് ചാൻസലർ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച പ്രഖ്യാപിച്ച 45 ബില്യൺ പൗണ്ടിൻ്റെ ഇളവുകൾക്ക് പുറമേയാണിത്. കൂടുതൽ ടാക്സ് ഇളവുകൾ മൂലം രാജ്യം ഉയർന്ന കടമെടുപ്പിലേയ്ക്ക് നീങ്ങുമെന്ന ആശങ്ക മാർക്കറ്റിൽ ദൃശ്യമാണ്. ഇതേത്തുടർന്നാണ് പൗണ്ടിൻ്റെ മൂല്യം കൂപ്പുകുത്തിയത്. പൗണ്ടിൻ്റേയും ഡോളറിൻ്റെയും മൂല്യം തുല്യമാകുമോയെന്ന ആശങ്കയും മാർക്കറ്റിൽ ദൃശ്യമാണ്.

ഏഷ്യൻ ട്രേഡ് മാർക്കറ്റിൽ ഒരു പൗണ്ടിന് 1.03 ഡോളർ എന്ന റെക്കോർഡ് വിലയിടിവ് ഇന്ന് രാവിലെ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് 1.07 ഡോളർ എന്ന നിലയിലേയ്ക്ക് മെച്ചപ്പെട്ടു. ഒരു പൗണ്ടിന് 1.09 യുറോ എന്നതാണ് യൂറോപ്യൻ മാർക്കറ്റിലെ സ്ഥിതി. യൂറോയ്ക്കെതിരായ 14 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തപ്പെട്ടത്. ചാൻസലർ പ്രഖ്യാപിച്ച ടാക്സ് ഇളവുകളിൽ കരുതലോടെയുള്ള പ്രതികരണമാണ് ഇൻവെസ്റ്റേഴ്സ് മാർക്കറ്റിൽ നിന്നും ഉണ്ടായിരിക്കുന്നത്.

നാണ്യപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് ഉയർത്തേണ്ടതായി വരും. ഇത് മോർട്ട്ഗേജുകളുടെയും ബാങ്ക് ലോണുകളുടെയും നിരക്ക് ഉയർത്തും. മോർട്ട്ഗേജ് നിരക്ക് ഉയർത്തുന്നത് പ്രോപ്പർട്ടി മാർക്കറ്റിനെ സാരമായി ബാധിക്കും. വീടുകളുടെ വില്പന കുറയുന്നത് വിലയിടിവിനും കാരണമാകും.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് പൗണ്ടിൻ്റെ വിനിമയമൂല്യത്തിൽ അല്പം മെച്ചമുണ്ടായത്. നവംബറിലെ അടുത്ത റിവ്യൂവിന് മുൻപ് പലിശ നിരക്ക് കൂട്ടുമെന്നാണ് ഇൻവെസ്റ്റേഴ്സ് മാർക്കറ്റ് കരുതുന്നത്. എന്നാൽ പലിശ കൂട്ടുന്നതിനു പകരം തത്കാലം രാജ്യത്തിൻ്റെ ഫോറിൻ കറൻസി റിസർവ്വ് ഉപയോഗിക്കുമോ എന്ന് കാത്തിരുന്നു കാണണം. ബ്രിട്ടൻ്റെ കയ്യിൽ 100 ബില്യൺ പൗണ്ടിന് തത്തുല്യമായ ഡോളറിൻ്റെ കരുതൽ ശേഖരമുണ്ട്. മിനി ബഡ്ജറ്റിനു ശേഷമുള്ള പ്രതിഫലനം മൂലമുള്ള പ്രതിസന്ധിയെ മറികടക്കാൻ പലിശ നിരക്ക് ഉയർത്തുന്നത് ചാൻസലറുടെ നടപടിയോടുളള അവിശ്വാസമാകുമോയെന്ന ആശങ്കയും നിലവിലുണ്ട്.

Other News