Monday, 23 December 2024

മോർട്ട്ഗേജ് അപ്രൂവൽ നിരക്കിൽ കുറവ് രേഖപ്പെടുത്തി. വീടു വാങ്ങുന്നവർ പലിശ നിരക്ക് ഉയരുമോയെന്ന ആശങ്കയിൽ

മോർട്ട്ഗേജ് അപ്രൂവൽ നിരക്കിൽ കുറവ് രേഖപ്പെടുത്തി. സെപ്റ്റംബറിൽ 66,800 മോർട്ട്ഗേജുകൾ മാത്രമാണ് അപ്രൂവ് ചെയ്യപ്പെട്ടത്. ഓഗസ്റ്റിൽ ഇത് 74,400 ആയിരുന്നു. വീടു വാങ്ങുന്നവർ ഇപ്പോഴും പലിശ നിരക്ക് ഉയരുമോയെന്ന ആശങ്കയിലാണ്. ഉയർന്ന ഇൻഫ്ളേഷനെ തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് വീണ്ടും വർദ്ധിപ്പിക്കുമെന്ന പ്രവചനം നിലനിൽക്കുന്നതാണ് മോർട്ട്ഗേജ് മാർക്കറ്റിൽ മടുപ്പിന് കാരണമാകുന്നത്. സെപ്റ്റംബറിൽ അവതരിപ്പിക്കപ്പെട്ട മിനി ബഡ്ജറ്റ് കാര്യങ്ങൾ വീണ്ടും അനുകൂലമല്ലാതാക്കി.

സെപ്റ്റംബറിൽ പലിശ നിരക്ക് 2.25 ശതമാനമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉയർത്തിയിരുന്നു. നവംബർ 3 ന് മോണിട്ടറി പോളിസി കമ്മിറ്റി പലിശ നിരക്ക് റിവ്യൂ ചെയ്യും. കഴിഞ്ഞ ഡിസംബർ മുതലുണ്ടാകുന്ന പലിശ നിരക്ക് വർദ്ധനവ് മോർട്ട്ഗേജ് കസ്റ്റമേഴ്സിനെ വീടു വാങ്ങാനുള്ള തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. ലിസ് ട്രസ് ഗവൺമെൻ്റ് അധികാരത്തിൽ വന്നതിനെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വം മോർട്ട്ഗേജ് മാർക്കറ്റിനെ കാര്യമായി ബാധിച്ചു. കൺസ്യൂമർ ക്രെഡിറ്റിൽ നേരിയ വാർഷിക വളർച്ച രേഖപ്പെടുത്തി. ക്രെഡിറ്റ് കാർഡുപയോഗിച്ച് കടമെടുക്കൽ, പേഴ്സണൽ ലോൺ, ഓവർഡ്രാഫ്റ്റ്, കാർ ഫൈനാൻസ് എന്നിവയുടെ ഉപയോഗം കൂടിയിട്ടുണ്ട്.

അടിസ്ഥാന പലിശ നിരക്കിൽ 0.5 മുതൽ  0.75 ശതമാനം വരെ വർദ്ധന ഉണ്ടായേക്കാമെന്നാണ് കരുതുന്നത്. രണ്ടു വർഷ ഫിക്സ്ഡ് മോർട്ട്ഗേജിന് ഇപ്പോഴത്തെ ശരാശരി പലിശ നിരക്ക് 6.5 ശതമാനത്തിന് അടുത്താണ്. സെപ്റ്റംബറിൻ്റെ തുടക്കത്തിൽ 4 ശതമാനത്തിൽ നിന്ന നിരക്കാണ് കുത്തനെ ഉയർന്നത്. 

Crystal Media UK Youtube channel 

Other News