Sunday, 24 November 2024

യുകെയിലെ മില്യൺ കണക്കിന് മൊബൈൽ, ബ്രോഡ് ബാൻഡ് കസ്റ്റമേഴ്സ് ഏപ്രിൽ മുതൽ 14 ശതമാനത്തോളം അധിക നിരക്ക് നൽകേണ്ടി വരും

യുകെയിലെ മില്യൺ കണക്കിന് മൊബൈൽ, ബ്രോഡ് ബാൻഡ് കസ്റ്റമേഴ്സ് ഏപ്രിൽ മുതൽ 14 ശതമാനത്തോളം അധിക നിരക്ക് നൽകേണ്ടി വരും. ബി.റ്റി, ടോക്ക് ടോക്ക്, ത്രീ, വോഡഫോൺ എന്നീ നെറ്റ്വർക്ക് പ്രൊവൈഡർമാർക്ക് മാസം പ്രതിയുള്ള നിരക്ക് വർദ്ധിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ബി.റ്റി, ടോക്ക് ടോക്ക്, ത്രീ, വോഡഫോൺ എന്നിവ യുകെയിലെ ഏറ്റവും വലിയ ടെലകോം കമ്പനികളാണ്. മുൻ വർഷത്തെ ഇൻഫ്ളേഷൻ നിരക്കിനു പുറമേ 3 മുതൽ 3.9 ശതമാനം വരെ അധിക വർദ്ധനയും വരുത്താൻ കോൺട്രാക്ട് അനുസരിച്ച് ഈ കമ്പനികൾക്ക് അനുമതിയുണ്ട്.  ഡിസംബറിലെ കൺസ്യൂമർ പ്രൈസ് ഇൻഡക്സാണ് ഇൻഫ്ളേൻ നിരക്ക് കണക്കാക്കുന്നതിന് ഉപയോഗിക്കുന്നത്.

അധിക നിരക്കുകൾ ഈടാക്കാനുള്ള അവസരം ടെലകോം പ്രൊവൈഡർമാർ പൂർണമായി ഉപയോഗിക്കുന്ന അവസ്ഥയുണ്ടായാൽ ബ്രോഡ്ബാൻഡ്, മൊബൈൽ നിരക്കുകൾ കാര്യമായി ഉയരാൻ സാധ്യതയുണ്ട്. ബ്രോഡ് ബാൻഡ് കസ്റ്റമേഴ്സ്  50 പൗണ്ടോളവും ഉയർന്ന നിരക്കിലുള്ള മൊബൈൽ ഫോൺ കോൺട്രാക്ടിലുള്ള കസ്റ്റമേഴ്സ് 100 പൗണ്ടോളവും ഒരു വർഷം അധികമായി നൽകേണ്ടി വരും.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കു പ്രകാരം ഡിസംബറിലെ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് 10.5 ശതമാനമാണ്. ഇതനുസരിച്ച് ടെലകോം കമ്പനികൾക്ക് പ്രതിമാസ നിരക്കുകൾ 13 മുതൽ 14.4 ശതമാനം വരെയും വർദ്ധിപ്പിക്കാൻ കഴിയും. നിരക്ക് വർദ്ധിപ്പിക്കുന്ന പക്ഷം കമ്പനികൾ കസ്റ്റമേഴ്സിന് 30 ദിവസത്തെ നോട്ടീസ് നൽകണം.
 

Other News