Thursday, 21 November 2024

ബ്രിട്ടണിൽ ചൈൽഡ് കെയർ ചെലവുകൾ കുതിച്ചുയരുന്നു. പ്രൊവൈഡേഴ്‌സ് കടുത്ത ആശങ്കയിൽ

ബ്രിട്ടണിൽ ഉടനീളമുള്ള ചൈൽഡ് കെയർ പ്രോവൈഡേഴ്‌സ് ചെലവുകൾ കുതിച്ചുയരുന്നതുമൂലം കടുത്ത സമ്മർദ്ദത്തിലാണെന്ന് റിപ്പോർട്ട്. നിരക്കുകൾ വർദ്ധിപ്പിക്കുകയും ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും ഫണ്ടിംഗ് സമ്മർദങ്ങളെ നേരിടാൻ ജോലി സമയം കുറയ്ക്കുകയും ചെയ്യുന്നതായി പുതിയ സർവേ ഡാറ്റ സൂചിപ്പിക്കുന്നു. കോറം ഫാമിലി ആൻഡ് ചൈൽഡ് കെയർ (സിഎഫ്‌സി) എന്ന ചാരിറ്റി നടത്തിയ സർവ്വേയിൽ എല്ലാ ലോക്കൽ അഥോറിറ്റികളോടും ചൈൽഡ് കെയർ ചെലവുകളെക്കുറിച്ചും അതിനായി നീക്കി വെച്ചിരിക്കുന്ന ഫണ്ടുകളെ പറ്റിയും   ചോദിച്ചിരുന്നു. പല പ്രോവൈഡേഴ്‌സും  കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ നിരക്ക് ഈടാക്കുന്നുണ്ടെന്നും ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് നിലവിലെ സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടാണെന്നും സർവ്വേയിൽ പങ്കെടുത്ത കൗൺസിലുകളിൽ മുക്കാൽ ഭാഗവും പറഞ്ഞു.

ഈ വർഷം ഫീസ് 10% വർദ്ധിപ്പിക്കേണ്ടി വന്നെന്നും, കൂടാതെ സബ്‌സിഡിയുള്ള ചൈൽഡ് കെയറുകളുടെ എണ്ണം വെട്ടിക്കുറച്ചതായും എസെക്സിൽ നഴ്സറികളുടെ ഒരു ചെറിയ ശൃംഖല നടത്തുന്ന ജോ കാലഗൻ പറഞ്ഞു. മൂന്ന് വയസ്സുള്ള ഒരു കുട്ടിക്ക് വർഷത്തിൽ 38 ആഴ്ചത്തേക്ക് കൗൺസിലിൽ നിന്ന് ലഭിക്കുന്നത് മണിക്കൂറിന് 4.50 പൗണ്ടാണെന്നും, എന്നാൽ പ്രവർത്തനച്ചെലവ് മണിക്കൂറിന് 7.70 പൗണ്ടാണ് എന്നും അവർ പറഞ്ഞു. അവസ്ഥ കൂടുതൽ പരിതാപകരമാണെന്നും, മുമ്പ് ഫീസ് വർദ്ധന വർഷത്തിൽ 1% നും 3% നും ഇടയിലായിരുന്നത് കഴിഞ്ഞ വർഷം 8% ആയി ഉയർത്തേണ്ടി വന്നു. അത് ഈ വർഷത്തോടെ 10% ഉയർത്തുകയല്ലാതെ തുടരാൻ മറ്റ് വഴികളൊന്നും ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.

മാതാപിതാക്കൾക്ക് ചൈൽഡ് കെയർ സർവീസ് താങ്ങാൻ കഴിയുന്നില്ലെങ്കിൽ, ചെറിയ കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസത്തിന്റെ നിർണായക ഭാഗം നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്ന് സിഎഫ്‌സി  മുന്നറിയിപ്പ് നൽകി. ഈ ആഴ്ച ആദ്യ ഹിയറിങ് ആരംഭിക്കുന്ന ചൈൽഡ് കെയർ സിസ്റ്റത്തെക്കുറിച്ചുള്ള പാർലമെന്ററി അന്വേഷണത്തിന് തെളിവ് നൽകുന്നവരിൽ ചാരിറ്റിയും ഉൾപ്പെടുന്നു. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ 205 ലോക്കൽ അഥോറിറ്റികളിൽ 131 പേരും പ്രദേശത്തെ ചൈൽഡ് കെയർ സർവീസിൻ്റെ ചെലവും ലഭ്യതയും സംബന്ധിച്ച സിഎഫ്സി യുടെ വാർഷിക സർവ്വേയിൽ സഹകരിച്ചു. സർവ്വേയുടെ പൂർണ്ണ രൂപം മാർച്ചിൽ പ്രസിദ്ധീകരിക്കും.
ഇംഗ്ലണ്ടിലെ ചില പാർലമെന്റ് മണ്ഡലങ്ങളിൽ, അഞ്ച് വയസ്സിന് താഴെയുള്ള 100 കുട്ടികൾക്ക് ലഭ്യമായ ചൈൽഡ് കെയർ സർവീസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

പ്രീ-സ്‌കൂൾ കുട്ടികളുടെ ഇടയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മികച്ച പരിശീലനം ലഭ്യമാക്കാൻ ദശലക്ഷക്കണക്കിന് പൗണ്ട് വകയിരുത്തിയിട്ടുണ്ടെന്നും, ഇംഗ്ലണ്ടിലെ ചൈൽഡ് കെയർ പ്രോവൈഡേഴ്‌സിൻ്റെ ബിസിനസ്സ് കൂടുതൽ മെച്ചമാക്കുന്നതിന് സഹായികരമായ മറ്റു പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഷാഡോ എഡ്യുക്കേഷൻ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്‌സൺ പറഞ്ഞു. ചൈൽഡ് കെയർ പ്രോവൈഡേഴ്‌സിൻ്റെ ചെലവും ബ്യൂറോക്രസിയും വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഗവൺമെൻ്റ് അറിയിച്ചു. ചൈൽഡ് കെയർ സിസ്റ്റത്തിന്റെ പരിഷ്കരണത്തിന് മുൻഗണന നൽകുന്നതിന് മന്ത്രിമാർ പ്രതിപക്ഷ പാർട്ടികളുടെയും നിരവധി കൺസർവേറ്റീവ് എംപിമാരുടെയും സമ്മർദ്ദം നേരിടുന്നുണ്ട്.

Other News