Thursday, 19 September 2024

യുകെയിലെ നാലിലൊന്ന് കുടുംബങ്ങളും അവശ്യവസ്തുക്കൾ വാങ്ങാൻ പണമില്ലാതെ വലയുന്നതായി സർവ്വേ റിപ്പോർട്ട്

യുകെയിലെ നാലിലൊന്ന് കുടുംബങ്ങളും അവശ്യവസ്തുക്കൾ വാങ്ങാൻ പണമില്ലാതെ വലയുന്നതായും, 40% ആളുകൾക്കും മാസാവസാനത്തോടെ കൈവശം പണമില്ലാത്ത അവസ്ഥയുള്ളതായും പുതിയ സർവ്വേ റിപ്പോർട്ടുകൾ പറയുന്നു. യുകെ ഗവൺമെൻ്റ് ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ വേണ്ട നടപടികൾ  സ്വീകരിക്കുന്നില്ലെന്ന് സർവ്വേയിൽ പങ്കെടുത്ത 67% ആളുകളും അഭിപ്രായം രേഖപ്പെടുത്തിയതായി സർവ്വേ സംഘടിപ്പിച്ച ചാരിറ്റികൾ അറിയിച്ചു. സേവ് ദ ചിൽഡ്രൻ, ഷെൽട്ടർ, ടേൺ2അസ്, ലിറ്റിൽ വില്ലേജ്, 38 ഡിഗ്രീസ് എന്നിവ അംഗങ്ങളായ ടുഗദർ ത്രൂ ദിസ് ക്രൈസിസിൻ്റെ നേതൃത്വത്തിലുള്ള പഠനത്തിൽ കുതിച്ചുയരുന്ന എനർജി ബില്ലുകളും ഇൻഫ്ലേഷൻ്റെ രണ്ടക്ക നിരക്കിലുള്ള സ്ഥിരമായ വർദ്ധനയും യുകെ കുടുംബങ്ങളെ ബാധിച്ചതായും സർവ്വേയിൽ പങ്കെടുത്തവരുടെ വോട്ടിൽ ഇത് പ്രതിഫലിച്ചതായും കണ്ടെത്തി.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2020 ലെ നിരക്കിൽ തുടരുന്ന ഹൗസിംഗ് ബെനിഫിറ്റ്സ് ഇല്ലാതാക്കാൻ മന്ത്രിമാർ തീരുമാനിച്ചത് വഴി, അപ്രതീക്ഷിതമായ 850 പൗണ്ട് അധിക ബിൽ താങ്ങാൻ വാടകക്കാരിൽ പകുതിയിലധികം പേർക്കും കഴിയില്ല. ക്യാൻസർ രോഗികൾ സ്വത്തുക്കൾ വിൽക്കാനും ലൈസൻസ് ഇല്ലാത്ത ലോൺ സങ്കേതങ്ങളെ ആശ്രയിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമം നടത്തുന്നതായി മാക്മില്ലൻ കാൻസർ സപ്പോർട്ട് പ്രത്യേകം മുന്നറിയിപ്പ് നൽകി. ഹൃദയഭേദകം എന്ന് വിശേഷിപ്പിച്ച കണ്ടെത്തലുകളിൽ, മൂന്നിലൊന്ന് രോഗികളും കുറച്ച് മാത്രം ഭക്ഷണമാണ് വാങ്ങുകയും കഴിക്കുകയും ചെയ്യുന്നതെന്നും, 22% പേരും തണുപ്പ് കുറയ്ക്കാൻ ബെഡിൽ തന്നെ കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടെന്നും ഫിനാൻഷ്യൽ ഇഷ്യൂസ് സംബന്ധിച്ച സഹായത്തിനുള്ള ഹെൽപ് ലൈൻ കോളുകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്നും ചാരിറ്റി പറഞ്ഞു. ടുഗെദർ ത്രൂ ദിസ് ക്രൈസിസ് നടത്തിയ സർവേ പ്രകാരം, യുകെയിലെ ഏറ്റവും സമ്പന്നരായ 10 നിയോജക മണ്ഡലങ്ങളിൽ പോലും, 19% ആളുകൾക്കും മിക്ക മാസാന്ത്യങ്ങളിലും ഭക്ഷണത്തിനോ ബില്ലുകൾക്കോ ക്യാഷ് തികയാതെ വരുന്നുണ്ട്.

മേശപ്പുറത്ത് ഭക്ഷണം വയ്ക്കാനില്ലാത്തതും കുട്ടികൾക്കു വേണ്ടി പോലും വിൻ്ററിൽ റൂം ഹീറ്റർ ഉപയോഗിക്കാൻ ക്യാഷില്ലാതെ വലയുന്ന കുടുംബങ്ങൾ യുകെയിൽ സാധാരണമായി മാറുന്ന കാഴ്ചയാണ് നിലവിലുള്ളതെന്ന് 38 ഡിഗ്രീസ് ചാരിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് മാത്യു മക്ഗ്രെഗർ പറഞ്ഞു. പ്രധാനമന്ത്രി ഋഷി സുനക്, ചാൻസലർ ജെറമി ഹണ്ട് എന്നിവർക്ക് അയച്ച ഒരു തുറന്ന കത്തിൽ, രാജ്യത്ത് ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകാതെ തടയുമെന്ന് ഉറപ്പാക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ചാരിറ്റി ഉന്നയിച്ച അഭ്യർത്ഥനകളിൽ എനർജി ബിൽ സപ്പോർട്ട് തുടരുക; യൂണിവേഴ്സൽ ക്രെഡിറ്റ് അല്ലെങ്കിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന കുടുംബങ്ങൾക്ക് മുൻഗണന നൽകുക; ലണ്ടൻ മേയർ സാദിഖ് ഖാൻ തിങ്കളാഴ്ച പ്രഖ്യാപിച്ച തലസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകളിലും സൗജന്യ ഭക്ഷണം എന്നത് എല്ലാ കുട്ടികൾക്കുമായി വിപുലീകരിക്കുക എന്നിവ ഉൾപ്പെടുന്നു.

ഈ വർഷവും അടുത്ത വർഷവും ഗവൺമെൻ്റ് കാര്യമായ പിന്തുണ നൽകുമെന്ന് ഒരു ട്രഷറി വക്താവ് പറഞ്ഞു. ഒരു കുടുംബത്തിന് ശരാശരി £3,500 സപ്പോർട്ടാണ് ലഭിക്കുക. ഈ വർഷം പണപ്പെരുപ്പം പകുതിയായി കുറയ്ക്കാനും എല്ലാവരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന ദീർഘകാല വളർച്ചയ്ക്ക് അടിത്തറയിടാനും പദ്ധതിയിട്ടുകൊണ്ട് ഇൻഫ്ലേഷൻ നേരിടുകയാണ് ഈ ഗവൺമെൻ്റിൻ്റെ പ്രഥമ പരിഗണനയെന്നും ട്രഷറി വക്താവ് സൂചിപ്പിച്ചു.
 

Other News