Saturday, 23 November 2024

ഇന്ത്യൻ ആധാർ കാർഡ്  മാതൃകയിൽ ബ്രിട്ടീഷ് പൗരന്മാർക്കും ഡിജിറ്റൽ ഐഡി നൽകണമെന്ന നിർദേശവുമായി മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറും കൺസർവേറ്റീവ് പാർട്ടി ലീഡർ ലോർഡ് ഹേഗും

ബ്രിട്ടനിലെ എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ഐഡി പുറത്തിറക്കണമെന്ന നിർദേശവുമായി മുൻ പ്രധാന മന്ത്രി ടോണി ബ്ലെയറും കൺസർവേറ്റീവ് പാർട്ടി  നേതാവായ ലോർഡ് ഹേഗും രംഗത്തെത്തി. ലേബർ പാർട്ടി നേതാവായ ടോണി ബ്ലെയറും കൺസർവേറ്റീവ് പാർട്ടിയുടെ ലോർഡ് ഹേഗും പാർട്ടി ഭിന്നതകൾ മാറ്റിവെച്ചാണ് ഡിജിറ്റൽ ഐഡിയ്ക്ക് വേണ്ടി അഹ്വാനം ചെയ്തിരിക്കുന്നത്. ടെക്നോളജി വികസിക്കുന്നതിനെ മുൻനിർത്തി സ്റ്റേറ്റിൻ്റെ രൂപകൽപ്പനയിൽ അടിസ്ഥാനപരമായ പുനർനിർമ്മാണം ആവശ്യമുണ്ടെന്ന് അവർ ഗവൺമെൻ്റിനെ അറിയിച്ചു. ഒരു മൊബൈൽ ഫോണിൽ സൂക്ഷിക്കാൻ കഴിയുന്ന പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ടാക്സ് റെക്കോർഡുകൾ, യോഗ്യതകൾ, ജോലി ചെയ്യാനുള്ള അവകാശം തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുതിയ ഐഡി ആണ് പ്ലാനിൽ ഉള്ളത്.

പുതിയ ടെക്നോളജി റെവലൂഷ്യനുമായി പൊരുത്തപ്പെടാനുള്ള വെല്ലുവിളി നേരിടാൻ പാർട്ടി ഭിന്നതകൾ ഒരു വശത്ത് മാറ്റി നിർത്തുകയാണെന്ന് മുൻ രാഷ്ട്രീയ എതിരാളികൾ പറഞ്ഞു. ലോർഡ് ഹേഗ് കൺസർവേറ്റീവ് പാർട്ടിയെ നയിച്ചപ്പോൾ സർ ടോണി ആയിരുന്നു ലേബർ പ്രധാനമന്ത്രി.  നിലവിലെ ഈ വെല്ലുവിളി അടിയന്തിരപ്രാധാന്യം ഉള്ളതാണെന്നും, അവസരങ്ങൾ വളരെ വലുതും ആവേശകരവുമാണെന്നും തങ്ങൾ രണ്ടുപേരും വിശ്വസിക്കുന്നു എന്നും രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം ദേശീയ ലക്ഷ്യത്തിന്റെ ഒരു പുതിയ ബോധം ആവശ്യമാണെന്നും ടോണി ബ്ലെയർ -  ലോർഡ് ഹേഗ് ജോഡി ടൈംസിന് വേണ്ടി തയ്യാറാക്കിയ സംയുക്ത ലേഖനത്തിൽ എഴുതി.

പുതിയ യുഗത്തിനാവശ്യമായ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ടാക്സ് മാർജിനെയും ഫണ്ട് ചെലവഴിക്കുന്നതിനെയും ചൊല്ലിയുള്ള പോരാട്ടത്തിലാണ് പാർട്ടി നേതാക്കൾ എന്നും അവർ കുറ്റപ്പെടുത്തി. ഓരോ പൗരനും ഡിജിറ്റൽ ഐഡി ഡാറ്റ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു നാഷണൽ ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ വഴി പരിചരണം മെച്ചപ്പെടുത്തുകയും ചെലവ് കുറയ്ക്കുകയും ചെയ്യുന്ന സംവിധാനം, സൂപ്പർകമ്പ്യൂട്ടിംഗ് കഴിവുകൾ ഉപയോഗിച്ചുള്ള AI സംവിധാനങ്ങൾ എന്നിവയുൾപ്പെടെ വൈറ്റ്‌ഹാളിനെ കുലുക്കാൻ പോന്ന നിർദ്ദേശങ്ങളാണ് അവർ മുന്നോട്ട് വെയ്ക്കുന്നത്.

ഓൺലൈൻ അപകടങ്ങളെക്കുറിച്ചുള്ള നിരവധി ആളുകളുടെ ആശങ്കകളെ  മറികടക്കാൻ ടെക്നോളജി വഴി സാധിക്കുമെന്നും ബിബിസി റേഡിയോ 4 മായുള്ള  സംഭാഷണത്തിൽ ടോണി ബ്ലെയർ അഭിപ്രായപ്പെട്ടു. ഇന്ന് ഡിജിറ്റൽ ഐഡി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ബയോമെട്രിക് ടെക്നോളജി ഉപയോഗിച്ച് ഈ പ്രശ്‌നങ്ങളിൽ പലതും മറികടക്കാൻ കഴിയും. ലോകം ആ ദിശയിലേക്ക് നീങ്ങുകയാണ്, ഇസ്റ്റോണിയ പോലെ ചെറുതും ഇന്ത്യയോളം വലിയതുമായ രാജ്യങ്ങൾ ആ ദിശയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

•സയൻസ് ആൻഡ് ടെക്നോളജിയോടുള്ള വൈറ്റ്ഹാളിന്റെ സമീപനത്തിൽ മാറ്റം വരുത്താൻ പാർലമെന്റിന് പുറത്ത് നിന്ന് എക്സിക്യൂട്ടീവ് മന്ത്രിമാരെ നിയമിക്കുക.

•സയൻസ് ആൻഡ് ടെക്നോളജിയിലുള്ള ഇൻവെസ്റ്റ്മെൻ്റ് കൈകാര്യം ചെയ്യുന്നതിനുള്ള ട്രഷറിയുടെ അധികാരം പരിമിതപ്പെടുത്തുക.

•സ്‌കൂളുകളിലെ അധ്യാപകരെ സഹായിക്കാനും വിദ്യാർത്ഥികൾക്ക് വീടുകളിൽ വ്യക്തിഗത പിന്തുണ നൽകാനും AI ഉപയോഗിക്കുക.

•യുകെ സ്റ്റാർട്ടപ്പുകളിൽ പെൻഷൻ ഫണ്ട് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് നികുതി ഇളവുകൾ വാഗ്ദാനം ചെയ്യുക.

തുടങ്ങിയവ ടോണി- ഹേഗ് ജോഡി തയ്യാറാക്കിയ 40- ലധികം നിർദ്ദേശങ്ങളുള്ള റിപ്പോർട്ടിൽ ഉൾപ്പെടുന്നു.

Other News