Monday, 23 December 2024

ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാത്ത ബസ് സർവീസ് സ്‌കോട്ട്‌ലൻഡിൽ

സാധാരണ ബസിൻ്റെ പൂർണ്ണ വലിപ്പം തന്നെയുള്ള സെൽഫ് ഡ്രൈവിംഗ് ബസ് സർവീസുകൾ അടുത്ത മാസം സ്കോട്ട്ലൻഡിൽ ആരംഭിക്കും. ഇത് ലോകത്തിലെ തന്നെ ആദ്യത്തെ ഡ്രൈവറില്ലാത്ത ബസ് സർവീസ് ആയിരിക്കുമെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫോർത്ത് റോഡ് പാലത്തിന് മുകളിലൂടെയുള്ള റൂട്ട് മെയ് 15 ന് ആരംഭിക്കുമെന്ന് സ്റ്റേജ്കോച്ച് പറഞ്ഞു. 14 മൈൽ ദൈർഘ്യമുള്ള റൂട്ട് ഫെറിടോൾ പാർക്കിനും ഫൈഫ് ആൻഡ് എഡിൻബർഗ് പാർക്കിലെ ട്രെയിനിൻ്റെയും ട്രാമിൻ്റെയും ഇന്റർചേഞ്ചിനും ഇടയിൽ ആയിരിക്കും. അഞ്ച് സിംഗിൾ ഡക്കർ ഓട്ടോണമസ് ബസുകൾക്ക് ആഴ്ചയിൽ 10,000 യാത്രക്കാർക്കുള്ള ശേഷിയുണ്ടാകും. മുൻകൂട്ടി നിശ്ചയിച്ച റോഡുകളിൽ 50 മൈൽ വേഗതയിൽ സഞ്ചരിക്കാൻ വാഹനങ്ങൾക്ക് സെൻസറുകൾ ഉണ്ട്. ബസിൽ രണ്ട് ജീവനക്കാരുണ്ടാകും, ടെക്നോളജി നിരീക്ഷിക്കാൻ ഒരു സേഫ്റ്റി ഡ്രൈവർ ഡ്രൈവറുടെ സീറ്റിലും, കൂടാതെ കയറുന്നതിനും ടിക്കറ്റ് വാങ്ങുന്നതിനും അന്വേഷണങ്ങൾക്കും മറ്റും യാത്രക്കാരെ സഹായിക്കാൻ ഒരു ബസ് ക്യാപ്റ്റനും.

പ്രോജക്ട് കാവ്ഫോർത്ത്, പൂർണ്ണ വലിപ്പമുള്ള ലോകത്തിലെ ആദ്യത്തെ സെൽഫ് ഡ്രൈവിംഗ് പബ്ലിക് ബസ് സർവീസായിരിക്കുമെന്ന് യുകെ ഗവൺമെൻ്റ് പറഞ്ഞു. പുതുമയുള്ള പ്രോജക്ട് കാവ്ഫോർത്ത്, സ്കോട്ടിഷ് ചരിത്രത്തിലെ ഒരു ആവേശകരമായ നാഴികക്കല്ലാണെന്നും അടുത്ത മാസം പ്രോജക്റ്റ് റോഡുകളിലെത്തുന്നത് കാണാൻ താൻ വളരെയധികം ആഗ്രഹിക്കുന്നതായും സ്കോട്ടിഷ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് പറഞ്ഞു. ആഗോളതലത്തിൽ പ്രാധാന്യമുള്ള പ്രോജക്റ്റ് സ്കോട്ട്ലൻഡിന് ലോകശ്രദ്ധ നേടാൻ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുകെയുടെ ആദ്യത്തെ സെൽഫ് ഡ്രൈവിംഗ് ബസ് ഫ്ലീറ്റ് ഈസ്റ്റേൺ സ്കോട്ട്‌ലൻഡിൽ അവതരിപ്പിക്കുന്നതിൽ സന്തുഷ്ടരാണെന്ന് സ്റ്റേജ്‌കോച്ച് യുകെ മാനേജിംഗ് ഡയറക്ടർ കാർല സ്റ്റോക്ക്‌ടൺ-ജോൺസ് അറിയിച്ചു. 40 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച തങ്ങളുടെ ആസ്ഥാനമാണതെന്നും അവർ പറഞ്ഞു. പബ്ലിക് ട്രാൻസ്പോർട്ടിൻ്റെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ഈ പദ്ധതിയിലൂടെ ഗതാഗത നവീകരണത്തിന്റെ മുൻനിരയിൽ എത്തിയതിൽ അഭിമാനമുണ്ടെന്നും കാർല സ്റ്റോക്ക്‌ടൺ-ജോൺസ് കൂട്ടിച്ചേർത്തു.
 

Other News