Sunday, 06 October 2024

കാർ മെക്കാനിക്കിന്റെ അക്കൗണ്ടിൽ എത്തിയത് 193,000 പൗണ്ട്. പണമിട്ടത് ഒരു പെൻഷനറുടെ സോളിസിറ്റർ.

വെള്ളിയാഴ്ച ജോലി സ്ഥലത്തായിരുന്ന സമയത്താണ് കാർ മെക്കാനിക്കായ ടിംഗ്രേ തന്റെ ബാങ്ക് അക്കൗണ്ട് ചെക്ക് ചെയ്തത്. ബാലൻസ് തുക കണ്ട് ടിം ശരിക്കും അത്ഭുത സ്തബ്ധനായിപ്പോയി. തന്റെ അക്കൗണ്ടിൽ 193,000 പൗണ്ട് വന്നു ചേർന്നിരിക്കുന്നു. ഇതെങ്ങനെയാണ് ഇത്രയും വലിയ തുക തനിക്ക് ലഭിച്ചതെന്ന് ടിംമിന് മനസിലായില്ല. ടിംമിന്റെ ഗ്രാൻഡ് മദർ മൂന്നു വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. അവരുടെ സ്വത്തുക്കളുടെ വിഹിതം പങ്കുവയ്ക്കൽ നടത്തിയ സോളിസിറ്റർ നല്കിയതാണെന്നാണ് ടിം ഊഹിച്ചത്. കാരണം പണമിട്ടിരിക്കുന്നത് സോളിസിറ്റർ കമ്പനിയാണ് എന്നതിനാൽ അങ്ങനെ വിശ്വസിക്കാൻ കാരണവുമായി.


അപ്രതീക്ഷിതമായി വന്ന വൻ തുകയിൽ കുറച്ച് പ്രീമിയം ബോണ്ടിൽ നിക്ഷേപിക്കാൻ ടിം പദ്ധതിയിട്ടു. പണം വന്നത് ഒരു പെൻഷനറുടെ സമ്പാദ്യത്തിൽ നിന്നായിരുന്നു. കേംബ്രിഡ്ജ് കാരനായ പീറ്റർ ടെക്കിന്റെ ഫാമിലി ഇൻഹെരിറ്റൻസായ 193,000 പൗണ്ട് അക്കൗണ്ടിൽ ഇടാൻ സോളിസിറ്ററെ ഏൽപ്പിച്ചതാണ്. അക്കൗണ്ട് നമ്പരും സോർട്ട് കോഡും നല്കി. എന്നാൽ സോർട്ട് കോഡിൽ ചെറിയൊരു തെറ്റുപറ്റി. ഇട്ട പണം അങ്ങനെയാണ് ടിംമിന്റെ അക്കൗണ്ടിൽ എത്തിയത്.

പിന്നീട് നടന്നതൊക്കെ ഒരു നീണ്ട കഥയായി മാറി. ടിം തന്റെ ക്രെഡിറ്റ് കാർഡിലെ തുക അടച്ചു തീർത്തു. പിന്നെ ബാക്കി 155,000 പൗണ്ടോളം ഉണ്ടായിരുന്നു. ഇതിനിടെ ടിംമിന്റെ അക്കൗണ്ടുള്ള ബാർ ക്ലേയ്സ് ബാങ്കിൽ നിന്നറിയിപ്പു വന്നു. അത് മറ്റൊരാളുടെ പണമാണെന്ന്. ഉള്ള തുക തിരിച്ചു കൊടുക്കാൻ ബാങ്കിനോട് ടിം ആവശ്യപ്പെട്ടു. എന്നാൽ മുഴുവൻ പണവുമില്ലാത്തതിനാൽ ബാങ്ക് അതിന് തയ്യാറായില്ല. അക്കൗണ്ട് മരവിപ്പിക്കാനുള്ള നിർദ്ദേശം ടിം സ്വീകരിച്ചില്ല. പകരം ഉള്ള പണത്തിൽ നിന്ന് 150,000 പൗണ്ട് പ്രീമിയം ബോണ്ടിലേയ്ക്ക് മാറ്റി. പ്രീമിയം ബോണ്ട് അടിച്ചാൽ ചെലവാക്കിയ തുക തിരികെ കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ. എന്നാൽ ഭാഗ്യമൊന്നും ടിംമിനെ കടാക്ഷിച്ചില്ല.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാവിലെ ഡോറിൽ ആരോ മുട്ടുന്നതായി കേട്ടു. തുറന്നു നോക്കിയപ്പോൾ കോർട്ട് സമൻസുമായി ഡെബ്റ്റ് റിക്കവറിക്കാർ നില്ക്കുന്നു. ലണ്ടനിലെ കോടതിയിൽ ഹാജരായ ടിംമിനോട് പണം തിരികെ നല്കാൻ കോടതി നിർദ്ദേശിച്ചു. പ്രീമിയം ബോണ്ടുകളിലെ തുക പിൻവലിച്ച് അതും തികയാത്തതിനാൽ വീണ്ടും ക്രെഡിറ്റിൽ പണമെടുത്ത് ടിം 193,000 പൗണ്ടും തിരിച്ചു നല്കി.

Other News