Monday, 25 November 2024

യൂറോപ്പിലെ ആദ്യ കൊറോണ വൈറസ് മരണം ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തു. ചൈനയിലെ ഹുബെ പ്രവിശ്യയില്‍ നിന്നുള്ള 80 കാരനാണ് മരണപ്പെട്ടതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി. 

കൊറോണ വൈറസ് ബാധിച്ച് ഒരു ചൈനീസ് ടൂറിസ്റ്റ് ഫ്രാന്‍സില്‍ മരിച്ചു. ഏഷ്യയ്ക്ക് പുറത്തുള്ള ആദ്യ കൊറോണ മരണമാണിത്. ചൈനയിലെ ഹുബെ പ്രവിശ്യയില്‍ നിന്നുള്ള 80 കാരനാണ് മരണപ്പെട്ടതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി അഗ്‌നസ് ബുസിന്‍ വ്യക്തമാക്കി. ജനുവരി 16 ന് ഫ്രാന്‍സിലെത്തിയ ഇയാളെ രോഗബാധയെ തുടർന്ന് ജനുവരി 25 നാണ് പാരീസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ച ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്.

ചൈനയ്ക്ക് പുറത്ത് ഹോങ്കോംഗ്, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ മൂന്ന് മരണങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട്ചെ യ്യപ്പെട്ടിട്ടുള്ളൂ. എന്നിരുന്നാലും, ചൈനയ്ക്കുള്ളില്‍ 1,500 ല്‍ അധികം ആളുകള്‍ ഇതുവരെ മരിച്ചു. ഇതിൽ കൂടുതലും രോഗം ആദ്യം പ്രത്യക്ഷപ്പെട്ട ഹുബെയില്‍ നിന്നാണ്.
 
ചൈനയ്ക്ക് പുറത്ത് 24 രാജ്യങ്ങളിലായി അഞ്ഞൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജപ്പാനീസ് തുറമുഖത്ത് ക്വാരൻ്റീനിലുള്ള ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലില്‍ കുടുങ്ങിയ അമേരിക്കക്കാരെ ഒഴിപ്പിക്കാന്‍ ജപ്പാനിലേക്ക് വിമാനം അയയ്ക്കുകയാണെന്ന് നേരത്തെ യുഎസ് വ്യക്തമാക്കിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന 3,700 പേരില്‍ 218 പേര്‍ക്ക് വൈറസ് ബാധയുണ്ട്. തങ്ങളുടെ പൗരന്മാരെ കപ്പലില്‍ നിന്ന് നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ഓസ്‌ട്രേലിയയും അറിയിച്ചു.

വൈറസ് ബാധയ്ക്ക് തുടക്കം കുറിച്ച ചൈനയില്‍ ഇത് പടരുന്നത് പൊതുവെ നിയന്ത്രണത്തിലാണ് എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ശനിയാഴ്ച പറഞ്ഞു. തുടര്‍ച്ചയായി 11 ദിവസമായി പുതിയ അണുബാധകളുടെ എണ്ണം കുറഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. സുഖം പ്രാപിച്ച ആളുകളുടെ എണ്ണത്തിലും അതിവേഗം വര്‍ധനയുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

Other News