Monday, 23 December 2024

കരുതലോടെ ലോകം. കൊറോണയെ നേരിടാൻ ഇറ്റലിയിൽ 11 ടൗണുകൾ ലോക്ക് ഡൗണിൽ. ഇറാനിലും കടുത്ത യാത്രാ നിയന്ത്രണം. സൗത്ത് കൊറിയയിൽ റെഡ് അലർട്ട്.

കൊറോണ വൈറസിൻ്റെ വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഉദ്ദേശിച്ച ഫലം നൽകാത്തതിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ ഇൻഫെക്ഷൻ അതിവേഗം പടരുന്നത് തടയാൻ ഊർജ്ജിത നടപടികൾ ആരംഭിച്ചു. ഇറ്റലിയിലും ഇറാനിലും കടുത്ത യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. സൗത്ത് കൊറിയയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമൂഹം ഫലപ്രദമായ രീതിയിൽ വൈറസിനെ പ്രതിരോധിക്കാൻ മുന്നോട്ട് വരണമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡനോം ഗെബ്രേഷ്യസ് ആവശ്യപ്പെട്ടു.

ലോക വ്യാപകമായി 78,000 കോവിഡ് - 19 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2400 ലേറെപ്പേർ മരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ഇൻഫെക്ഷൻ അതിൻ്റെ നിർണായ ഘട്ടത്തിലേയ്ക്ക് അടുക്കുകയാണെന്ന് വിദഗ്ദർ കരുതുന്നു. എത്രയും പെട്ടെന്ന് തന്നെ ഇത് നിയന്ത്രണ വിധേയമാക്കാൻ കഴിയാത്ത പക്ഷം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്ന ആശങ്കയും ഇവർ പ്രകടിപ്പിച്ചു.

ഇറ്റലിയുടെ വടക്കുള്ള 11 ടൗണുകളിൽ വെള്ളിയാഴ്ച മുതൽ 50,000 പേർ ലോക്ക് ഡൗണിലാണ്. ഇവിടുത്തെ സ്ട്രീറ്റുകളിൽ പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. അനുമതിയില്ലാതെ പുറത്തു പോകുന്നവർക്ക് ഫൈനും നൽകുന്നുണ്ട്. ഇറാനിലെ 14 പ്രൊവിൻസുകളിൽ സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ മുൻകരുതൽ നടപടിയുടെ ഭാഗമായി അടച്ചിരിക്കുകയാണ്. ഇറ്റലിയിൽ രണ്ടു പേരും ഇറാനിൽ 8 പേരും രോഗം മൂലം മരിച്ചിട്ടുണ്ട്.

സൗത്ത് കൊറിയയിൽ വൈറസ് മൂലം അഞ്ചു പേർ മരിച്ചതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ 556 ഇൻഫെക്ഷനും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടണിൽ ഇതുവരെ 13 കൊറോണ കേസുകൾ ഉണ്ടായിട്ടുണ്ട്. ഇറ്റലിയിലെ കൊറോണ ഇൻഫെക്ഷൻ്റെ എണ്ണത്തിലുള്ള വർദ്ധന യൂറോപ്പിലാകമാനം ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
 

Other News